ന്യൂദല്‍ഹി: നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്ഐ) വിദേശ രാജ്യങ്ങളില്‍ നിന്നു ഫണ്ട് വന്നതിന്റെ മാര്‍ഗങ്ങള്‍ ഇ ഡി കണ്ടെത്തി. സിംഗപ്പൂര്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ 13,000ല്‍ അധികം അംഗങ്ങളെ വിദേശത്തു നിന്നുള്ള ഫണ്ട് ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.
മുസ്ലിം പ്രവാസികള്‍ക്കെന്ന പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പിഎഫ്ഐ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റികള്‍ രൂപീകരിച്ചു. സമാഹരിച്ച തുക സര്‍ക്യൂട്ട് ബാങ്കിങ് വഴികളിലൂടെയും ഹവാല ഇടപാടുകളിലൂടെയും കുഴല്‍പ്പണമായും ഭാരതത്തിലെത്തിച്ചു. ഇങ്ങനെയെത്തുന്ന പണം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്ന് ഇ ഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സമാധാനാന്തരീക്ഷം തകര്‍ക്കാനും വര്‍ഗീയ കലാപമുണ്ടാക്കാനും പിഎഫ്ഐ ഇടപെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകര്‍ക്കാനും സാമുദായിക സൗഹാര്‍ദമില്ലാതാക്കാനുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനപ്പെട്ടതും വൈകാരികമായി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരേ ആക്രമണം നടത്താന്‍ മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചെന്നും ഇ ഡി പറയുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടുകയും പൂട്ടി മുദ്രവയ്‌ക്കുകയും ചെയ്ത മലപ്പുറത്തെ സത്യസരണി മതം മാറ്റത്തിന്റെയും ഭീകരവാദ പ്രവര്‍ത്തനത്തിന്റെയും കേന്ദ്രം. സത്യസരണിയില്‍ റെയ്ഡ് നടത്തി മുദ്ര വച്ചത് നേരത്തെയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുന്നത്. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രമാണ് സത്യസരണി.
ഹവാല അടക്കം രാജ്യവിരുദ്ധ പ്രവര്‍ത്തങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ ഡി സത്യസരണിക്ക് പൂട്ടിട്ടത്. മഞ്ചേരിയിലെ ഭീകര കേന്ദ്രങ്ങളാണ് സത്യസരണിയും ഗ്രീന്‍വാലിയും. ഗ്രീന്‍വാലിയില്‍ ആയുധപരിശീലനങ്ങള്‍ അടക്കം നടന്നിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കി മതപരിവര്‍ത്തനം നടത്തുന്ന സത്യസരണിയില്‍ നടക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങളാണെന്നത് പുറത്ത് വന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സത്യ സരണി മതപരിവര്‍ത്തന കേന്ദ്രമാണെന്നും ഇ ഡി വ്യക്തമാക്കുന്നു.
2016ല്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സത്യസരണി പൂട്ടണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ ആണ് സത്യസരണിയിലൂടെ മതംമാറ്റത്തിന് വിധേയമായിട്ടുള്ളത്. സ്വധര്‍മത്തിലെക്ക് തിരിച്ച് വന്ന നിരവധി യുവതികള്‍ സത്യസരണിയെക്കുറിച്ചും അവിടെ നടക്കുന്ന മതപരിവര്‍ത്തന ശ്രമങ്ങളെ പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ആയി വിരമിച്ച ബി. സന്ധ്യ സത്യസരണിയില്‍ കയറി അന്വേഷം നടത്തിയെങ്കിലും രാഷ്‌ട്രീയ ഇടപെടല്‍ മൂലം തുടര്‍നടപടികള്‍ ഉണ്ടായില്ല.
അഖിലയെ ഹാദിയയും നിമിഷയെ ഫാത്തിമയുമാക്കി മതമാറ്റിയത് സത്യസരണിയിലാണ്. വൈക്കം സ്വദേശി അഖിലയെ ലൗജിഹാദിലൂടെ മതം മാറ്റി ഹാദിയ ആക്കിയതില്‍ സത്യസരണിയുടെ പങ്ക് നിര്‍ണായകമായിരുന്നെന്ന് പിതാവ് അശോകന്‍ പോലീസിന് മൊഴി നല്കിയിരുന്നു. സത്യസരണി ജീവനക്കാരിയായി സൈനബയ്‌ക്കായിരുന്നു നിര്‍ണായക റോള്‍. അഖില കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് മണിക്കൂറുകള്‍കൊണ്ട് കോടികള്‍ ശേഖരിക്കുകയും ചെലവാക്കുകയും ചെയ്തു. സുപ്രീം കോടതി വിധിക്ക് ശേഷം അഖിലയും, ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സംരക്ഷണം നല്കിയിരുന്നു. ഷെഫിന്‍ ജഹാനുമായി വിവാഹ ബന്ധം വേര്‍പ്പെട്ടെന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്തുവന്നത്.
കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെയാണ് നിമിഷയെ കാണാതായത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി.
അന്വേഷണത്തിനൊടുവില്‍ നിമിഷ മതപരിവര്‍ത്തനം നടത്തിയെന്ന റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ദന്തല്‍ കോളജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. തുടര്‍ന്ന് സത്യസരണിയില്‍ എത്തി മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചു. ബന്ധുക്കള്‍ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യം പറഞ്ഞു. പിന്നീട് അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016 ജൂണ്‍ നാലിന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ എത്തിയെന്നും ഭര്‍ത്താവ് ഭീകരപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടെന്നും സന്ദേശം വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു. നിലവില്‍ അഫ്ഗാന്‍ തടവിലാണ് നിമിഷ.
സത്യസരണിയിലേതുള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ പിഎഫ്ഐ കീഴിലുണ്ടായിരുന്ന 56.56 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: