അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രധാന ശത്രുക്കളായിരുന്നു ടാറ്റായും ബിര്‍ളയും. തൊഴിലാളി സര്‍വാധിപത്യത്തിന് തടസം നില്‍ക്കുന്ന മുതലാളി വില്ലന്മാര്‍. അമേരിക്കന്‍ സാമ്രാജ്യത്തോടൊപ്പം ടാറ്റായേയും ബിര്‍ളയേയും അസഭ്യം പറയാത്ത ഒരു പ്രസംഗവും കമ്യൂണിസ്റ്റ് നേതാക്കള്‍ നടത്തുമായിരുന്നില്ല. കോര്‍പ്പറേറ്റ് എന്നതൊക്കെ പിന്നീട് വന്ന വിളിപ്പേരുകളാണെങ്കിലും ടാറ്റയും ബിര്‍ളയും ഇല്ലാതാകേണ്ട കുത്തക മുതലാളി വര്‍ഗമാണെന്ന് സ്ഥാപിക്കാനായിരുന്നു കമ്യൂണിസ്റ്റുകള്‍ എക്കാലത്തും ശ്രമിച്ചത്. ഇപ്പോള്‍ അദാനി-അംബാനി എന്നുവിളിച്ച് ആക്ഷേപിക്കുന്നതു പോലെയായിരുന്നു അന്ന് ടാറ്റാ-ബിര്‍ള പ്രയോഗം.
സമ്പത്തിനേക്കാള്‍ അധികമായി രാജ്യസ്നേഹത്തിന്റെയും തൊഴിലാളി സ്നേഹത്തിന്റെയും അടിയുറച്ച നീതിയുടെയും മൂല്യത്തിന്റെയും മാര്‍ഗത്തില്‍ പോകുന്ന ടാറ്റാ ഗ്രൂപ്പായിരുന്നു കമ്യൂണിസ്റ്റുകളുടെ മുഖ്യശത്രു. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ തന്നെയായിരുന്നു ഇക്കാര്യത്തില്‍ മുന്നില്‍. എന്നാല്‍ കേരളത്തില്‍ തൊഴിലാളി വര്‍ഗ പാര്‍ട്ടി കളം പിടിക്കും മുന്‍പ് ഇവിടെ തൊഴില്‍ നല്‍കാന്‍ തയ്യാറായത് ടാറ്റയായിരുന്നു. കേരളത്തിലെ രണ്ടു ഗ്രാമങ്ങള്‍ അതിന് സാക്ഷ്യം പറയും. എറണാകുളത്തെ ടാറ്റാ പുരവും കൊല്ലത്തെ തഴവയും. രാജ്യത്തെ പരമ്പരാഗത വ്യവസായ സാമ്രാജ്യത്തിന്റെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പായ ടാറ്റായുടെ അമരക്കാരനായിരുന്ന രത്തന്‍ ടാറ്റ അന്തരിച്ചപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയ രണ്ട് പ്രദേശങ്ങള്‍.
സുഗന്ധം പരത്തിയ ടാറ്റാ പുരം
സോപ്പു തേയ്‌ക്കുന്ന ശീലം ഭാരതീയര്‍ക്ക് ഉണ്ടായിരുന്നില്ല. 1897-ല്‍ മീററ്റില്‍ നോര്‍ത്ത് വെസ്റ്റ് സോപ്പു കമ്പനിയിലൂടെ ആദ്യ സോപ്പ് ഫാക്ടറി വന്നു. പ്രധാനമായും ബ്രിട്ടീഷുകാര്‍ക്ക് തേച്ചുകുളിക്കാനുള്ള സോപ്പാണ് അവിടെ ഉത്്പാദിപ്പിച്ചിരുന്നത്. ടാറ്റ സ്ഥാപകന്‍ ജംഷഡ്ജി ടാറ്റായുടെ ആഗ്രഹപ്രകാരം മകന്‍ ഡോറാബ്ജി ടാറ്റാ 1917 ഡിസംബര്‍ 10-ന് ബോംബെ ആസ്ഥാനമായി ‘ടാറ്റ ഓയില്‍ മില്‍സ്’ കമ്പനി സ്ഥാപിച്ചതിനുശേഷമാണ് ഭാരതീയര്‍ സോപ്പുപയോഗിക്കാന്‍ ശീലിച്ചു തുടങ്ങിയത്. അതിനു മുമ്പ് ആളുകള്‍ കൂടുതലായും കുളിക്കുമ്പോള്‍ ഉപയോഗിച്ചിരുന്നത് പാലും ചെറുപയര്‍ പൊടിയും ചകിരിയുമായിരുന്നു.
സോപ്പ് , ഡിറ്റര്‍ജന്റ് , പാചക എണ്ണകള്‍, ഗ്ലൈസെറിന്‍, കാലി-കോഴി തീറ്റകള്‍ എന്നിവ ഉത്്പാദിപ്പിച്ചു വിപണിയില്‍ എത്തിക്കുകയായിരുന്നു ഭാരതീയന്റേതായ ആദ്യ സോപ്പ് കമ്പനിയുടെ ലക്ഷ്യം. കൊച്ചിയില്‍ ഹൈക്കോടതിക്ക് തെക്കുഭാഗത്ത് ഗോശ്രീ പാലത്തിനു സമീപം കൊച്ചി മഹാരാജാവ് വ്യവസായ വികസനത്തിന് അനുവദിച്ച സ്ഥലത്ത് ടാറ്റ ഓയില്‍ മില്‍സ് തുടങ്ങുമ്പോള്‍ നാളികേരത്തിന്റെ നാട്ടിലെ കൊപ്രയിലും എണ്ണയിലുമായിരുന്നു കമ്പനിയുടെ കണ്ണ്. കേരളത്തിന്റെ വ്യവസായ വളര്‍ച്ചയുടെ തുടക്കമറിയിച്ച കമ്പനിയുടെ പേരില്‍ സ്ഥലവും പ്രശസ്തമായി. ടാറ്റാപുരം. ടാറ്റാ പുരത്തെ നീളന്‍ പുകക്കുഴല്‍ തുപ്പിയ വെളുത്തപുക ടാറ്റായുടെ അഭിമാനമായിരുന്നു. 1931ല്‍ ടാറ്റാ പുരം പ്ലാന്റില്‍ നിന്ന് ‘ഹമാം’ സോപ്പ് പുറത്തുവരുമ്പോള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ആദ്യ സോപ്പായി. ‘ഹമാ’മിനു പുറമെ ‘ജെയ്’, ‘മോത്തി’ സോപ്പുകളും പുറത്തിറക്കി. ശരീരത്തില്‍ സുഗന്ധം പരത്തുന്ന ടാറ്റാ സോപ്പുകള്‍ ഭാരതീയ കുടുംബങ്ങളില്‍ ശീലമായി.
501 ബാര്‍സോപ്പാണ് കമ്പനിയുടെ വിപണി മൂല്യം കൂട്ടിയത്. അലക്കുകല്ലില്‍ പതപ്പിച്ച അഞ്ഞൂറ്റൊന്നായിരുന്നു അക്കാലത്ത് അഴുക്കിനെ അലിയിച്ചു കളഞ്ഞത്. ടാറ്റാ പുരത്തിന്് സുഗന്ധം സമ്മാനിച്ച് ഹെയര്‍ ഓയിലും ഇവിടെ നിര്‍മിച്ചിരുന്നു. വളഞ്ഞുപിരിഞ്ഞ കുപ്പിയില്‍ നിന്ന് കൈവെള്ളയിലെടുക്കുന്ന ഹെയര്‍ഓയില്‍ ഒരു തലമുറയുടെ ആഢ്യത്വത്തിന്റെ അടയാളമായിരുന്നു. കൊച്ചി കായലിനടുത്തു അതിമനോഹരമായ സ്ഥലത്ത്് സ്ഥിതിചെയ്യുന്ന ടാറ്റ ഓയില്‍ മില്‍സില്‍ എത്തുന്ന അതിഥികള്‍ക്ക് ഉത്പന്നങ്ങളുടെ സാമ്പിളുകളുള്ള പാക്കറ്റ് നല്കുക പതിവുണ്ടായിരുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പം രത്തന്‍ ടാറ്റ അവധിക്കാലം ആഘോഷിക്കാന്‍ ടാറ്റാ പുരത്ത് എത്തുമായിരുന്നു. അച്ഛന്‍ നവല്‍ ടാറ്റയായിരുന്നു ടാറ്റ ഓയില്‍ മില്‍സ് കമ്പനിയുടെ ചെയര്‍മാന്‍. രത്തന്‍ ടാറ്റായുടെ ആദ്യ കേരള ബന്ധവും ഈ കൊച്ചി സന്ദര്‍ശനമായിരുന്നു.
1984-ല്‍ ടാറ്റാ കമ്പനിയുടെ വിപണിയിലെ മുഖ്യ എതിരാളിയായ ‘ഹിന്ദുസ്ഥാന്‍ ലിവര്‍’ (ഇന്നത്തെ ‘യൂണിലിവര്‍’) ടാറ്റ ഓയില്‍ മില്‍സ് ഏറ്റെടുത്തു. ടാറ്റ കമ്പനി ടാറ്റാപുരത്തോട് വിടപറഞ്ഞെങ്കിലും ഇടവഴികളില്‍ പോലും സുഗന്ധം പരത്തിയ ടാറ്റാ സോപ്പുകളും സ്വപ്‌ന ജോലിയുമായി നാടിന്റെ കൈപിടിച്ച ടാറ്റാ ഓയിലുമെല്ലാം ഇന്നലെയെന്ന പോല്‍ ഓര്‍ക്കുന്നവര്‍ ഇപ്പോഴും അവിടെയുണ്ട്. പ്രതാപകാലത്തെ കെട്ടിടങ്ങളും സ്ഥാപനങ്ങളുമെല്ലാം വിസ്മൃതിയിലേക്ക് മറഞ്ഞെങ്കിലും രത്തന്‍ ടാറ്റായെക്കുറിച്ചുള്ള നല്ലോര്‍മകള്‍ അയവിറക്കുന്നവര്‍.
ടാറ്റാ തഴുകിയ തഴവ
ടാറ്റാ കമ്പനിയുടെ സോപ്പുവിപണനത്തില്‍ പങ്കാളിയായ ഗ്രാമമാണ് തഴവ. രണ്ടാം ലോക മഹായുദ്ധക്കാലത്ത് അര്‍ദ്ധ പട്ടിണിയില്‍ കഴിഞ്ഞ ഗ്രാമീണരെ ഒന്നു നേരേ നില്‍ക്കാന്‍ സഹായിച്ചത് ടാറ്റാ കമ്പനിയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുക്കോയിക്കല്‍ വേലായുധനാണ് ജന്മനാടായ തഴവയെ ടാറ്റായുടെ ബിസിനസ് പങ്കാളിയായി മാറ്റിയത്. വൈക്കം സത്യഗ്രഹത്തിന്റെ ഖജാന്‍ജിയും എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയിരുന്നു വേലായുധന്‍. അദ്ധ്യാപകനായിരുന്ന അദ്ദേഹം ‘ഗുരുവും ശിഷ്യന്മാരും’, ‘ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം’, ‘ജീവിത വിമര്‍ശനം’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. 15 വര്‍ഷം ശ്രീനാരായണ ഗുരുവിനൊപ്പം ഉണ്ടായിരുന്ന വേലായുധന് മടങ്ങുമ്പോള്‍ ഗ്രാമീണ മേഖലയില്‍ എന്തെങ്കിലും ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഗുരു നല്‍കിയത്. അത് ശിരസാ വഹിച്ച വേലായുധന്‍, തഴപ്പാ കച്ചവടത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ ഒരു സംഘം രജിസ്റ്റര്‍ ചെയ്തു. 2062-ാം നമ്പര്‍ തഴവ കുടില്‍ വ്യവസായ സഹകരണ സംഘം. തിരുവിതാംകൂറിലെ ആദ്യത്തെ വായ്പേതര സഹകരണ സംഘമായിരുന്നു അത്. സഹകരണ പ്രസ്ഥാനം വഴി വ്യവസായ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്താന്‍ കഴിയുമെന്ന് കാണിച്ചു കൊടുത്തത് ഈ സംഘമാണ്. സംഘത്തിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ കട തുടങ്ങി പായ് കൊണ്ടുണ്ടാക്കിയ ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്തു.
അക്കാലത്താണ് കടലാസിന്റെ ദൗര്‍ലഭ്യം ഉണ്ടാകുന്നതും എന്തെങ്കിലും തദ്ദേശീയ പദാര്‍ത്ഥങ്ങള്‍ ഉപയോഗപ്പെടുത്തിയുണ്ടാക്കിയ ബാഗില്‍ ടാറ്റായുടെ സോപ്പ് ഫ്ലേക്സ് നിറയ്‌ക്കാന്‍ സാധിക്കുമോ എന്ന് കമ്പനി അന്വേഷിച്ചു തുടങ്ങിയതും. തഴപ്പായ്‌ക്ക് പേരുകേട്ട തഴവയിലേക്ക് അവരുടെ ശ്രദ്ധ പതിച്ചു. ടാറ്റാ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ കരുനാഗപ്പള്ളിയിലെത്തി. വേലായുധനുമായി സംസാരിച്ചു.
ടാറ്റാ കമ്പനിയുമായി ഒരു വ്യവസായം ഒത്തുവന്നാലത്തെ ഗ്രാമ സൗഭാഗ്യത്തെക്കുറിച്ച് വേലായുധന് നല്ല ബോധ്യം ഉണ്ടായിരുന്നു. സാമ്പിളായി തഴപ്പായില്‍ നിര്‍മ്മിച്ചു നല്‍കിയ ബാഗ് ടാറ്റാ കമ്പനിക്ക് സ്വീകാര്യമായി.
വലിയ മെത്തപ്പായ്കള്‍ നെയ്തിരുന്നവരെ കൊണ്ട് തുണ്ടു പായ്കള്‍ നെയ്യിപ്പിച്ചു. ബാഗിനു വേണ്ടി പ്രത്യേക അച്ചുകള്‍ ഉണ്ടാക്കി. ചുവന്ന നിറംപിടിപ്പിച്ച തഴകള്‍ കൊണ്ട് അരികുകള്‍ ഭംഗിയാക്കി. സ്ത്രീകള്‍ തുണ്ടുകള്‍ നെയ്തു. പുരുഷന്മാര്‍ അത് മുറിച്ചെടുത്ത് ഷേപ്പ് ചെയ്ത് അരികുകള്‍ ഭംഗിയാക്കി. നൂറുകണക്കിന് തൊഴിലാളികള്‍. ടാറ്റാക്കമ്പനിയുടെ ‘സോപ്പുപെട്ടി’കള്‍ അങ്ങനെ രൂപപ്പെട്ടു കൊണ്ടിരുന്നു.
ഗള്‍ഫ് സ്വപ്‌നം വരുന്നതിനു മുന്‍പ് കരുനാഗപ്പള്ളിയിലെ തഴവ ഗ്രാമം ഉണര്‍ന്നത് ടാറ്റാ കമ്പനിയുടെ കൈത്താങ്ങോടെയാണ്. തഴപ്പായില്‍ അന്നു നിറച്ചിരുന്നത് 501 ന്റെ സോപ്പ് ചീളുകളായിരുന്നു. തുടര്‍ന്ന് ടാറ്റാ കമ്പനി പ്രസന്റേഷന്‍ ബാഗുകള്‍ ആവശ്യപ്പെട്ടു. കൂടുതല്‍ മെച്ചപ്പെട്ട തഴ കൊണ്ട് ഭംഗിയേറിയ ബാഗുകള്‍ നിര്‍മിച്ചു നല്കി.
രത്തന്‍ ടാറ്റായെ അനുസ്മരിച്ച്, കോട്ടൂക്കോയിക്കല്‍ വേലായുധന്റെ മകളും എഴുത്തുകാരിയുമായ ഉഷ.എസ്.നായര്‍ എഴുതിയ കുറിപ്പില്‍ അര്‍ധ പട്ടിണിയില്‍ കഴിഞ്ഞ ഗ്രാമീണരെ ഒന്നു നേരേ നില്‍ക്കാന്‍ സഹായിച്ചത് ടാറ്റാ കമ്പനിയാണെന്നാണ് പറയുന്നത്. കൃഷിയും വ്യവസായവും എല്ലാ കൂടി ഉത്സവത്തിമിര്‍പ്പുണ്ടായിരുന്നൊരു കാലമായിരുന്നു അതെന്ന് ഉഷ പറയുന്നു. രത്തന്‍ ടാറ്റായുടെ അരങ്ങൊഴിയല്‍ വേളയില്‍ എന്റെ ഗ്രാമവും എന്റെ കുടുംബവും ആദരവോടെ, നന്ദിയോടെ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കു മുന്നില്‍ തലകുനിക്കുന്നതായും അവര്‍ എഴുതി.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും ടാറ്റയും
ടാറ്റായെ ബൂര്‍ഷ്വാസിയായി പ്രഖ്യാപിക്കുമ്പോഴും അറബിക്കടലില്‍ മുങ്ങേണ്ടവരാണെന്ന് പറയുമ്പോഴും കേരളം ഭരിച്ച കമ്യൂണിസ്റ്റുകാര്‍ക്ക് ടാറ്റ വേണമായിരുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ടാറ്റ നല്‍കിയ സംഭാവനകള്‍ സ്മരണീയമാണെന്ന്് രണ്ടുവരി അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പറയിച്ചതും അതാണ്.
മൂന്നാറിലെ കണ്ണന്‍ ദേവന്‍ തേയില തോട്ടങ്ങള്‍ ഏറ്റെടുത്ത് ടാറ്റാ ടീ എന്ന ഭീമന്‍ കമ്പനിയായി മാറിയതിലൂടെ തൊഴില്‍ ലഭിച്ചവരുടെ എണ്ണം സര്‍ക്കാര്‍ ജോലിക്കാരേക്കാള്‍ കൂടുതലായിരുന്നു. പിന്നീട് കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി എന്ന പേരില്‍ ഭൂരിഭാഗം ഷെയറുകളും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയായിരുന്നു. കൊച്ചിയിലെ മലബാര്‍ ഹോട്ടല്‍ വാങ്ങിയത് തേക്കടി ഉള്‍പ്പെടെ കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ പ്രചോദനമായി മാറി .1991ല്‍ കൊച്ചി കാക്കനാട് പ്രവര്‍ത്തനം ആരംഭിച്ച ടാറ്റാ സെറാമിക്‌സ് രാജ്യത്തെ ഏറ്റവും വലിയ ക്രോക്കറി നിര്‍മാണ, വില്‍പ്പനശാലയാണ്. കേരളത്തില്‍ വന്‍കിട നിക്ഷേപങ്ങള്‍ ഇല്ലാതിരുന്ന കാലത്തായിരുന്നു അത്. കേരളം ബിസിനസ് സൗഹൃദമല്ലെന്ന പ്രചാരണം അതിജീവിക്കാനായി ടാറ്റയുടെ വരവ് സഹായിച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ കേരളത്തിലെ അടുത്ത വന്‍ മുതല്‍മുടക്ക് കൊച്ചിയിലെ ടിസിഎസിന്റെ വമ്പന്‍ യൂണിറ്റാണ്. എയര്‍ ഇന്ത്യ ടാറ്റാ ഏറ്റെടുത്തത് കേരളത്തിന് വലിയ നേട്ടമായി. ടെക്നോപാര്‍ക്ക് തുടങ്ങിയപ്പോഴും കേരളം ടാറ്റയെ ആശ്രയിച്ചു. സിംഗപ്പൂരിലെ ടെക്നോളജി പാര്‍ക്കിനെ അടിസ്ഥാനമാക്കി ടാറ്റ കണ്‍സള്‍ട്ടസി സര്‍വീസസാണ് രൂപരേഖ തയാറാക്കിയത്. ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്തു തുടങ്ങിയ കാലത്ത് നിക്ഷേപകര്‍ മടിച്ചു. ടെക്കികള്‍ക്കുമുള്ള പരിശീലന കേന്ദ്രം ടിസിഎസ് അവിടെ സ്ഥാപിച്ചത് സംസ്ഥാന ഐടി രംഗത്തിനു തന്നെ തുണയായി. ടിസിഎസിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരെല്ലാം ടെക്‌നോപാര്‍ക്കിലെത്തിയാണു പരിശീലനം നേടിയിരുന്നത്. പിന്നീട് ടിസിഎസ് അവിടെ സോഫ്റ്റ് വെയര്‍ വികസന കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.
ടാറ്റാ കുടുംബത്തില്‍ പിറന്ന കമ്യൂണിസ്റ്റ് ആചാര്യന്‍
ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ നാഴികയ്്ക്ക് നാല്‍പ്പത്് വട്ടവും ടാറ്റായെ ആക്ഷേപിക്കുമ്പോള്‍, കമ്യൂണിസ്റ്റുകളുടെ ആചാര്യ സ്ഥാനത്തുള്ള ആള്‍ ടാറ്റാ വ്യവസായ കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു. സ്ഥാപകന്‍ ജംഷഡ്ജി ടാറ്റായുടെ സഹോദരീ പുത്രന്‍ ഷാപൂര്‍ജി സക്ലത്വാല. മുംബൈയില്‍ ജനിച്ച ഷാപൂര്‍ജി പഠനത്തിനു ശേഷം ടാറ്റാ കമ്പനിയിലാണ് ജോലി നോക്കിയത്. പിന്നീട് ലണ്ടനില്‍ പോയി. റഷ്യന്‍ ബോള്‍ഷെവിക് വിപ്ലവത്തിന്റെ പ്രചോദനത്താല്‍ കമ്യൂണിസ്റ്റായി. 1922 ലെ പൊതുതെരഞ്ഞെടുപ്പില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ കമ്യൂണിസ്റ്റ് എംപിമാരില്‍ ഒരാള്‍. ദാദാഭായ് നവറോജിക്കും സര്‍ മഞ്ചര്‍ജി ഭൗനാഗ്രീയെയ്‌ക്കും പിന്‍ഗാമിയായി ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ഭാരതീയന്‍. യാദൃച്ഛികമായി മൂന്നുപേരും ബോംബെ പാഴ്സി സമുദായത്തില്‍പ്പെട്ടവരും. 1926ല്‍ പൊതു പണിമുടക്കില്‍ നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്തു. തടവ് ശിക്ഷ ലഭിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി കോമണ്‍സിനകത്തും പുറത്തും ഷാപൂര്‍ജി വാദിച്ചു.
ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ആദ്യ സമ്മേളനം എന്നു പറയപ്പെടുന്ന 1925 ലെ കാണ്‍പൂര്‍ സമ്മേളനം നടക്കുമ്പോള്‍ ഷാപൂര്‍ജി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗമാണ്. ‘ഇന്ത്യയില്‍ വലുതും സുസ്ഥിരവുമായ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. ബ്രിട്ടണില്‍, ഷാപൂര്‍ജി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലവനായി ഓര്‍മിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അത്ര മതിപ്പില്ല. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും മാവോയുടേയും ആരാധകര്‍ക്ക് ഭാരത ദേശീയത അംഗീകരിക്കുന്ന കമ്യൂണിസ്റ്റിനെ അംഗീകരിക്കാന്‍ ഇന്നും മടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: