പോത്തന്‍കോട് (തിരുവനന്തപുരം): മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷവും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നട്ടം തിരിയുമ്പോള്‍ എല്ലാ ജനങ്ങളും ഇഷ്ടപ്പെടുന്ന രീതിയില്‍ മാനസിക ഉല്ലാസത്തിന്റെ വേദികള്‍ ഉണ്ടാവണമെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്.
ആത്മാനന്ദാനുഭൂതി പകര്‍ന്ന് നല്കുന്ന ഗുരുസന്നിധിയില്‍ പരിമിതിയും പരിധിയും ജാതിമത വ്യത്യാസങ്ങളും നിരോധനങ്ങളുമില്ലാതെ എല്ലാവരും ഒരുമിച്ചുകൂടി സന്തോഷിക്കുന്ന ഇടമായി ശാന്തിഗിരി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരിയില്‍ വെര്‍ച്വല്‍ ക്യൂവിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് ജനങ്ങളില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെയും നവോത്ഥാനത്തിന്റെയും ഉദാത്തമായ മംഗളമുഹുര്ത്തങ്ങള് ജനിക്കുന്നത്. അറിയാനും ആനന്ദിക്കാനും വിവേകവും വിജ്ഞാനവും പകരാനുമുളള മഹദ് സംരംഭമാണ് ശാന്തിഗിരി ഫെസ്റ്റെന്നും അതു ഗുരു എന്ന സത്യത്തിലേക്കുളള വാതില്‍ തുറക്കലാണെന്നും അദ്ദേഹം പറഞ്ഞു.
ഹാപ്പിനസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ സ്വാമി മനുചിത്ത് ജ്ഞാന തപസ്വി അധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ എം. ബാലമുരളി, പ്രശസ്ത ശില്പി സിദ്ധന്, വിജയകുമാര്‍ പളളിപ്പുറം, പി.വി. മുരളികൃഷ്ണന്, എം.എ. ഷുക്കൂര്‍, രാജീവ് പി., എം.പി. പ്രമോദ്, സജീവന് ഇ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: