കീവ് : റഷ്യയുടെ വ്യോമ പ്രതിരോധ സേന നൂറിലധികം യുക്രെയ്‌ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച റഷ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഇത്രയുമധികം ഡ്രോണുകൾ റഷ്യ നശിപ്പിച്ചത്.
ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തിൽ 110 ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ അതിർത്തി പ്രദേശമായ കുർസ്കിൽ 43 ഡ്രോണുകൾ വെടിവച്ചിട്ടതായി റിപ്പോർട്ടുണ്ട്.
2022 ഫെബ്രുവരിയിൽ മോസ്‌കോ യുക്രെയ്‌നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് രണ്ടര വർഷങ്ങൾക്ക് ശേഷം റഷ്യയിൽ യുക്രെയ്‌നിന്റെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള വ്യോമാക്രമണങ്ങൾ താരതമ്യേന അപൂർവമാണ്. സെപ്തംബർ അവസാനം നടന്ന സമാനമായ ആക്രമണത്തിൽ ഏഴ് മേഖലകളിലായി 125 ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം യുക്രെയ്‌ൻ നഗരമായ ക്രൈവി റിഹിലിൽ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഭരണകൂട മേധാവി ഒലെക്‌സാണ്ടർ വിൽകുൽ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മാത്രം റഷ്യ 800 ഗൈഡഡ് ഏരിയൽ ബോംബുകളും 500 ലധികം ആക്രമണ ഡ്രോണുകളും യുക്രെയിന് മുകളിൽ വിക്ഷേപിച്ചതായി പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: