പാലക്കാട്: കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള റോഡ് ഷോ ഇന്ന് വൈകിട്ട് 4ന് താരേക്കാട് ജങ്ഷനില്‍നിന്ന് ആരംഭിക്കും.
സ്റ്റേഡിയം സ്റ്റാന്റിന് സമീപം സമാപിക്കും. സംസ്ഥാന – ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം പിടിച്ചെടുക്കുവാനുള്ള കരുനീക്കവുമായി ബിജെപി. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പെ പ്രഖ്യാപിച്ചെങ്കിലും, ബിജെപി നിശബ്ദ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് മെട്രോമാന് ഇ. ശ്രീധരന് പരാജയപ്പെട്ടെങ്കിലും ഇത്തവണ എല്ലാ പഴുതും അടച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി രൂപംനല്കിയിട്ടുള്ളത്.
സി. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വം ശനിയാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചതെങ്കിലും അണികള്‍ ആവേശത്തിലാണ്. രാത്രിതന്നെ ചുമരെഴുത്തടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹമാധ്യമത്തിലൂടെയുളള പ്രചാരണത്തിനും തുടക്കം കുറിച്ചു. മണ്ഡലത്തില്‍ ഇരുമുന്നണി സ്ഥാനാര്‍ഥികളെക്കാളും സുപരിചിതനാണ് കൃഷ്ണകുമാര്‍. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയായിരുന്നു എന്നതിന് പുറമെ 2015 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ വൈ. ചെയര്മാനായിരുന്നുവെന്നതും ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാരിന്റെ നിരവധി ക്ഷേമപദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും ജില്ലയിലെത്തിക്കുന്നതിന് കൃഷ്ണകുമാറാണ് മുന്കൈയെടുത്തിട്ടുള്ളതെന്ന് ഏവര്‍ക്കുമറിയാം. അത് ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമായി വിധിയെഴുതുമെന്ന കാര്യത്തില്‍ സംശയമില്ല. ഏറ്റവുമൊടുവിലായി ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ചതും കൃഷ്ണകുമാറാണ്.
പാലക്കാട് നഗരസഭ, കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള അണിയറ നീക്കം സംഘടനാതലത്തില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണുണ്ടായത്. ഒരു കാരണവശാലും പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമാണ് സിപിഎമ്മിന് ഉണ്ടായിരുന്നു.
2016, 2021 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ ബഹുദൂരം പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നാലുതവണ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം പ്രതിനിധാനം ചെയ്തിരുന്ന നേതാവും സിപിഎം സംസ്ഥാന സമിതിയംഗവുമായ എന്‍.എന്‍. കൃഷ്ണദാസിനെയാണ് ശോഭാസുരേന്ദ്രന് 2016ല്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളിയത്. 2021ലെ തെരഞ്ഞെടുപ്പിലും ഇതേസ്ഥിതി ആവര്‍ത്തിച്ചു. തങ്ങള്‍ ജയിക്കില്ലെന്നുറപ്പായ മണ്ഡലത്തില്‍ ബിജെപി വിജയിക്കരുതെന്ന കാഴ്ചപ്പാടോടെയാണ് ഒരുവിഭാഗം സിപിഎമ്മുകാര്‍ ഷാഫി പറമ്പിലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
നഗരസഭയില്‍ ബിജെപിയാണ് ഒന്നാംസ്ഥാനത്തെത്തിയത്. പിരായിരിയില്‍ ഇടതുപക്ഷത്തിനൊപ്പം വോട്ട് നേടുകയുണ്ടായി. കണ്ണാടിയില്‍ ഇരുമുന്നണികള്‍ക്കും ഒപ്പമാണ് ബിജെപി വോട്ട് നേടിയത്.
ഇത്തവണ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എല്ലാ പ്രതിസന്ധികളെയും മറികടക്കുവാനുള്ള തന്ത്രമാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ദേശീയ – സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: