ബെംഗളൂരു: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതം തോല്‍വി നിഴലില്‍. രണ്ടാം ഇന്നിങ്സില്‍ നേടാനായത് വെറും 106 റണ്‍സിന്റെ ലീഡ്. ബാറ്റിങ് ആരംഭിച്ച കിവീസ് നിരയ്ക്കെതിരെ നാല് പന്തെറിയുമ്പോഴേക്കും മഴ വീണ്ടുമെത്തി. ഇന്നലെയും മഴ ബുദ്ധിമുട്ടിച്ച മത്സരത്തില്‍ ഇന്നും കാലാവസ്ഥ മോശമായി ബാധിച്ചാല്‍ ടെസ്റ്റ് സമനിലയിലേക്ക് വരെ പോയേക്കാം. സാധാരണ രീതിയില്‍ കളി പുരോഗമിച്ചാല്‍ കിവീസിന്റെ കൈയ്യിലാണ് മത്സരം. മറിച്ചൊരു സാധ്യതയുളളത് ആദ്യ ഇന്നിങ്സില്‍ ഭാരതം നേരിട്ട ദുരന്തത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് അത്ഭുത വിജയം കൊയ്യുക എന്ന വിദൂര സാധ്യതയാണ്.
സ്കോര്‍: ഭാരതം- 46, 462; 402, 0/0(0.4 ഓവറുകള്‍)
ഇന്നലെ ടെസ്റ്റിന്റെ നാലാം ദിവസം ആരംഭിക്കുമ്പോള്‍ തലേന്ന് അര്‍ദ്ധസെഞ്ചുറിയുമായി നിന്ന സര്‍ഫറാസിനൊപ്പം ഋഷഭ് പന്ത് ബാറ്റിങ്ങിനിറങ്ങിയത് ആരാധകര്‍ക്ക് ആശ്വാസമേകി. കാല്‍മുട്ടിന് പരിക്കേറ്റതിന്റെ ബുദ്ധിമുട്ടൊന്നും ഏശാതെ ഋഷഭ് ബാറ്റ് വീശി. മറുഭാഗത്ത് സര്‍ഫറാസും തകര്‍ത്തടിച്ചു. ഇരുവരുടെയും പ്രകടനവും പ്രതീക്ഷയ്ക്ക് അപ്പുറമെത്തുന്നവിധത്തിലായിരുന്നു. 231 റണ്‍സില്‍ ഭാരത സ്കോറെത്തുമ്പോള് വിരാട് കോഹ്ലി(70) മൂന്നാമനായി പുറത്താകുന്ന ഇടത്ത് നിന്ന് ഇന്നലെ ആരംഭിച്ച കളി മികച്ച അതിവേഗത്തിലാണ് പുരോഗമിച്ചത്. അധികം വൈകാതെ സര്‍ഫറാസ് കന്നി സെഞ്ചുറിയിലേക്ക് കുതിച്ചു.
അര്‍ദ്ധസെഞ്ചുറിയും കടന്ന് ഋഷഭ് പന്ത് മുന്നേറിക്കൊണ്ടിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയും കടന്ന് മുന്നേറിയ സര്‍ഫറാസ് 195 പന്തില്‍ 150 റണ്‍സെടുക്കുമ്പോഴേക്കും പരിചയ സമ്പന്നനായ ടിം സൗത്തിയുടെ പന്തില്‍ വീണു. ഈ സമയം ഭാരത സ്കോര്‍ 408. ഇവിടെ ഭാരതത്തിന്റെ രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് ദുരന്തം ആരംഭിച്ചു.
പിന്നീട് വെറും 54 റണ്‍സില്‍ ടീം തരിപ്പണമായി. സെഞ്ചുറിയുടെ വക്കോളമെത്തിയ ഋഷഭ് പന്ത് വില്ല്യം ഓറൂര്ക്കെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി മടങ്ങിപ്പോയി. 105 പന്തുകള്‍ നേരിട്ട ഋഷഭ് ഒമ്പത് ബൗണ്ടറികളും അഞ്ച് സിക്സറും സഹിതം 99 റണ്‍സെടുത്തു. തട്ടിമുട്ടി നിന്ന കെ.എല്‍. രാഹുല്‍ (12) വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട് ക്രീസ് വിട്ടു. വില്ല്യം ഓറൂര്ക്കെയാണ് രാഹുലിനെയും പുറത്താക്കിയത്. പിന്നീട് ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും ആര്. അശ്വിനും ഒരുമിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ കണ്ട മാസ്മരിക ചെറുത്തു നില്‍പ്പ് ഓര്‍മ്മപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യം ജഡേജയും(അഞ്ച്) പിന്നാലെ അശ്വിനും(15) മടങ്ങിയതോടെ ഭാരത പ്രതീക്ഷകള്‍ തുലാസിലായി. നിലവില്‍ 106 റണ്‍സിന്റെ ലീഡ് ആണ് ഭാരതത്തിനുള്ളത്. ബെംഗളൂരുവിലെ പിച്ചിന്റെ ഗതിയനുസരിച്ച് അവസാന ദിവസം 210-220 റണ്‍സിന്റെ ലീഡ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം ഭാരതത്തിന് അനുകൂലമാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ പ്രതീക്ഷകളെല്ലാം അവസാനിച്ചുകൊണ്ടിരുന്നു. വാലറ്റക്കാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പൂജ്യരായി മടങ്ങിയപ്പോള്‍ ആറ് റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: