ന്യൂദൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ദ് സിങ് പുന്നൂൻ. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്നാണ് യാത്രക്കാർക്ക് പുന്നൂൻ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ഭീഷണി ഉയർത്തിയിരുന്നു.
സിഖ് വംശഹത്യയുടെ 40-ാം വാർഷികം സമയമായതിനാൽ ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം ഉണ്ടായേക്കാമെന്ന് കാനഡയിലും യുഎസിലും ഇരട്ട പൗരത്വമുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ ഗുർപത്വന്ദ് സിങ് പുന്നൂൻ അവകാശപ്പെട്ടു. ഒരാഴ്ചയ്‌ക്കിടെ ഇന്ത്യയിലെ നൂറോളം വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടായ സാഹചര്യത്തിൽ പന്നുവിന്റെ ഭീഷണിയും ജാഗ്രതയോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് 2020 ജൂലൈയിൽ പന്നുവിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. അമേരിക്കയിലുള്ള പന്നുവിനെതിരെ കേന്ദ്രം അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. സ്വതന്ത്ര സിഖ് രാഷ്‌ട്രത്തിനായി വാദിച്ചു കൊണ്ട് ഖലിസ്ഥാൻ ആശയത്തിനു പ്രോത്സാഹനം നൽകുന്ന പന്നു ഖലിസ്ഥാൻ വിഘടനവാദത്തിന്റെ വക്താവായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: