പത്തനംതിട്ട: കഴിഞ്ഞി 25 വര്‍ഷത്തിനിടെ അനുവദിച്ച പെട്രോള്‍ പമ്പുകളുടെ എന്‍ഒസി സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മലയാലപ്പുഴയിലെ വസതിയില്‍ ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദപ്പെട്ട ഉദ്യേഗസ്ഥരില്‍ നിന്ന് കുറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം ഇതുസംബന്ധിച്ച അന്വേഷണം ആരംഭിക്കും.
പെട്രോളിയം മന്ത്രാലയത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തലത്തില്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍ ഇതു സംബന്ധിച്ച് നവീന്‍ ബാബുവിന്റെ കുടുംബം ഒരാവശ്യവും ഉന്നയിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് മലയാലപ്പുഴയിലെ വീട്ടിലേക്ക് എത്തിയത്. തന്റെ സന്ദര്‍ശനം ആശ്വാസമായെന്നു കുടുംബം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.എ. സൂരജ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ബിനുമോന്, ദേശീയ കൗണ്‍സില്‍ അംഗം വിക്ടര്‍ ടി. തോമസ്, ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്ത, അഡ്വ. ഷൈന്‍ ജി. കുറുപ്പ്, മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: