ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ഗഗന്‍ഗിര്‍ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ദ് റെസിഡന്റ്സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു.
ശ്രീനഗറുകാരനായ ടിആര്‍എഫ് ഭീകരന് ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് സൂത്രധാരനെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനം തകര്‍ക്കുകയും തൊഴിലാളികളില്‍ ഭീതി സൃഷ്ടിക്കുകയുമാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗര്‍-ലേ ദേശീയപാതയില്‍ തുരങ്ക നിര്‍മാണം നടക്കുന്നിടത്തുണ്ടായ വെടിവയ്പില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഭീകരര്‍ തൊഴിലാളികള്‍ക്കു നേരേ വെടിയുതിര്‍ത്തത്.
കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഷെയ്ഖ് സജ്ജാദിന്റെ കൂട്ടാളികളായ മൂന്നു പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള സൈഫുള്ള സാജിദ്, സലീം റഹ്മാനി, കശ്മീര്‍ സ്വദേശി ബാസിത് അഹമ്മദ് എന്നിവരെക്കുറിച്ചു വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് നേരത്തേ അറിയിച്ചിരുന്നു.
ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ അപലപിച്ചു. ഭീകരര്‍ക്കു സുരക്ഷാസേന ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: