തിരുവില്വാമല: മലര് നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഉപജീവനം പ്രതിസന്ധിയിലായി. ഉല്‍പ്പാദനച്ചിലവും നെല്ലിന്റെ വില കൂടിയതും തമിഴ്നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മലരെത്തുന്നതുമാണ് ചെറുകിട വ്യവസായം നടത്തുന്ന കുടുംബങ്ങള്‍ പ്രതിസന്ധിയിലാവാന്‍ കാരണം.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൃശൂര്‍ ജില്ലയിലെ തിരുവില്വാമല, പട്ടിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ എന്നീ പ്രദേശങ്ങളിലെ കുടില്‍ വ്യവസായങ്ങളില്‍ നിന്നാണ് മലര് വിതരണം ചെയ്യുന്നത്. ആദ്യകാലത്ത് ഒരു മാസം പത്ത് ടണ്‍ മലര്വരെ വിറ്റിരുന്നതായി നാല് പതിറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടിപ്പറമ്പ് കുന്നത്ത് സുരേഷ് കുമാര്‍ പറഞ്ഞു.
ഇപ്പോള്‍ വര്‍ഷം ഒരു ടണ്‍ മലര് വില്ക്കാന് പോലും പറ്റാത്ത സ്ഥിതിയാണ്. മുമ്പ് വിറകിന്റെ സഹായത്തില്‍ നെല്ല് വറുത്ത് മലരാക്കുകയായിരുന്നു. യന്ത്രങ്ങള്‍ ഈ മേഖലയില്‍ വന്നതോടെ വന്‍തോതില്‍ പണം കടമെടുത്ത് നിര്‍മാണ മേഖല നവീകരിക്കേണ്ടിവന്നു. ഉല്‍പ്പാദനം കൂടിയെങ്കിലും അതിനനുസരിച്ച് വില്പ്പനയില്ലാതായത് ഇരുട്ടടിയായി. ഒരു കിലോ മലരിന് 80 രൂപയാണ് മൊത്തക്കച്ചവട വില. ഒരു കിലോ നെല്ലിന് 35 രൂപയും.
നൂറ് കിലോ നെല്ലില്‍ നിന്ന് 45 കിലോ മലരാണ് ലഭിക്കുക. വിറക്, വൈദ്യുതി, ജോലിച്ചിലവ്, മലര്കടകളിലെത്തിക്കുന്ന വണ്ടിച്ചിലവ് എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ കൈക്കാശ് ഇറക്കേണ്ട സ്ഥിതിയിലാണ്. മലര് വറുക്കാന്‍ യന്ത്രങ്ങള്‍ വാങ്ങിയതിന്റെ വായ്പ്പകളുള്ളതിനാല് പലര്‍ക്കും വ്യവസായം പൂട്ടി മറ്റ് ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയുമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം ലഭിച്ചെങ്കിലേ ഈ കുടില്‍ വ്യവസായം നിലനില്ക്കുകയുള്ളൂ.
നൂറുകണക്കിന് ചാക്ക് മലരാണ് ഓരോ വീടുകളിലും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.ഈ മണ്ഡലകാലമാണ് അല്പം പ്രതീക്ഷ. വില്‍പ്പന നടന്നാല്‍ കടം കയറുന്നതിന്റെ ആഴം കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് സുരേഷിനെപ്പോലുള്ള മലരുല്പാദകരുടെ കുടുംബങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: