കണ്ണൂരിലെ താലബന് പാര്‍ട്ടി അവരങ്ങനെയാണ്. എതിരാളികളെ ശത്രുക്കളായി നിര്‍ണയിക്കും. അതൊരു ആശയമാക്കും. അതിനെ ആദര്‍ശമാക്കും. പിന്നെ അതാവിഷ്കരിക്കും. നടപ്പാക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കും. ശരിയാണെന്ന് സ്ഥാപിക്കാന്‍ ന്യായവും ആധികാരിക അടിത്തറയും സൃഷ്ടിക്കും. സ്വാഭാവിക നടപടിയാക്കാന്‍ പാകത്തില്‍ സമൂഹത്തില്‍ പ്രചരിപ്പിക്കും, അതില്‍ അഭിമാനം കൊള്ളും. അതിന് സാമാന്യജനത്തിന്റെയും പിന്തുണ നേടിയെന്ന് ഭാവിക്കും, തോന്നിപ്പിക്കും. ഭീകരപ്രവര്‍ത്തകരുടെ ‘ന്യൂജനറേഷന്’ വിഭാഗത്തില്‍പ്പെടുന്ന വിവിധ സംഘടനകളുടെ അടിത്തറയും മാതൃകയുമായ താലിബന്‍ ഭീകരരുടെ രീതിയെ ഏറ്റവും ചുരുക്കി വിവരിച്ചാല്‍ ഇങ്ങനെയാണ്.
അവര്‍ മതഗ്രന്ഥത്തെ ഇച്ഛാനുസരണം വ്യാഖ്യാനിച്ച് ഉണ്ടാക്കിയ ആശയം ആവിഷ്കരിക്കാന്‍ മേല്‍പ്പറഞ്ഞ നടപടികക്രമങ്ങളെയാണ് ആശ്രയിക്കുക. ശത്രുവിനെ വകവരുത്തും, അല്ല, അതിഭീതിദമായി, ദാരുണമായി, നീചമായി ആ ഉന്മൂലനം നടപ്പാക്കും, അവരുടെ ചരിത്രം അങ്ങനെയാണ്. സംഗീതം നിഷിദ്ധമാണ്, അത് സമൂഹത്തെ വഴിപിഴപ്പിക്കുന്നുവെന്ന് അവര്‍ പ്രഖ്യാപിക്കുന്നു, സംഗീതോപകരണങ്ങള്‍ പരസ്യമായി കോടാലികൊണ്ട് വെട്ടിക്കീറുകയോ മെഷീന് ഗണ്ണുകൊണ്ട് ‘അരിപ്പ’യാക്കുകയോ ചെയ്യും. അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എല്ലായിടത്തും പ്രചരിപ്പിക്കും. പിന്നെയും ആരെങ്കിലും പാട്ടുംപാടി നടന്നാല്‍ കഥകഴിക്കും; കഴുത്തറുത്തായിരിക്കും. അതിനു മുമ്പ് പരസ്യ വിചാരണ നടത്തും. കുറ്റങ്ങള്‍ എണ്ണിപ്പറയും. ശിക്ഷ മാതൃകയാണെന്നും വിധി മാനിച്ചുകൊള്ളണമെന്നും വിവരിക്കും. സംഗീത നിശ്ശബ്ദതയില്‍ തുടങ്ങി ആത്മഹത്യ ചെയ്തുകൊള്ളണം അല്ലെങ്കില്‍ കുരലറക്കും. കഥകഴിച്ചിട്ട് അവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഹ്ലാദിക്കും. താളത്തിലായിരിക്കും തോക്കുകള്‍ അട്ടഹസിക്കുക. ഈണത്തിലായിരിക്കും അവര്‍ മുദ്രാവാക്യം വിളിച്ച് വിജയം പൊഴിക്കുക, അവരുടെ ഉല്ലാസച്ചാട്ടത്തിന് നൃത്തത്തിന്റെ രീതിയും ലയവും ഉണ്ടായിരിക്കും. അവര്‍ അറിയുന്നില്ല, അതും ഈണവും താളവും ഉള്ള കലാപ്രകടനം തന്നെയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പരസ്പരം വെടിവെച്ച് സ്വയം തീര്‍ന്നേനെ.
നിയമപരമായ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കാതെ ഇക്കാലത്ത് ഒരു നിയമവും നിയമലംഘനവും നടത്താന്‍ പാടില്ല എന്നാണല്ലോ നിയമം. സിഗററ്റ് വലിക്കുന്നവരും, വില്ക്കുന്നവരും, നിര്‍മ്മിക്കുന്നവരും ഉറക്കത്തിലും ചോദിച്ചാല്‍ പറയുമല്ലോ ‘പുകവലി ആരോഗ്യത്തിന് ഹാനികര’മെന്ന്. മദ്യപിക്കുന്നവരുടെ കാര്യത്തിനും അങ്ങനെ തന്നെ. കോടതിയില്‍ സത്യം മാത്രമേ പറയൂ എന്ന് സത്യപ്രതിജ്ഞ ചെയ്താണല്ലോ കള്ളസാക്ഷിക്കാരും കസര്‍ത്ത് കാണിക്കുന്നത്. ‘ഈ സിനിമയിലെ കഥാപാത്രങ്ങള്‍ സങ്കല്‍പ്പമാണ്. ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരെങ്കിലുമായി സാമ്യം തോന്നുന്നത് യാദൃച്ഛികമാകാം’ എന്ന് എഴുതിക്കാണിച്ച് പിന്നെ എന്തുമാകാമെന്നാണല്ലോ സെന്‍സര്‍ ബോര്‍ഡ് നടപ്പാക്കുന്ന നിയമം. ‘ഭാരതം എന്റെ രാജ്യ’മാണെന്ന പ്രതിജ്ഞ ചെയ്യുന്നവരെല്ലാം അതിന്റെ ഉള്ളടക്കം, അന്തസ്സത്ത, അനുഷ്ഠിക്കുകയാണെങ്കില്‍ ഇപ്പറഞ്ഞ താലിബാനികളെക്കുറിച്ചുള്ള വിവരണത്തിന് ആനുകാലിക സംഭവങ്ങളുമായി സാമ്യം തോന്നിപ്പിച്ചേക്കാം. അത് ഒരു സമൂഹത്തിന്റെ ഏറ്റവും ദുഷിച്ച കാലത്തിലേക്കുള്ള പോക്കിന്റെ ഗതിവേഗവും രീതിയും വെളിപ്പെടുത്തുന്നതായതുകൊണ്ടാണ് പറഞ്ഞുപോകുന്നത്. ഭീകരവാദം ഇല്ലാതാക്കാന്‍ ഒരുവഴിയേ ഉള്ളൂ, ഭീകരവാദികള്‍ ഭീകരവാദവും പ്രവര്‍ത്തനവും ഉപേക്ഷിക്കുക- അവരെ നിയമംകൊണ്ടു മാത്രമോ, മുച്ചൂടും ഇല്ലാതാക്കിയോ അവസാനിപ്പിക്കാനാകില്ലതന്നെ. ഭീകരര്‍ക്ക് പുനശ്ചിന്ത തോന്നണമെങ്കില്‍ അവര്‍ക്ക് ഏതൊക്കെ തരത്തില്‍ ആരൊക്കെ സഹായം നല്കുന്നുണ്ടോ അതൊക്കെയും ഇല്ലാതാകണം. അതായത്, ഒരുമ്പെട്ടിറങ്ങിയവരെ സമൂഹം ഒറ്റപ്പെടുത്തണം.
ഈ ആനുകാലിക സംഭവം ശ്രദ്ധിക്കുക. ഒരു ജില്ലാ പഞ്ചായത്തിന്റെ ഭരണാധികാരിയുടെ പ്രസിഡന്റിന്റെ, പ്രവൃത്തിയുടെ ഫലമായി, ഒരു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആത്മഹത്യ ചെയ്തതായി വാര്‍ത്തകളും വര്‍ത്തമാനവും പ്രചരിച്ചു. ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റും, അവരുടെ ജാതി, മതം, ലിംഗം, രാഷ്ട്രീയം ഒക്കെ മറന്നേക്കുക, ആ പദവിയെക്കുറിച്ച് ചിന്തിക്കുക. ഒരു സംഘടനയുടെ പ്രസിഡന്റല്ല, ഒരു ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാണ്. അതായത് പൊതു സമൂഹത്തോട് അത്രമാത്രം പ്രതിബദ്ധത വേണ്ട പദവിയാണ്.
2024 ല്‍ ആദ്യമായി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്തു. ഏറെപ്പറഞ്ഞശേഷം ഇങ്ങനെ അവസാനിപ്പിച്ചു: ”നിങ്ങള്‍ക്ക് മുന്നില്‍വന്ന ഓരോ ഫയലിലും തീരുമാനം നിങ്ങളുടേതാവണം. അതില്‍ മേലധികാരികളാകട്ടെ, രാഷ്ട്രീയ നേതാക്കളാകട്ടെ, രേഖാമൂലം ആവശ്യപ്പെടാതെ മറിച്ചൊരു തീരുമാനമെടുക്കരുത്. തീരുമാനം ശരിയായാലും തെറ്റായാലും ഉത്തരവാദി നിങ്ങളാണ്. വാക്കാലുള്ള ഉത്തരവുകള്‍ ആരുടേതായാലും അനുസരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരല്ല.” അഴിമതിയില്‍ മുങ്ങിക്കുളിച്ച്, മുച്ചൂടും നശിപ്പിച്ച ഭരണം മാറി പുതുഭരണം വന്നപ്പോള്‍ അഴിമതി മുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന പ്രധാനമന്ത്രിയുടെ സുധീരമായ തീരുമാനമായിരുന്നു അത്. ഒരുപക്ഷേ, രാജ്യത്തെ ഉദ്യോഗസ്ഥവൃന്ദം ആശ്വാസ നെടുവീര്‍പ്പിട്ട നിമിഷം. രാഷ്ട്രീയക്കാരുടേയും ബാഹ്യ ശക്തികളുടേയും സമ്മര്‍ദ്ദങ്ങളാല്‍ ഉദ്യോഗസ്ഥരുടെ ആത്മഹത്യകള്‍ അനുഭവപാഠമായിരുന്ന ഒരു കാലത്ത് ഇങ്ങനെയൊരു സമ്മര്‍ദ്ദരഹിത പ്രവര്‍ത്തനത്തിനുള്ള വഴിതുറന്നു കിട്ടിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ആശ്വസിച്ചു. ശ്രദ്ധിക്കണം, 10വര്‍ഷം ഭരണം പിന്നിട്ടിട്ടും മോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നു കരുതി രാജ്യം മുഴുവന്‍ ഭരണ-നിര്‍വഹണ സംവിധാനം മുഴുവന്‍ അഴിമതിരഹിതമോ മുക്തമോ ആണെന്ന് പറയാനൊന്നും സാധ്യവുമല്ല.
അങ്ങനെ പറയണമെങ്കില്‍ കേരളത്തില്‍, കണ്ണൂരില്‍, കേന്ദ്രസര്‍ക്കാരിന്റെ ഭരണനിര്‍വഹണ സംവിധാനത്തിലെ വികേന്ദ്രീകൃത വ്യവസ്ഥയുടെ താഴെത്തട്ടിലുള്ള മൂന്ന് ഘട്ടങ്ങളില്‍ ഒന്നായ തദ്ദേശ സ്വയംഭരണ ക്രമത്തിലെ കണ്ണൂര്ജില്ലാ പഞ്ചായത്തില്‍ നിന്ന് ഇങ്ങനെയൊരു ദുരന്തവാര്ത്തവരില്ലല്ലോ. ജില്ലയില്‍, ഒരു പെട്രോള്‍ പമ്പിന് പ്രവര്‍ത്തനാനുമതി തടസ്സമില്ലെന്ന് സമ്മതപത്രം കിട്ടാന്‍ ഒരു സംരംഭകന് കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണല്ലോ. ‘കൈക്കൂലി കൊടുത്ത’യാളും പരസ്യ പ്രസ്താവന നടത്തി, അറിയാമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വെളിപ്പെടുത്തി. ഇവിടെ പ്രശാന്തനോ പി.പി. ദിവ്യയോ മറ്റെതെങ്കിലും വ്യക്തികളോ അല്ല വിഷയം. അഴിമതി, കോഴ, കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുവെന്ന സമ്മതിക്കല്‍ പ്രഖ്യാപനമാണ്. കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് പറയേണ്ടയാള് എഡിഎം നവീന്‍ ബാബു ജീവനോടെയില്ല. അദ്ദേഹത്തിന്റെ സ്ഥലംമാറ്റ യാത്രയയപ്പുയോഗത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി അസത്യങ്ങള്‍ നിരത്തി ആക്ഷേപിച്ച് അപമാനിച്ച് ആത്മഹത്യക്ക് പ്രേരിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സ്ഥാനംപോയതോ കേസില്‍ പ്രതിയായതോ ഒന്നും നവീന്‍ബാബുവിന്റെ ജീവന് നഷ്ടത്തിന് പകരമാകുന്നില്ലല്ലോ.
എട്ടുവര്‍ഷം മുമ്പ്, സെക്രട്ടറിയേറ്റിന്റെ ഇടനാഴിയില്‍ കാണാറുള്ള ‘അവതാരങ്ങള്‍ക്ക്’ വിലക്കും കര്‍ശന താക്കീതും പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തില്‍ മുഖ്യമന്ത്രിയായി പിണറായി വിജയന് ഭരണം തുടങ്ങിയത്. പക്ഷേ, ‘അവതാരങ്ങള്‍’ ഇടനാഴിയില്‍നിന്ന് മുഖ്യമന്ത്രിയുടെ അടക്കം ഓഫീസുകളില്ക്കയറി കസേര വലിച്ചിട്ട് ഇരിക്കുന്നതാണ് ഇന്നത്തെ കാഴ്ച. അഴിമതി വികേന്ദ്രീകരിച്ച് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിയുടെയും താഴേത്തട്ടില്‍വരെ എത്തിച്ചിരിക്കുന്നു. നിയമലംഘനങ്ങള്‍ക്ക് ആസൂത്രിത, ഔദ്യോഗിക സ്വഭാവം വന്നു. ലഹരിയുടെ വ്യാപനം സര്‍വതലത്തിലും ഇത്രവേഗം, ഇത്രതോതില്‍ സംഭവിച്ചത് കേരളത്തില്‍ മാത്രമാണ്. ഭരണകൂടം കര്ത്തവ്യമേഖലയില് ‘കൊഴിഞ്ഞുപോയി’ക്കഴിഞ്ഞു.
പണ്ട് ‘കുത്തകമുതലാളി’മാര്‍ക്കു മാത്രം കിട്ടുന്നുവെന്നു പറഞ്ഞിരുന്ന പെട്രോള്‍ പമ്പുകള്‍ അതിസാധാരണക്കാരായ തൊഴിലാളിവര്‍ഗ്ഗത്തിനും കിട്ടുന്നുവെന്നത് മറ്റൊരു വശത്തെ ഭരണമാറ്റത്തിന്റെ ഫലം. അത് ബിനാമി ഇടപാടാക്കുന്നത് മറ്റൊരു ഭരണക്രമത്തിന്റെ മാതൃക. ആ ബിനാമി ഇടപാടില്‍, ചട്ടം ലംഘിക്കാന്‍ നിന്ന എഡിഎമ്മിനെ ശത്രുവായി പ്രഖ്യാപിച്ചു. പിന്നെ ശത്രുവേട്ട തുടങ്ങി. ഇല്ലാതാക്കാന്‍ തീരുമാനിച്ചു. പരസ്യ വിചാരണ നടത്തി, ഔദ്യോഗികമായിത്തന്നെ. വിചാരണ ദൃശ്യത്തിലാക്കി പ്രചരിപ്പിച്ചു. എഡിഎമ്മിന്റെ ജീവിതഭാവി നിര്‍ണ്ണയിക്കുന്ന തീയതി പ്രഖ്യാപിച്ചു. നാട്ടുകാരുടെ ഭാഗ്യം, നാക്കുകൊണ്ട് ‘ചിത്രവധം’ ചെയ്തതേ ഉള്ളു; കഴുത്തറുത്തില്ല, മനസ്സറുത്തെങ്കിലും. നാക്കുവളച്ചാല്‍ നശൂലം പറയുന്ന ആളിനെത്തന്നെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചത്. ”ഇന്ത്യ ആരുടെ തന്തയുടെ വകയാണെന്ന്” വിധി പറഞ്ഞ നാക്കാണ്. കണ്ണൂര്‍ എന്റെ, ഞങ്ങളുടെ, തറവാട്ടുസ്വത്താണെന്ന് പത്തനംതിട്ടക്കാരനോട് പറഞ്ഞാണ് എഡിഎം നവീന്‍ ബാബുവിനെ നാവുകൊണ്ട് കൊന്നുകളഞ്ഞത്.
ഈ പരസ്യ വിചാരണയ്ക്ക് തുടക്കത്തില്‍ പറഞ്ഞ താലിബന്‍ മനസ്സും രീതിയുമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാന്‍ കഴിയും. അതില്‍ പി.പി. ദിവ്യയെന്ന വ്യക്തിമാത്രമല്ല പ്രതി. അവര്‍ വളര്‍ന്നുവന്ന സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്. സിപിഎം എന്ന വകഭേദംവന്ന കമ്മ്യൂണിസ്റ്റ് വൈറസ്, ചുകപ്പന്‍ ഭീകരതയുടെ തുടര്‍ച്ചയാണല്ലോ. റഷ്യയിലും ചൈനയിലും കമ്മ്യൂണിസ്റ്റ് ഭീകരത നടത്തിയ കൂട്ടമനുഷ്യക്കുരുതിയുടെ ചരിത്രം, ഒപ്പം നില്‍ക്കുന്നവരെപ്പോലും ഉന്മൂലനം ചെയ്യുന്ന ചരിത്രം, കുപ്രസിദ്ധമാണല്ലോ.
അന്ധമായ കമ്മ്യൂണിസ്റ്റ് വിശ്വാസത്തിന്റെ ഏറ്റവും നീചമായ ഒരുചിത്രംകൂടി കാണിക്കട്ടെ: പി.പി. ദിവ്യ എന്ന സിപിഎം നേതാവിന്റെ വാക്കുകൊണ്ട് മുറിവേറ്റ സിപിഎം രാഷ്ട്രീയ വിശ്വാസക്കാരനായ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തു. നവീനിന്റെ വീട്ടുകാരും സിപിഎം കാരാണ്. ഭാര്യയും രണ്ട് പെണ്മക്കളുമാണ് നവീനിന്. പത്തനംതിട്ടയില്‍ നവീനിന്റെ ഭൗതിക ദേഹം കാത്ത് ആ പെണ്മക്കളും ഭാര്യയും കണ്ണീരൊഴുക്കുന്നു. കാരണക്കാരിയായ ദിവ്യയുടെ കണ്ണൂരിലെ വീട്ടിലേക്ക്, ഈ സംഭവത്തോടുള്ള പ്രതിഷേധമറിയിക്കാന്‍ ബഹുജന സംഘടനകള്‍ സമാധാനപരമായി പ്രകടനം നടത്തുന്നു. അവിടെ സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകര്‍ ദിവ്യയുടെ വീടിന് കാവല്‍ നിന്ന് ‘ചാവേര്കളി’ക്കുന്നു. ക്രമസമാധാന സംരക്ഷണത്തിന് പോലീസ് സംവിധാനമുള്ളപ്പോഴാണിത്. പത്തനംതിട്ടയിലെ പെണ്‍കുട്ടികള്‍ക്ക് ജീവിത സംരക്ഷണം തകര്‍ത്തവരുടെ കണ്ണൂരിലെ ജീവന് സംരക്ഷണം. ഹൊ! താലിബാനികള്‍ തോറ്റുപോകുന്ന രാക്ഷസീയത
പിന്കുറിപ്പ്:
പി.പി. ദിവ്യയെ കാണാനില്ലെന്ന് പോലീസ്. കുറ്റവാളികളെന്ന് സമൂഹം വിധിച്ച സദ്ദാം ഹുസൈനും ബിന്‍ ലാദനുമൊക്കെ ഉണ്ടായിരുന്നതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭൂഗര്‍ഭ ഒളിയറകളും ഉണ്ടായിരിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: