കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത സിപിഎം നേതാവ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ്. ദിവ്യയെ അന്വേഷിച്ച് വീട്ടിലും ബന്ധുവീട്ടിലും പോയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് ഭാഷ്യം. ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറാകാത്തത് കടുത്ത വിമര്ശനത്തിനിടയാക്കിയുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കുന്നതിനായി സിപിഎം സംരക്ഷണത്തില്‍ ദിവ്യ സുരക്ഷിത സ്ഥലത്ത് ഒളിവിലെന്നാണ് സൂചന.
ദിവ്യ കഴിഞ്ഞ ദിവസം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ നാളെ പരിഗണിക്കുമെന്നറിയുന്നു. ജാമ്യമില്ലാ വകുപ്പായതിനാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
എഡിഎം നവീന്‍ ബാബുവിനെ മരണത്തിലേക്കു തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ സിപിഎം സംഘടനാ നടപടിയില്ല.
പദവിയില്‍ നിന്നു നീക്കിയതുതന്നെ ശിക്ഷയെന്നാണ് സിപിഎം വിലയിരുത്തല്‍. പാര്‍ട്ടി നടപടി ഉടന്‍ വേണ്ടെന്നും വീഴ്ച കണ്ടെത്തിയാല്‍ മാത്രം മതിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചതെന്നാണ് സിപിഎം ന്യായീകരണം.
ദിവ്യക്കു മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കി സഹായിക്കുന്നെന്ന ആക്ഷേപം നേരിടുന്ന, പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
പി.പി. ദിവ്യയെ അവിശ്വസിക്കേണ്ടെന്നാണ് ഡിവൈഎഫ്ഐ നിലപാട്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഡിവൈഎഫ്ഐ നിലപാടു പരസ്യമായി തള്ളി. പാര്‍ട്ടി പൂര്‍ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കില്ലെന്നുമാണ് ഉദയഭാനുവിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: