സ്വന്തം കുടുംബത്തോട്, വിശേഷിച്ച് ഭാര്യയോടും രണ്ട് പെണ്മക്കളോടും റെയില്‍വേ സ്റ്റേഷനില്‍ വന്ന് തന്നെ കൂട്ടിക്കൊണ്ടുപോകണം എന്ന് പറഞ്ഞ് തിരികെ ക്വാര്‍ട്ടേഴ്സില്‍ പോയി കണ്ണൂര്‍ എഡിഎം നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നുപറയുന്നത് വിശ്വസനീയമല്ല. നവീന്റെ മരണത്തെക്കുറിച്ച് സിപിഎം പാര്‍ട്ടി സംവിധാനവും കേരള പോലീസും മറ്റും ചേര്‍ന്ന് പ്രചരിപ്പിക്കുന്ന കഥകള്‍ സത്യവുമായി അടുത്തു നില്ക്കുന്നതല്ല. മാത്രമല്ല, പെട്രോള്‍ പമ്പ് അനുവദിക്കാനുള്ള നിരാക്ഷേപ പത്രം നല്‍കുന്നതിന് നവീന്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നല്ലോ സിപിഎം നേതാവ് പി.പി. ദിവ്യയുടെ പരസ്യമായ ആക്ഷേപവും ഭീഷണിയും. പെട്രോള്‍പമ്പും പെട്രോളിയം വകുപ്പും കേന്ദ്രസര്‍ക്കാരിന്റെ കീഴില്പ്പെട്ടതായതുകൊണ്ട് തീര്‍ച്ചയായും കേന്ദ്ര ഏജന്‍സികള്‍ തന്നെ വേണം ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍. അതിനാല്‍ നവീന്‍ ബാബുവിന്റെ ദുരൂഹമരണം അന്വേഷിക്കേണ്ടത് കേരള പോലീസല്ല.
ഈ സംഭവത്തില്‍ കേരള പോലീസില്‍ നിന്ന് സത്യസന്ധമായ അന്വേഷണവും നടപടികളും ഉണ്ടാവില്ലെന്ന് കേരളത്തിലെ പൊതുസമൂഹം ഉറച്ചു വിശ്വസിക്കുന്നു. കണ്ണൂരില്‍ പാര്‍ട്ടി സംവിധാനത്തിനെതിരെ നിലപാടെടുക്കാന്‍ ശേഷിയുള്ള ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് കേരള പോലീസിലുണ്ടോ? അന്വേഷണം വഴിതെറ്റിക്കാനും വഴിമുട്ടിക്കാനും ഒരു കൈക്കൂലിക്കാരന്റെ സ്വാഭാവിക ആത്മഹത്യ, സത്യസന്ധതയും ആര്‍ജ്ജവവും ദൃഢനിശ്ചയവും അഴിമതിക്കെതിരെ പോരാടാന്‍ തന്റേടവുമുള്ള ഒരു വനിതാ നേതാവിന്റെ തുറന്നുകാട്ടിലില് ഭയന്ന് ചെയ്ത ആത്മഹത്യ എന്നൊക്കെയുള്ള പുതിയ ക്യാപ്സ്യൂളുകളും വിവരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. സിപിഎം ചെയ്ത എല്ലാ അതിക്രമങ്ങളിലും നിഷ്ഠൂരകൊലപാതകങ്ങളിലും ഇത്തരം ഭാഷ്യങ്ങള്‍ നേരത്തെയും വന്നിട്ടുണ്ട്.
പി.പി. ദിവ്യയെ മഹത്വവത്കരിക്കാനും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ ദുരന്തജീവിതത്തിന് രാഷ്ട്രീയത്തിന്റെ മാനം നല്‍കാനും അശോകന് ചരുവില്‍ മുതല്‍ കണ്ണൂരിലെ പല പാര്‍ട്ടി നേതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. ദിവ്യക്കെതിരെ കേരളം മൊത്തം ഉയര്‍ന്ന അതിശക്ത ജനവികാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി നേതൃസ്ഥാനത്തുനിന്നും തത്കാലത്തേക്ക് മാറ്റിനിര്‍ത്തി മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്. യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകത്തിനും സിഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷവും ഇതേപോലെ ജനവികാരം ഉയര്‍ന്നപ്പോള്‍ ഏതാണ്ട് ഇതേ തന്ത്രം തന്നെയാണ് സിപിഎം അനുവര്‍ത്തിച്ചത്. അതേസമയം പിന്നീട് പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും സിപിഎം നടത്തിയ ശ്രമങ്ങള്‍ എത്രമാത്രമാണ്. ഈ കേസിലും ജനശ്രദ്ധ കുറയുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. സിബിഐ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ദിവ്യയെയും പ്രശാന്തനെയും മാത്രമല്ല, ഒരുപക്ഷേ നവീന്‍ ബാബുവിനെ കൊന്നതാണെങ്കില്‍ യഥാര്‍ത്ഥ കൊലയാളികളെ മുഴുവന്‍ രക്ഷിച്ചു ആത്മഹത്യാ കഥയുമായി ഇവര്‍ മുന്നോട്ടുപോകും.
നവീന്‍ ബാബുവിന്റെ മരണശേഷം അദ്ദേഹം പ്രവര്‍ത്തിച്ച മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും ഉദ്യോഗസ്ഥന് എന്ന നിലയിലുള്ള പെരുമാറ്റത്തെ കുറിച്ചും വളരെ വിശദമായി അന്വേഷിച്ചിരുന്നു. അദ്ദേഹം പ്രവര്‍ത്തിച്ച ഒരു സ്ഥലത്തുപോലും കൈക്കൂലി വാങ്ങുന്നയാള്‍ അല്ലെങ്കില്‍ അഴിമതിക്കാരന് എന്ന ഒരു പേര് ഉണ്ടാക്കിയിട്ടില്ല. കടുത്ത സിപിഎം അനുഭാവി എന്നനിലയില്‍ എല്ലാക്കാലത്തും തന്റെ രാഷ്ട്രീയം മുറുകെപ്പിടിച്ച് ഔദ്യോഗിക കാര്യങ്ങളില്‍ കാര്യക്ഷമതയും സത്യസന്ധതയും പുലര്‍ത്തിയിരുന്ന ആള് എന്നനിലയിലാണ് ശ്രദ്ധേയനായത്. ഏതു സാധാരണക്കാരനും സമീപിക്കാനും കാര്യങ്ങള്‍ പറയാനും കഴിയുമായിരുന്നു. ഏതു പരാതിക്കാരനെയും കേട്ട് നീതിയുക്തമായി, നിയമപരമായി തീരുമാനങ്ങള്‍ എടുക്കുകയുമായിരുന്നു നവീന്‍ ബാബുവിന്റെ പതിവ്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും തഹസീല്‍ദാര്‍ മുതല്‍ സീനിയര്‍ സൂപ്രണ്ട് വരെയുള്ള ഉയര്‍ന്ന തസ്തികകളില്‍ എത്തിയപ്പോഴും നവീന്‍ ബാബുവിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടായില്ല. 2018 ലെ പ്രളയകാലത്ത് റാന്നി താലൂക്കിന്റെ ദുരിതാശ്വാസവും ദുരന്തനിവാരണവും കൈകാര്യം ചെയ്തത് നവീന്‍ ബാബുവാണ്.
തലമുറകളായി സിപിഎമ്മിനൊപ്പം നിന്ന് കലാലയത്തിലും ജോലിയിലും ഒക്കെ പാര്‍ട്ടിയുടെ തിട്ടൂരങ്ങളും നിബന്ധനകളും നിര്‍ദ്ദേശങ്ങളും അണുവിട തെറ്റിക്കാതെ ജീവിതം തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി സമര്‍പ്പിച്ച ഒരു മനുഷ്യനാണ് ആ പാര്‍ട്ടിയുടെ അധികാര ദുര്‍നടപ്പിന്റെ പ്രതീകമായി പൊലിഞ്ഞു വീണത്. സത്യത്തില്‍ നവീന്‍ ബാബുവിന്റെ വിയോഗത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ സിപിഎമ്മും കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ വിജയനും അല്ലേ? അത് കഴിഞ്ഞല്ലേ പി.പി. ദിവ്യ വരുന്നുള്ളൂ. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഭരണം കയ്യാളുമ്പോള്‍ അധികാരപ്രമത്തതയുടെയും ദുര്‍വിനിയോഗത്തിന്റെയും അനാശാസ്യത്തിന്റെയും പ്രതീകമായി സിപിഎം മാറിയതുകൊണ്ടല്ലേ ഉദ്യോഗസ്ഥര്‍ക്ക് ജോലി കൃത്യമായി ചെയ്യാനും സത്യസന്ധമായി ജീവിക്കാനും കഴിയാത്ത സാഹചര്യം ഉണ്ടാകുന്നത്. കണ്ണൂരില്‍ ഇത് കൂടുതലാണെങ്കില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ അവസ്ഥ തന്നെയല്ലേയുള്ളത്. സിപിഎമ്മിന്റെ ഈ ദുഷ്ടരാഷ്ട്രീയം സര്‍ക്കാര്‍ സംവിധാനത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുകയറിയിരിക്കുന്നു എന്നകാര്യം നിഷേധിക്കാന്‍ കഴിയുമോ? രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ ഗുണ്ടകളും പോലീസുകാരും ക്രമസമാധാനം കൈകാര്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍, പോലീസിന് എന്തു വിലയാണുള്ളത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക് പോസ്റ്റ് ഇട്ടാലും പോലീസ് കേസെടുക്കുന്ന കാലഘട്ടത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും പൊ
തുജനാഭിപ്രായത്തിനും എന്ത് വില? സംസ്ഥാനത്തെ ഭരണതലത്തില്‍ സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം നടത്തുന്ന ജനാധിപത്യവിരുദ്ധവും നികൃഷ്ടവുമായ ഇടപെടലാണ് നവീന്‍ ബാബുവിന്റെ മരണത്തിലെ ഒന്നാമത്തെ കാരണം.
ജില്ലാ കളക്ടര്‍ അരുണ്‍ വിജയന്റെ നിലപാട് ശരിക്കും ഒരു ചോദ്യചിഹ്നമാണ്. കളക്ടര്‍ അധ്യക്ഷനായ യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുവരികയും യാത്രയയപ്പ് നല്കപ്പെടുന്ന ആളെ അപമാനിക്കുകയും ചെയ്തിട്ട് ഒരക്ഷരം മിണ്ടാതെ, മൗനാനുവാദം നല്കിയ കളക്ടര്‍ സ്വന്തം സ്ഥാനത്തിന്, ജില്ലാ മജിസ്ട്രേറ്റിന്റെ കസേരയ്ക്ക് അര്‍ഹനാണോ എന്ന് സ്വയം ആലോചിക്കണം. കേരളത്തില്‍ ശക്തരായ നിരവധി ഐ.എ.എസ്. ഉദ്യോഗസ്ഥരുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായ കരുണാകരനോട് ബെഗ് ടു ഡിഫര്‍ എന്ന് ഫയലില്‍ എഴുതാന്‍ ധൈര്യം കാട്ടിയ സി.പി. നായരും മുഖ്യമന്ത്രി പിണറായി വിജയന്റെ കവിളില്‍ നീതിയുടെ സാക്ഷ്യപത്രം പതിപ്പിച്ച സെന്‍കുമാറും, കാളീശ്വരനും വി.രാജഗോപാലും ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ വഴങ്ങാതിരുന്ന എ.ഹേമചന്ദ്രനും ജി. ഗോപാല്‍ കൃഷ്ണപിള്ളയും മന്ത്രിയുടെ വര്‍ഗ്ഗീയ തിട്ടൂരങ്ങള്‍ക്ക് നിയമംകൊണ്ട് തടയിട്ട സുധാ പിള്ളയും ഒക്കെ സംസ്ഥാന സര്‍വീസിലെ തിളക്കമാര്‍ന്ന നക്ഷത്രങ്ങളാണ്. അവരുടെ പിന്തലമുറയിലാണ് അരുണ്‍ വിജയന് എന്ന ഐഎഎസ് ഉദ്യോഗസ്ഥനും. ഒരു മൂന്നാംകിട സിപിഎം നേതാവിന്റെ ചരട് വലിക്കൊത്ത് പാവയെപ്പോലെ ആടുമ്പോള് നിങ്ങള്‍ മറന്നത് ഒരു സഹപ്രവര്‍ത്തകനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടിയാണ്.
ചിത്രവധം ചെയ്യപ്പെട്ട ആ മനുഷ്യന് ആത്മഹത്യ ചെയ്തെങ്കില്‍ (അങ്ങനെ വിശ്വസിക്കുന്നില്ല) അതിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള വഴിവിട്ട ബന്ധം ഉപയോഗിച്ച് നവീന്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സസ്പെന്‍ഡ് ചെയ്യിക്കും എന്ന് ദിവ്യ പറഞ്ഞ ബോംബ് തന്നെയല്ലേ. ഒരു കൈക്കൂലി കേസിലും ഇല്ലാത്ത, ഒരു ആക്ഷേപവും ഇല്ലാത്ത, ഒരു സഹപ്രവര്‍ത്തകനെതിരെ ഇങ്ങനെ ആരോപണം ഉയര്‍ന്നപ്പോള്‍ പോലും ഒരക്ഷരം മിണ്ടാതിരുന്ന കളക്ടര്‍ അരുണ്‍ വിജയന് പകരം ആ കസേരയില്‍ മറ്റാരായിരുന്നെങ്കില് പോലും പ്രതികരിക്കുമായിരുന്നു. സ്വന്തം സഹപ്രവര്ത്തകന് ചിതയില്‍ എരിഞ്ഞടങ്ങി കഴിഞ്ഞപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന് ക്ഷമാപണ കത്ത് അയച്ചു തലയൂരാനായിരുന്നു കളക്ടറുടെ ശ്രമം. രാഷ്ട്രീയക്കാര്‍ക്ക് ശിങ്കിടി പാടാനുള്ള പണിയല്ല ഐഎഎസ് ഉദ്യോഗസ്ഥന്റേത്. നിയമമനുസരിച്ച് സര്‍ക്കാര്‍ സംവിധാനത്തെ ചലിപ്പിക്കുകയും സഹപ്രവര്‍ത്തകരെ അതിനനുസരിച്ച് ജോലി ചെയ്യിക്കുകയും സംരക്ഷിക്കുകയും ഒക്കെ ചെയ്യേണ്ട ഉത്തരവാദിത്വമുള്ള ചുമതല കളക്ടര്‍ നിര്‍വഹിച്ചില്ല. ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല എന്ന് കളക്ടര്‍ അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ അവര്‍ വന്നപ്പോള്‍ എന്തിന് കസേര കൊടുത്തിരുത്തി പ്രസംഗിക്കാന്‍ അനുവദിച്ചു? ഇപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവദിവസം ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമായിരുന്നോ? അരുണ്‍ വിജയന് സമാധാനം പറയേണ്ടത് സ്വന്തം മന:സാക്ഷിയോടും സിവില്‍ സര്‍വീസിനോടും മാത്രമല്ല, പൊതുസമൂഹത്തോടും കൂടിയാണ്. അരുണ്‍ വിജയന് താങ്കളുടെ കൈകളില്‍ ചോര മണക്കുന്നു എന്ന് പൊതുസമൂഹം കരുതുന്നു.
പി.പി. ദിവ്യയെപ്പോലെ അഹങ്കാരത്തിന്റെ ആള്‍രൂപമായി അധികാരം തലയ്ക്കുപിടിച്ച ഇത്തരം അവതാരങ്ങള്‍ ഏറ്റവും കൂടുതലുള്ളത് സിപിഎമ്മില്‍ തന്നെയാണ്. നവീന്‍ ബാബു അഴിമതി കാണിച്ചെങ്കില്‍ അത് പരിഹരിക്കാന്‍ ജനാധിപത്യ രാഷ്ട്രത്തില്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. ഇത് പാര്‍ട്ടി ഗ്രാമമല്ല. ഒരു പാവം മനുഷ്യനെ പരസ്യ വിചാരണ നടത്തി കൊലപ്പെടുത്താന്‍. നിങ്ങളുടെ ചീഞ്ഞ രാഷ്ട്രീയമാണ് ഇവിടുത്തെ പ്രശ്നം. പാര്‍ട്ടി സംവിധാനത്തില്‍ നുകംവച്ച കാളകളെപോലെ പണിയെടുക്കുന്ന എല്ലാ പാര്‍ട്ടി സഖാക്കള്‍ക്കും ഉള്ള മുന്നറിയിപ്പാണ് നവീന്‍ ബാബുവിന്റെ ജീവിതം. ശവസംസ്കാര ചടങ്ങില്‍ പൊട്ടിയൊഴുകിയ കണ്ണീരോടെ ചിതക്ക് ചുറ്റും വലംവച്ച ആ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ഇന്ന് കേരളത്തിലെ പൊതുസമൂഹത്തിന്റെ നീറുന്ന വേദനയാണ്. കണ്ണകിയെയും വെല്ലുന്ന ആ കണ്ണീരില്‍ ഈ ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം എരിഞ്ഞടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: