Alappuzha

ദുരനുഭവങ്ങളെക്കുറിച്ച് പരാതി നല്‍കാന്‍ പെണ്‍കുട്ടികള്‍ക്ക് ‘ബേട്ടി പെട്ടി’

Published by

ആലപ്പുഴ : വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ നിയമ സേവന അതോറിറ്റിയുടെ സഹകരണത്തോടെയാണ് ‘ബേട്ടി പെട്ടി’പദ്ധതി ആരംഭിച്ചത്.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ എഴുതി പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം. ഇത് പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. പരാതി രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ബേട്ടി പെട്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിയമ സേവന അതോറിറ്റി സീനിയര്‍ സിവില്‍ ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രഥമാധ്യാപിക ഫാന്‍ സി.വി. അധ്യക്ഷത വഹിച്ചു. സ്പഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സീമ. എസ് ബോധവല്‍ക്കരണ ക്ളാസ് നയിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ സുനീഷ. എസ്, സിജോയ് തോമസ്, അധ്യാപിക നിഷ, ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബി.ബിന്ദു ഭായ്, ഷെബ്നാ ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക