പ്രൊഫ. കെ.പി.ശശിധരന്‍
നിനച്ചിരിക്കാതെയാണ് യുനെസ്‌കോയുടെ സാഹിത്യനഗരി എന്ന പദവി കോഴിക്കോടിന് ലഭിച്ചത്. എത്രയോ പേരെ അക്ഷരാര്‍ത്ഥത്തില്‍ ഈ നഗരം എഴുത്തിനിരുത്തി നാവുദോഷം നീക്കി പോഷിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, അതേ ചുറ്റുപാട് തിരുവനന്തപുരം നഗരത്തിനും അവകാശപ്പെടാവുന്നതാണ്. പുസ്തകത്തിന്റെ പുഞ്ചകൃഷിയും പൊങ്കാലയുമൊക്കെ അവിടെയുമുണ്ടായിരുന്നു. അത്രയുംകൊണ്ട് എല്ലാമാകില്ല. ഉള്ളത് നാലുപേരറിയണം. കോഴിക്കോടിന്റെ അക്ഷരപ്പെരുമക്ക് അന്താരാഷ്‌ട്ര പരിഗണന നേടിക്കൊടുത്ത ഉത്സാഹികളെ വേണം അഭിനന്ദിക്കാന്‍. വാള്‍ട്ടര്‍ സ്‌കോട്ട്, ആര്‍.എല്‍. സ്റ്റീവന്‍സണ്‍, ആര്‍തര്‍ കൊനാന്‍ ഡോയല്‍ മുതല്‍ ജെ.കെ. റൗളിംഗ് വരെയുള്ള ഉന്നതരായ എത്രയോ സാഹിത്യകാരന്മാര്‍ക്ക് ജന്മം നല്‍കിയ സ്‌കോട്ട്ലന്റിലെ എഡിന്‍ബറോ നഗരത്തിന്റെ സര്‍ഗ്ഗവിതാനത്തിലേക്ക്, സഞ്ജയന്റെ ‘കോമു’ (കോഴിക്കോട് മുനിസിപ്പാലിറ്റി) വളര്‍ന്നതുകണ്ട് പലരും അമ്പരന്നു. മലബാറിലെ ഈ ചെറുപട്ടണത്തിന്റെ, അങ്ങാടിയുടെ അയല്‍പക്കത്തിരുന്ന് തുഞ്ചനും കുഞ്ചനും പൂന്താനവും ചെറുശ്ശേരിയും മലയാളഭാഷയെ ചിട്ടപ്പെടുത്തിയതും, പട്ടത്താനവും, പതിനെട്ടരക്കവിയും മനോരമത്തമ്പുരാട്ടിയും ഒരു രാജഭരണത്തിന്റെ അഭിമാനമായി മാറിയതും പരിഗണിച്ചാല്‍ ഈ പറഞ്ഞ അമ്പരപ്പ് ശമിക്കും. നന്മകൊണ്ട് സമ്പന്നമായിരുന്ന കോഴിക്കോട്, നാട്യപ്രധാനമായ ദരിഗ്രനഗരമായിരുന്നില്ല. കളവില്ലാത്ത കച്ചവടത്തിന്റെ ഈ ശ്രീനഗരത്തില്‍ സരസ്വതിക്കും അര്‍ഹിക്കുന്ന ഇടം കിട്ടി. അങ്ങാടിയിലെ പണപ്പയറ്റിനിടയിലും ഈശ്വരനും ഐശ്വര്യവും ഒന്നാണെന്ന തത്വം ജനങ്ങള്‍ മറന്നില്ല.
കലാസാഹിത്യ സംസ്‌കൃതിയുടെ നിലവറയാണ് കോഴിക്കോട് എന്നല്ല പറഞ്ഞുവരുന്നത്. അത് കേവലം മേനിപറച്ചിലായിരിക്കും. പുസ്തകപ്രകാശനം, പുരസ്‌കാരദാനം, സാഹിത്യചര്‍ച്ച, അനുമോദനസഭ തുടങ്ങിയ കൗതുകങ്ങള്‍ ഇവിടെ കാണപ്പെട്ടിരുന്നു. നഗരത്തിലെ പൊതുവേദികള്‍, വേനല്‍ക്കാലത്ത് പ്രത്യേകിച്ചും, പാട്ടും നാടകവുംകൊണ്ട് നിറഞ്ഞു. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുപോലും സാംസ്‌കാരിക സമ്മേളനം ഒഴിച്ചുകൂടാന്‍ വയ്യാതായി. ശാസ്ത്രീയസംഗീതം തമിഴ് ബ്രാഹ്മണ സമൂഹത്തിനപ്പുറത്തേക്ക് വേണ്ടത്ര വികസിച്ചില്ല. വല്ലപ്പോഴും ആസ്വാദകര്‍ക്കിടയിലേക്ക് വിരുന്നു വരാറുള്ള കഥകളി, കൂടിയാട്ടം തുടങ്ങിയ ദൃശ്യ സൗഭാഗ്യങ്ങളുടെ കാര്യം പറയുകയും വേണ്ട.
പാരമ്പര്യ വഴിയിലെ ഗീത, നൃത്ത, വാദ്യാദി കലകള്‍ തേവരുടെ മതില്‍ക്കെട്ടിനുള്ളില്‍ പട്ടിണിയുണ്ട് കിടന്നു. അമ്പലമണിപോലെ അത് ഇടവേളകളില്‍ ഞെട്ടിയുണര്‍ന്ന് മയങ്ങി. ക്ഷേത്രസംസ്‌കാരത്തിന്റെ ശൂന്യമായ ഭണ്ഡാരത്തിനുമേല്‍ ദീര്‍ഘകാലം കിടന്നുറങ്ങിയതുകൊണ്ടാകണം, കോഴിക്കോടിന്റെ മണ്ണില്‍ ക്ലാസിക്കല്‍ കലയുടെ കരവിരുത് വിരിഞ്ഞില്ല. സാത്വിക സൗന്ദര്യത്തിന്റെ ചന്ദനഗന്ധം പരന്നില. നവരാത്രി മണ്ഡപമുണര്‍ന്നില്ല. സാമൂതിരി സ്വരൂപത്തിന്റെ ഉത്സാഹത്തില്‍ രൂപംകൊണ്ട കൃഷ്ണനാട്ടത്തിനുപോലും കോവിലിന്റെയും കോവിലകത്തിന്റെയും പരിമിതിക്കുള്ളില്‍ കഴിഞ്ഞുകൂടാനായിരുന്നു വിധി.
കാല്‍പന്ത് സൗന്ദ്യരം നിറയുന്ന കോഴിക്കോട്
ഫോക്ലോറിന്റെ പാരമ്പര്യമില്ലാത്ത അമേരിക്കക്ക്, അതിനെ പുതുതായി നിര്‍മ്മിക്കേണ്ടിവന്നുവത്രേ. ടാര്‍സനും മാന്‍ഡ്രേക്കും ഫാന്റവും സ്പൈഡര്‍മാനും മറ്റും ആ ശൂന്യതയെ കുറെയൊക്കെ നികത്തി. മനുഷ്യന് അതില്ലാതെ ജീവിക്കാനാവില്ല. സംസ്‌കാരത്തിന്റെ കാഴ്ചശ്ശീവേലി ഒരിക്കലും മുടങ്ങരുത്. കണ്ണിന്റേയും കാതിന്റേയും കൗതുകത്തെ, ആസക്തിയെ വിലക്കുന്നത് വിപരീതഫലം ചെയ്യും.കോഴിക്കോട് നഗരത്തിന്റെ ഫുട്ബോള്‍ ഭ്രാന്ത് എനിക്ക് നേരിട്ടറിയാം. ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുന്ന ബ്രിട്ടീഷ് ഫുട്ബോള്‍ ഭ്രാന്തന്മാര്‍ക്ക് കോഴിക്കോട്ടുകാരുടെ ‘കളിഭ്രാന്ത്’ മാതൃകയാവേണ്ടതാണ്. മൈതാനത്തിലെ കളിക്കാരും, ഗാലറിയിലെ കാണികളും തമ്മിലുള്ള അഭേദമാണ് കോഴിക്കോടന്‍ ഫുട്ബോള്‍. അതിന്റെ വേരുകള്‍ മലബാറിലെ ബ്രിട്ടീഷ് ഭരണകാലത്തിലേക്ക് നീണ്ടുകിടക്കുന്നു. മൈതാനത്തിലെ രംഗമണ്ഡപത്തില്‍ വിടരുന്ന ഈ സംഘനൃത്തത്തിന്അനുയോജ്യമാംവിധം ഗാലറികളില്‍ നിന്ന് ആവേശത്തിന്റെ കോറസ്സ് മുഴങ്ങും. തൃശൂരുകാര്‍ക്ക് പൂരം വികാരമാകുന്നതുപോലെയാണ് കോഴിക്കോട്ടുകാര്‍ക്ക് ഫുട്ബോള്‍. 1952 ല്‍ സേഠ് നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് കാല്‍പ്പന്തിന്റെ ഒരു സ്ഥിരം വേദിയായി മാറിയതോടെ, നാട്ടിന്‍പുറങ്ങളിലേക്കും അതിന്റെ ലഹരി പടര്‍ന്നു. പാകിസ്ഥാനിലെ കറാച്ചി കിക്കേഴ്സ്, 55 ലും 56 ലും നാഗ്ജി ട്രോഫി നേടി ഈ കളിയാട്ടത്തിന്റെ ഖ്യാതി അതിര്‍ത്തിക്കപ്പുറമെത്തിച്ചു. ഇന്ദര്‍സിങ്ങും ജര്‍നൈല്‍ സിങ്ങും മഗന്‍സിങ്ങും ബീര്‍ബഹദൂറും സുല്‍ഫിഖറുമൊക്കെ താരപ്പകിട്ടുള്ള കളിവീരന്മാരായി കോഴിക്കോട്ടുകാരുടെ ഫോക്ലോറില്‍ ഇടംപിടിച്ചു. ഇതേ കാലത്താണ് നഗരത്തിന്റെ അയല്‍പ്പക്കത്തുള്ള കടത്തനാടിന്റെ വടകരക്കളരിയില്‍, പറന്നുവെട്ടുന്ന വോളിബോള്‍ ഉയരം കണ്ടെത്തിയത്. ആള്‍ക്കൂട്ടത്തിന്റെ ആരവമൊടുങ്ങാന്‍ കോഴിക്കോടന്‍ കാല്‍പന്തിന്റെ കാല്‍പനികതക്ക് അധികകാലം വേണ്ടിവന്നില്ല. മൈതാനത്തിലെ പന്തുകളി, ടെലിവിഷനിലെ വേഗമേറിയ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ശൈലിക്ക് വഴിമാറിയതോടെ ഫുട്ബോളിന്റെ കൂട്ടായ്മ, രാപ്പകലുകളുടെ സ്വകാര്യവിനോദമായി സ്വീകരണമുറിയിലേക്ക് ചുരുങ്ങി. എങ്കിലും കാല്‍പെരുമാറ്റത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരു തോല്‍പ്പന്ത് ഇപ്പോഴും കോഴിക്കോട്ടുകാരുടെ ഹൃദയത്തിലുണ്ട്.
ഗുസ്തിയും എഴുത്തും
ഗുസ്തിയോടുള്ള കമ്പം എപ്പോഴാണ് ഈ നഗരത്തിലേക്ക് ചുവടുവെച്ചതെന്നറിയില്ല. കശ്മീരില്‍ ജനിച്ച്, വിഭജനത്തിനുശേഷം ലാഹോറിലേക്ക് കുടിയേറിയ മല്‍പ്പിടുത്തത്തിന്റെ ഉലകനായകനായിരുന്ന ഗാമയെ, കാപ്പാട് കപ്പലിറങ്ങിയ ഗാമയെപ്പോലെ ഇവിടത്തെ പഴമക്കാര്‍ക്ക് അറിയാമായിരുന്നു. അറുപതുകളിലോ മറ്റോ ആകണം, കോഴിക്കോട് നഗരത്തില്‍ അരങ്ങേറിയ, ദിവസങ്ങള്‍ നീണ്ടുനിന്ന മല്‍പിടുത്ത മത്സരത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സിലുണ്ട്. ഈ മല്ലയുദ്ധം എ്രതവര്‍ഷം തുടര്‍ന്നുവെന്നറിയില്ല. ദാരാസിങ്ങും ഹംഗറിക്കാരനായ കിങ്കോങ്ങുമായിരുന്നു, പ്രധാന ഗുസ്തിക്കാര്‍. ഇവര്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയിലും വേഷമിട്ടു. ദാരാസിങ്ങിന്റെ സഹോദരനായ എസ്.എസ്. റന്ധാവയും അജിത് സിങ്ങും ഗോദയിലുണ്ടായിരുന്നു. ഇവര്‍ ഒരു ദിവസം കഴിക്കുന്ന പാലും കോഴിമുട്ടയും ഇറച്ചിയും പത്രവാര്‍ത്തകളായി മാറി. അക്കാലത്താണ് കോഴിക്കോട്ടെ പ്രശ്സതമായ ഒരു കോളജിന്റെ നൂറാം പിറന്നാള്‍ കൊടിയേറിയത്. ആഘോഷത്തോടനുബന്ധിച്ച് ധനശേഖരണാര്‍ത്ഥം യേശുദാസിന്റെ ഗാനമേള നടത്തണമെന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെട്ടു. പാട്ടുകാര്‍ക്കും പക്കമേളക്കാര്‍ക്കും പൈസ കൊടുത്താല്‍ പിന്നെ ഗാനമേളയില്‍ മിച്ചമൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ ഒരു രസികന്‍, കോഴിക്കോട്ടു നഗരത്തില്‍ എളുപ്പത്തില്‍ പണം കണ്ടെത്താന്‍ ദാരാസിങ്ങിന്റെ ഗുസ്തിക്കാണ് കഴിയുക എന്ന് വാദിച്ചു. ജൂബിലിക്ക് ദാരാസിങ് വനില്ലെങ്കിലും, ആഘോഷത്തിന്റെ നടത്തിപ്പില്‍ അദ്ദേഹത്തിന്റെ സംഭാവനയായ ഗുസ്തിക്ക് ഒരു ക്ഷാമവുമുണ്ടായില്ല.
വിദ്യാലയങ്ങളും മാധ്യമസ്ഥാപനങ്ങളും അച്ചടിശാലകളും വര്‍ധിച്ചതോടുകൂടിയാണ് എഴുത്തിന്റെ കോഴിക്കോടന്‍ പൂ
ക്കാലം തുടങ്ങുന്നത്. ഈ നഗരത്തില്‍ കുടുംബവേരുള്ള സാഹിത്യകാരന്മാര്‍ എണ്ണാന്‍ മാത്രമില്ല. ജോലി മാറ്റമില്ലാതെ സ്ഥിരക്കാരായി പ്രവൃത്തിയെടുക്കാനുള്ള അവകാശം ലഭിച്ചതോടെ, ഉദ്യോഗം സമ്പാദിച്ചവരൊക്കെ നഗരത്തില്‍ അന്യന്മാരല്ലാതായി. അവരുടെ കുട്ടികള്‍ കോരപ്പുഴക്ക് തെക്കുള്ള വാമൊഴിയേറ്റ് വളര്‍ന്നു.
ഇതിന് ഒരു മറുവശംകൂടിയുണ്ട്. തെക്കന്‍ കേരളത്തില്‍നിന്ന് മലബാറിലേക്ക് അധ്യാപകരായും സര്‍ക്കാര്‍ ജീവനക്കാരായും എത്തിയവര്‍ മിക്കവരും വന്നതിനേക്കാള്‍ വേഗത്തില്‍ മടങ്ങി. ഹ്രസ്വകാല മലബാര്‍ ബന്ധം അവര്‍ക്ക് വാസ്തവത്തില്‍ നാടുകടത്തലായിരുന്നു. ആകാശവാണിയിലും പത്രങ്ങളിലും കലാശാലകല്‍ലും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലും ജോലിചെയ്തവരായിരുന്നു നഗരത്തിലെ സാഹിത്യകാന്മാരില്‍ മിക്കവരും. പൂര്‍ണ്ണസമയ എഴുത്തച്ഛന്മാര്‍ കുറവായിരുന്നു. സ്ഥിരവരുമാനം അവരുടെ എഴുത്തിന്റെ വേഗം കൂട്ടി എന്നു ചുരുക്കം. എഴുതിയത് പ്രസിദ്ധപ്പെടുത്താനുള്ള ആനുകാലികങ്ങളും പുസ്തകരൂപത്തില്‍ പ്രകാശിപ്പിക്കാനുള്ള പ്രകാശനാലയങ്ങളും, അച്ചുകൂടങ്ങളും അവരെ അനുഗ്രഹിച്ചിരുന്നു. മാരാര്, സഞ്ജയന്‍, പൊറ്റെക്കാട്ട്, ഉറൂബ്, അക്കിത്തം, കക്കാട്, തിക്കോടിയന്‍, കെ.പി.കേശവമേനോന്‍, കൃഷ്ണവാര്യര്‍, ആര്‍. രാമചന്ദ്രന്‍, എം.ടി. വാസുദേവന്‍നായര്‍, ജി.എന്‍. പിള്ള, എം.ജി.എസ്, എം.ആര്‍.ബി, യു.എ. ഖാദര്‍, വത്സല, എന്‍.പി. മൊഹമ്മദ്, കെ.ടി. മുഹമ്മദ് തുടങ്ങിയ അക്ഷരപീഠം കയറിയ എത്രയോ സാഹിത്യകാരന്മാരെക്കൊണ്ട് ഈ നഗരം സമ്പന്നമായി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കും ആദ്യകാല നോവലിസ്റ്റും ബാങ്കറുമായ അപ്പു നെടുങ്ങാടിക്കും കോഴിക്കോടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തലയോലപ്പറമ്പിലെ ബഷീറിന്റെ അന്ത്യവിശ്രമം, ബേപ്പൂരിന്റെ മണ്ണിലായത് മറ്റൊരു വിസ്മയം. അഗ്രഗാമികളുടെ വഴി പിന്തുടര്‍ന്ന പുതിയ തലമുറയിലെ എഴുത്തുകാരും നിരാശപ്പെടുത്തിയില്ല. തരുവായി ആകാശത്തിലേക്കും തണലായി മണ്ണിലേക്കും പന്തല്‍ കെട്ടി, പരവതാനി വിരിച്ച സര്‍ഗ്ഗസമൃദ്ധിയുടെ പൂക്കാലം കഴിഞ്ഞുവെന്നും, മഴ കഴിഞ്ഞ് മരം പെയ്യുന്നതിന്റെ അക്ഷരമര്‍മ്മരമാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്നും ദോഷൈകദൃക്കുകള്‍ പറയുന്നു. സെല്‍ഫോണിലെ സര്‍വ്വാഭീഷ്ടപൂജ കഴിഞ്ഞാല്‍ പിന്നെ സരസ്വതീവന്ദനം നടത്താന്‍ എവിടെ സമയം? പുസ്തകത്തിന്റെ അസ്തമയം ഉണ്ടാകാതിരിക്കട്ടെ.
പട്ടണപ്പഴമയുടെ മുഖം അപ്പാടെ മാറിയതിനെക്കുറിച്ചുള്ള ഓര്‍മ്മയുടെ നോവുകള്‍ പല കോണുകളില്‍നിന്നായി ഉയര്‍ന്നുവരുന്നു. നഗരത്തിന്റെ ഇന്നലെകളെ സംരക്ഷിക്കുന്ന നിര്‍മ്മിതികള്‍ ഇവിടെ ഏറെക്കുറെ ഇല്ലാതായി. ബ്രിട്ടീഷ് ശൈലിയില്‍ പണിതതും, പ്രത്യേകിച്ച് ജരാനരയോ അംഗവൈകല്യമോ ഒന്നും സംഭവിക്കാത്തതുമായ നഗരമധ്യത്തിലെ അതിമനോഹരമായ കളക്ടറേറ്റ് കെട്ടിടം തച്ചുടച്ച് തല്‍സ്ഥാനത്ത് എല്‍ഐസിയുടെ ഒരു അസുരമന്ദിരം പണിതുയര്‍ത്തിയത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. വീതിയേറിയ മരക്കോണിയും, വലിയ വാതിലും ജനലും ഉയര്‍ന്ന മേല്‍ക്കൂരയുമുണ്ടായിരുന്ന ഈ കെട്ടിടത്തില്‍ കൃത്രിമക്കാറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. സമീപത്തായി ഏതാണ്ട് ഇതേ മൂശയില്‍ വാര്‍ത്തെടുത്ത കോമണ്‍വെല്‍ത്തിന്റെ വലിയ നെയ്‌ത്തുകേന്ദ്രത്തിന് ഇനി ഒരു ശവപ്പുതപ്പിന്റെ ആവശ്യമേയുള്ളൂ. ചിതല്‍ തിന്ന ഈ പണിപ്പുരയെ ചിതയിലേക്കെടുക്കാന്‍ തൊഴിലാളികള്‍ പോലും അവശേഷിക്കുന്നില്ല.
കോമണ്‍വെല്‍ത്ത് നെയ്‌ത്തുശാലക്കും മാനാഞ്ചിറ മൈതാനത്തിനുമിടയിലുളള പാതയുടെ ഇരുവശത്തുമായി കൈനോട്ടക്കാര്‍ ധാരാളമുണ്ടായിരുന്നു. കൈരേഖ വരച്ചുവെച്ച ഒരു കോറമുണ്ട് ടെന്റ് പോലെ വലിച്ചുകെട്ടി, അതിന്റെ ഉള്ളില്‍ ഇരുന്നാണ് ഇവര്‍ ഭൂതവും വര്‍ത്തമാനവും ഭാവിയും പ്രവചിച്ചിരുന്നത്. സ്വന്തം ഭാവിയില്‍ ഇരുല്‍റങ്ങുന്നത് കണ്ടിട്ടാവണം അവരൊക്കെ സ്ഥലംവിട്ടു.
പ്രൗഢി മങ്ങി
ഫറോക്ക് അങ്ങാടിയും
പരമ്പരാഗത
തൊഴില്‍ശാലകളും
ചെറുതും വലുതുമായ വ്യവസായശാലകള്‍ നഗരത്തിലും പരിസരങ്ങളിലുമായി ഏറെക്കാലം നട്ടെല്ലു വളയാതെ തലയുയര്‍ത്തി നിന്നിരുന്നു. റയോണ്‍സ്, ഓട്, ഇഷ്ടിക, മരം, തീപ്പെട്ടി, സിറാമിക്, ടെക്സ്റ്റൈല്‍, സ്റ്റീല്‍, കൊപ്പര മലഞ്ചരക്ക് തുടങ്ങിയവയുടെ വ്യവസായ, വ്യാപാര സാധ്യതകളെ പുതിയ കമ്പോള വ്യവസ്ഥിതിയും സര്‍വ്വലോക തൊഴിലാളി സംഘങ്ങളും ചേര്‍ന്ന് വീതംവെച്ചു. കമ്പനികളിലെ കാഹളം കേട്ട് ഓടിയിരുന്ന ഫറോക്കിലെയും സമീപപ്രദേശങ്ങളിലെയും തൊഴിലാളികള്‍ എവിടെയോ അപ്രത്യക്ഷരായി. ശനിയാഴ്ചകളിലെ തിരക്കേറിയ ഫറോക്ക് അങ്ങാടി ഇപ്പോള്‍ ഉറങ്ങിക്കിടക്കുന്നു. കല്ലായി മരവ്യവസായത്തിന്റെയും ആരവമടങ്ങി. മാവൂര്‍ വ്യവസായകേന്ദ്രത്തിന്റെ പതനത്തെക്കുറിച്ച് വിലപിക്കുന്നവര്‍, മേല്‍പറഞ്ഞ തരത്തിലുള്ള നൂറുകണക്കിന് തൊഴില്‍ശാലകളുടെ കുരലടഞ്ഞുപോയതിനെക്കുറിച്ചു മൗനം പാലിക്കുകയാണ് പതിവ്.
ഈ തുറമുഖ നഗരത്തിലെ കൊള്ളലും കൊടുക്കലും നടന്നതിന്റെ കാലടിപ്പാടുകള്‍ അന്വേഷിക്കുന്നവരെ തൂണുകള്‍ മാത്രം ബാക്കിയായ കടല്‍പ്പാലമാണ് എതിരേല്‍ക്കുക. വിദേശകച്ചവടക്കപ്പല്‍ നങ്കൂരമിട്ട പുറംകടല്‍ ഇപ്പോള്‍ ശൂന്യമാണ്. ചരക്കു കൊള്ളാനെത്തുന്നവരുടെ സ്ഥാനത്ത്, കാറ്റുകൊള്ളാനെത്തുന്നവര്‍ തിരക്കുകൂട്ടുന്നു. വലിയങ്ങാടിക്കു സമീപം പ്രതാപകാലത്തിന്റെ നിഴല്‍ ചൂടിനില്‍ക്കുന്ന ഗുജറാത്തി സമൂഹം ഇപ്പോഴുമുണ്ട്. അവരുടെ എണ്ണം വ്യാപാരത്തിനൊത്തവണ്ണം ചുരുങ്ങിപ്പോയി. കോഴിക്കോട്ടുകാര്‍ ഇവരിലൂടെയാണ് ദീപാവലിയെ മനസ്സിലാക്കിയത്. പാളയം റോഡിന്റെ പടിഞ്ഞാറേയറ്റത്ത് ചെമ്പുപാത്രക്കച്ചവടം നടത്തിയിരുന്ന, കഴുത്തില്‍ വെന്തിങ്ങ ധരിച്ച ഗോവ ക്രിസ്ത്യാനികളുടെ അവസ്ഥയും വ്യത്യസ്തമല്ല. ചെമ്പുപാത്രത്തില്‍ താളം തെറ്റാതെ വീഴുന്ന ചുറ്റികയുടെ കൊട്ടുകേട്ട് അതുവഴി നടന്നുപോയവരെ ഇപ്പോള്‍ എതിരേല്‍ക്കുന്നത് വിജനമായ കടകളാണ്. പുതിയ മേച്ചില്‍പ്പുറം തേടി ഗോവക്കാരും പിന്‍വാങ്ങിയിട്ടുണ്ടാവും. ചെമ്പിന്റെ സമീപത്തുതന്നെ സ്വര്‍ണ്ണവുമുണ്ട്. പാത്രക്കടയോട് തൊട്ടുരുമ്മി ഗൗഡസാരസ്വതരുടെ സ്വര്‍ണ്ണപ്പീടികകള്‍ ഇടംപിടിച്ചിരുന്നു. കൂട്ടുകുടുംബത്തിന്റെ പ്രതീതി ജനിപ്പിക്കും വിധമായിരുന്നു അവരുടെ വാണിജ്യം. പൊന്നുതമ്പുരാക്കന്മാര്‍ നഗരത്തിന്റെ കിഴക്കുഭാഗത്ത് കനകക്കുന്ന് പണിഞ്ഞതോടെ കൊങ്ങിണിപ്പൂവ് കൊഴിഞ്ഞുപോയി. തെരഞ്ഞെടുക്കാന്‍ പലതരമുണ്ടെങ്കിലേ ഉപഭോക്താവായ രാജാവ് എഴുന്നുള്ളുകയുള്ളൂ. പാളയത്തെ പ്രസിദ്ധമായ സ്വര്‍ണ്ണത്തെരുവില്‍ പലവ്യജ്ഞനക്കാര്‍ കൂടുകെട്ടി. ആഭരണക്കടകളുടെ അവസാനത്തെ അടയാളമില്ലാതാവാന്‍ ഇനി അധികം താമസമില്ല. മുട്ടായിത്തെരുവില്‍ പരമ്പരാഗതമായി കച്ചവടം ചെയ്തുപോന്നവരുടെ പേരുകള്‍പോലും മാഞ്ഞുപോയി.
ഗള്‍ഫ് നാടുകളില്‍നിന്ന് മടങ്ങിയ പ്രവാസികള്‍, വൈശ്യവൃത്തിയുടെ മറുനാടന്‍ അടവും മൂലധനത്തിന്റെ മികവുമായി രംഗപ്രവേശം ചെയ്തതോടെ അങ്ങാടി വാണിഭത്തിന്റെ പഴയ തൂവലുകള്‍ ഓരോന്നായി കൊഴിഞ്ഞു. താഴുവീണ കടകള്‍ക്ക് പുതിയ പേര് വന്നു. ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി, വ്യാപാരത്തിന് പ്രത്യേക വര്‍ണ്ണമില്ലാത്ത, കാര്‍ഷികമൂല്യങ്ങളിലൂന്നിയ മലബാറിലെ ഹിന്ദുക്കളുടെ പീടീകകളാണ് അധികവും പൂട്ടിയത്. കച്ചവട പാരമ്പര്യമുള്ള മുസ്ലിങ്ങള്‍ വാണിജ്യത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തി. വാണിജ്യത്തില്‍നിന്ന് വ്യവസായത്തിലേക്ക് വികസിക്കാന്‍ പിന്നെ അവര്‍ക്ക് അധികം കാലം വേണ്ടിവന്നില്ല.
കാലം മാറി, സ്വാദും
കാലം കടന്നുപോയപ്പോള്‍, വാക്കിന്റെയും നാക്കിന്റെയും നടപ്പിന്റെയും വഴി മാറി. അഭിരുചിയുടെ പുതിയ പാചകവിധി അരങ്ങിലെത്തി. ആര്‍ക്കാണ് മാറ്റങ്ങളുടെ ഈ കുത്തൊഴുക്കിനെ പ്രതിരോധിക്കാനാവുക? നാട്ടിന്‍പുറത്തിന്റെ മണമുയരുന്ന, രുചിയുണരുന്ന ഭക്ഷണശാലകളാണ് കോഴിക്കോടുണ്ടായിരുന്നത്. ഊണ് മരിച്ചു; പകരം മീല്‍സ് ജനിച്ചു. വെള്ളപ്പം, അവിലു കുഴച്ചത്, കൊഴുക്കട്ട, ഉപ്പുമാവ്, ഇലയട, പഴം പു
ഴുങ്ങിയത് മുതല്‍ ചെറുപയര്‍, കടല, ഉരുളക്കിഴങ്ങ്, മരച്ചീനി മുതലായവയുടെ കറികള്‍ വരെ അവിടെ കിട്ടുമായിരുന്നു. എണ്ണയില്‍ പൊരിയാത്ത ഉള്‍നാട്ടിലെ സ്വാദും കൊതിയും ആവിയായി പതുക്കെ പട്ടണത്തിന്റെ മതില്‍ക്കെട്ട് കടന്നു. പകരം പുതിയ വിഭവങ്ങള്‍ കടന്നുവന്നു; വിചിത്രമായ പേരും തടിച്ച ബില്ലുമായി. കോഴിക്കോട്ടെ കേള്‍വികേട്ട ഹല്‍വയുടെയും കായവറുത്തതിന്റെയും കാലാവധി എപ്പോഴാണ് തീരുക എന്ന് നിശ്ചയമില്ല.
ഈ നഗരത്തിന്റെ പെരുമയിലേക്ക് ഒരു ഓട്ടോറിക്ഷ ഓടിക്കിതച്ച് വരുന്നു. പട്ടണത്തിനു പുറത്തെ പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു ഡ്രൈവര്‍മാര്‍. എന്തെങ്കിലും കാരണംകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയില്ലെങ്കില്‍ പാതിവഴിയിലോ മുക്കാല്‍ വഴിയിലോ വച്ച് സവാരി അവസാനിപ്പിച്ച് പ്രതിഫലം വാങ്ങാതെ അവര്‍ തിരിച്ചുപോകും. ഈ നന്മ നാട്ടുമര്യാദയുടെ ഈടുവെപ്പാണ്. നാല്‍പതുവര്‍ഷം മുമ്പുള്ള ഒരു സ്വാനുഭവം കുറിക്കട്ടെ. നഗരത്തില്‍നിന്ന് കുറെ മാറി കുന്നിന്‍മുകളിലുള്ള ഒരു കോളജിലേക്ക് ഓട്ടോയില്‍ പോകുന്നു. കാല്‍ മണിക്കൂര്‍ സഞ്ചരിച്ച് അടഞ്ഞുകിടക്കുന്ന കോളജ് കവാടത്തിനു മുമ്പില്‍ വണ്ടി നിന്നു. സമയം രാത്രി പതിനൊന്നു മണിയായിട്ടുണ്ടാവും. വിക്കറ്റ് ഗേറ്റ് കടന്ന് കയറ്റം കയറി വേണം താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലെത്താന്‍. പാതിരാമഴ കടന്നുവന്നത് പെട്ടെന്നായിരുന്നു. അതിന്റെ കനത്ത കാലൊച്ച കേട്ട് മുകളിലേക്ക് നനഞ്ഞ് കയറവെ, അതാ വരുന്നു പിറകില്‍ ഒരു കുടയുമായി നമ്മുടെ ഡ്രൈവര്‍. താമസസ്ഥലംവരെ ആ ‘രക്ഷകന്‍’ എന്നെ അനുഗമിച്ചു. ഇങ്ങനെയുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ ഈ നഗരത്തില്‍ ഇപ്പോള്‍ ഉണ്ടോ? ശീലയും ഇല്ലിയും പിടിയും മാറ്റിയശേഷം മുത്തച്ഛന്‍ പിന്നെയും തന്റെ ‘പഴംകുട’യുമേന്തി നടക്കുന്നതായി ഭാവിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഓട്ടോറിക്ഷയില്‍ മാവേലി വന്നിറങ്ങുന്നത് സ്വപ്നം കാണാന്‍ നമുക്ക് അവകാശമുണ്ട്.
സാമൂതിരിയുടെ കോഴിക്കോട് ഇപ്പോള്‍ വികസിക്കുന്നത് കിഴക്കു ഭാഗത്തേക്കാണ്. നഗരം ഗ്രാമങ്ങളെ വളയുന്നു; വാരി വിഴുങ്ങുന്നു. വന്‍കിട മാളുകള്‍ക്ക് ചെറുകിടക്കാര്‍ തീറ്റയാവുന്നുണ്ടത്രെ. മാത്സ്യന്യായത്തിന് മരണമില്ല. മാനാഞ്ചിറയില്‍ നിന്നും തളിയില്‍നിന്നുമകന്ന് അത് മറ്റൊരു മഹാനഗരമായി മാറാനുള്ള പുറപ്പാടിലാണ്. സ്വന്തമായി ഭാഷയും വേഷവുമില്ലാത്ത, വ്യാകരണമില്ലാത്ത, മുഖമില്ലാത്ത, വായും വയറും മാത്രമുള്ള നഗരങ്ങള്‍ ലോകമെമ്പാടും പെരുകിവരുന്നു. തിരിച്ചറിയാനായി അവയ്‌ക്ക് പേരിന്റെ ആവശ്യംപോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: