ഇടുക്കി: അടിമാലിയില്‍ കഞ്ചാവ് ബീഡി കത്തിക്കാന്‍ എക്സൈസ് ഓഫീസില്‍ കയറി തീ ചോദിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ കഞ്ചാവ് സഹിതമാണ് എക്സൈസ് പിടികൂടിയത്. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. തുടര്‍ന്ന് ബീഡി കത്തിക്കുന്നതിനായി ഇടുക്കി അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഓഫീസിലേക്ക് തീ ചോദിച്ച് കയറിച്ചെല്ലുകയായിരുന്നു. ഇവരില്‍ ഒരാളില്‍ നിന്ന് 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 2 പേര്‍ക്കെതിരെയും കേസെടുത്തു. ശേഷം രണ്ട് പേരെയും അധ്യാപകര്‍ക്കൊപ്പം വിട്ടയച്ചു.
കേസില്‍ പിടിച്ച വാഹനങ്ങള്‍ എക്സൈസ് ഓഫീസിന്റെ പിറക് വശത്തിട്ടിരുന്നു. ഇത് കണ്ട് വര്‍ക്ക് ഷോപ്പാണെന്ന് തെറ്റിധരിച്ചാണ് കുട്ടികള്‍ എക്സൈസ് ഓഫീസില്‍ കയറിയത്. യൂണിഫോമിട്ടവരെ കണ്ടതോടെ കുട്ടികള്‍ തിരിഞ്ഞോടിയെങ്കിലും പിടികൂടുകയായിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: