ന്യൂദൽഹി: രാജ്യത്ത് തീവ്രവാദത്തിനും നുഴഞ്ഞുകയറ്റത്തിനും മത സംഘർഷം സൃഷ്ടിക്കുന്നതിനുമായി നടക്കുന്ന ഗൂഢാലോചനകൾക്കെതിരെ പോരാട്ടം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ദൽഹിയിൽ നടന്ന ചടങ്ങിലാണ് ഷാ ഇക്കാര്യം പറഞ്ഞത്.
രക്തസാക്ഷികളാകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗം വെറുതെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജമ്മു കശ്മീർ, വടക്കുകിഴക്കൻ, നക്‌സൽ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ രാജ്യം ഏറെക്കുറെ സമാധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടികൾ കർക്കശമാക്കും.
പ്രധാനമായും മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ, മതപരമായ സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചന, നുഴഞ്ഞുകയറ്റം, തീവ്രവാദം എന്നിവയ്‌ക്കെതിരെയാണ് പോരാട്ടം തുടരുകയെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം 36,438 പോലീസ് ഉദ്യോഗസ്ഥർ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്നും അതിൽ 216 പേർ കഴിഞ്ഞ വർഷമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ വികസന യാത്രയിൽ അവരുടെ ത്യാഗത്തിന് രാജ്യം എന്നും നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അഞ്ച് വർഷം മുമ്പാണ് ആരംഭിച്ചതെന്നും ബാക്കിയുള്ള ജോലികൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ലോകത്തിലെ ഏറ്റവും ആധുനികമായിരിക്കുമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് വർഷത്തിനുള്ളിൽ സുപ്രീം കോടതി വരെയുള്ള മുഴുവൻ നീതിയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയ ആഭ്യന്തരമന്ത്രി, ആയുഷ്മാൻ സിഎപിഎഫ് പദ്ധതി നടപ്പിലാക്കിയതിന് ശേഷം പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഏത് ആയുഷ്മാൻ ആശുപത്രിയിലും ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞു.
സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ഭവനങ്ങൾ വർധിപ്പിക്കുന്നതിനായി 13,000 വീടുകളുടെ നിർമാണത്തിന് അനുമതി നൽകിയിട്ടുണ്ടെന്നും അതിൽ 11,276 വീടുകൾ അടുത്ത വർഷം മാർച്ചോടെ സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.
1959 ഒക്ടോബർ 21 ന് ലഡാക്കിൽ ആയുധധാരികളായ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിനിടെ പത്ത് പോലീസുകാർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം മുതലാണ് എല്ലാ വർഷവും ഒക്ടോബർ 21 ന് പോലീസ് അനുസ്മരണ ദിനമായി രാജ്യം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: