എം. രാജശേഖര പണിക്കര്‍
ആയിരത്താണ്ടുകളിലെ വേദ, ഉപനിഷദ്, ഇതിഹാസ കാലഘട്ടങ്ങളിലെ അനുഭവസമ്പത്ത് പകര്‍ന്നുതരാനായി നമ്മോടൊപ്പം ജീവിച്ച മഹാഗുരുവായിരുന്നു പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. ഒരു പ്രൊഫസറുടെ പരിമിതികളില്‍നിന്ന് ഗുരുപരമ്പരകളുടെ ഔന്നത്യത്തിലേക്ക് അദ്ദേഹം ഉയര്‍ന്നു. ജന്മജന്മാന്തരങ്ങളിലൂടെ ആര്‍ജിച്ച അറിവിന്റെ ഉറവകളില്‍നിന്ന് ചൊരിഞ്ഞ അമൃത് പാനം ചെയ്യാനുള്ള സൗഭാഗ്യം വര്‍ത്തമാനകാല തലമുറയ്‌ക്കുണ്ടായി.
സമാനതകളില്ലാത്ത പണ്ഡിതനായിരുന്നു 1943 സപ്തംബര്‍ 4 മുതല്‍ 2017 ഒക്ടോബര്‍ 20 വരെ നമ്മോടൊപ്പം ജീവിച്ച വിശ്വംഭരന്‍ മാഷ്. അറിവിന്റെ സാഗരം. വേദങ്ങള്‍, ഉപനിഷത്തുകള്‍, ശ്രുതികള്‍, സ്മൃതികള്‍. വേദാന്തം, വ്യാകരണം, ഗീത, രാമായണം. മഹാഭാരതം, ആയുര്‍വേദം, ജ്യോതിഷം എന്നിവയില്‍ മാത്രമല്ല, ആധുനിക ശാസ്ത്രങ്ങളിലും സാഹിത്യശാഖകളിലും അക്ഷരാര്‍ത്ഥത്തില്‍ ജ്ഞാനി. മലയാള ഭാഷാ പ്രൊഫസറായിരുന്ന അദ്ദേഹം ബഹുഭാഷാപണ്ഡിതനായി. ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി, തമിഴ്, ജര്‍മന്‍, ഫ്രഞ്ച്, ഗ്രീക്ക് ഭാഷകളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. സുദീര്‍ഘമായ ഉദ്ധരണികളിലൂടെ നിലപാടുകളെ അര്‍ഥശങ്കയ്‌ക്കിടയില്ലാതെ സ്ഥാപിക്കാനുള്ള അപാരമായ ഓര്‍മശക്തി അദ്ദേഹത്തിന്റെ സിദ്ധിയായിരുന്നു
വി.എം. കൊറാത്ത് മുഖ്യപത്രാധിപരായിരിക്കെ ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പില്‍ വിശ്വംഭരന്‍ മാഷ് എഴുതിയിരുന്ന സാഹിത്യചിന്തകള്‍ എന്ന പംക്തി സാഹിത്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ തിരുത്തല്‍ശക്തിയായിരുന്നു. ജന്മഭൂമി പത്രാധിപര്‍ എന്ന നിലയില്‍ മാധ്യമരംഗത്തും അദ്ദേഹം ശോഭിച്ചു. കുരുക്ഷേത്ര പുസ്തകപ്രകാശന്റെ മാനേജിങ് ഡയറക്ടറായിരുന്നു. മഹാഭാരതപര്യടനം, ഭാരത ദര്‍ശനം: പുനര്‍വായന” എന്ന ഗ്രന്ഥം മഹാഭാരതത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു വ്യാഖ്യാനമാണ്.
അമൃത ടിവിയില്‍ 3000 എപ്പിസോഡുകളിലായി മഹാഭാരതത്തെ അധികരിച്ചുള്ള അദ്ദേഹത്തിന്റെ തുടര്‍പ്രഭാഷണങ്ങള്‍ ചാനല്‍പരമ്പരയുടെ ചരിത്രത്തില്‍ മറ്റൊരു മഹാഭാരതമായി. ആഴ്ചയില്‍ ആറ് ദിവസവും മുപ്പത് മിനിറ്റ് നീണ്ട അദ്ദേഹത്തിന്റെ ഭാരതദര്‍ശനത്തില്‍ ചോദ്യങ്ങള്‍ക്ക് അവസരങ്ങളുണ്ടായിരുന്നു. ഒരു റഫറന്‍സുമില്ലാതെ ഓര്‍മയില്‍നിന്ന് ഉത്തരങ്ങളും ഉദ്ധരണികളും ഒഴുകിയെത്തി. മഹാഭാരതത്തിലെ കഥകളേയും കഥാപാത്രങ്ങളേയും ദര്‍ശനങ്ങളേയും തങ്ങളുടെ പ്രത്യയശാസ്ത്ര അച്ചുകള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിച്ച കപടബുദ്ധിജീവികളെ വേദേതിഹാസ ഉപനിഷദ് പാരമ്പര്യത്തിന്റെ പ്രകാശത്തില്‍ അദ്ദേഹം തുറന്നുകാട്ടി. മഹാഭാരതത്തെ സംബന്ധിച്ച് ഒരു സര്‍വകലാശാല തന്നെയായിരുന്നു മാഷ്. എല്ലാ വിമര്‍ശനങ്ങള്‍ക്കും വ്യാഖ്യാനവൈചിത്ര്യങ്ങള്‍ക്കും ഭാരതീയമായ മറുപടി മാഷിന് അനായാസമായിരുന്നു. വ്യാസന്റെ മനസും ഹൃദയവുമറിഞ്ഞ അദ്ദേഹത്തെ ആധുനിക വ്യാസനായി.
ഋഷിപ്രോക്തമായ മഹാഭാരതത്തെ വിശ്വംഭരന്‍ മാഷ് ഒരു മഹാകാവ്യമായല്ല, അനന്തമായ ഭാരതസംസ്‌കൃതിയുടെ അന്തഃസത്തയായ വേദപ്പൊരുള്‍ എന്ന നിലയ്‌ക്കാണ് അവതരിപ്പിച്ചത്. ‘ഒരു പൗരാണികകഥയെടുത്ത് കല്പിതസംഭവങ്ങളും കൂട്ടിച്ചേര്‍ത്ത് വിശ്രമസമയത്ത് വായിച്ചുരസിക്കാന്‍ രചിച്ച ആഖ്യാനോപാഖ്യാനസഹിതമായ ഒരു നിര്‍ലക്ഷ്യകാവ്യമല്ല മഹാഭാരതം. മഹാഭാരതം വായിക്കുന്നയാള്‍ ഉപനിഷദ്ദര്‍ശനം വായിക്കുന്നു. ഉപനിഷദ്ദര്‍ശനം വായിക്കുന്നയാള്‍ വേദം വായിക്കുന്നു. വേദം വായിക്കുന്നയാള്‍ അയാളുടെ വായന പൂര്‍ണമാണെങ്കില്‍ വേദാന്തര്‍ഗതമായ ലോകസത്യം സാക്ഷാത്കരിക്കുന്നു,’ എന്ന് മാഷ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാഴ്ചപ്പാട് വ്യാസസമ്മതവുമാണ്. ‘സൂക്ഷ്മാര്‍ത്ഥ ന്യായമായ് വേദമാര്‍ഗപ്പൊരുളണിഞ്ഞതായ് ഭാരതാഖ്യേതിഹാസത്തിന്‍ സാരപുണ്യാര്‍ത്ഥമൊത്തതായ്.’ (അനുക്രമണികപര്‍വം 1, 18) എന്ന വരികളിലൂടെ വ്യാസന്‍ തന്റെ ദര്‍ശനസാരം വെളിപ്പെടുത്തിയിട്ടുണ്ട്. മഹാഭാരതജ്ഞാനത്തിന്റെ സഹസ്രസൂര്യപ്രഭയാര്‍ന്ന ലോകത്തേക്ക് പ്രവേശിക്കാനുള്ള ദിവ്യചക്ഷുസുകളാണ് വിജ്ഞാനകുതുകികള്‍ക്ക് വിശ്വംഭരന്‍ മാഷ് പകര്‍ന്നു നല്‍കിയത്.
ഭാരതീയ ആര്‍ഷപാരമ്പര്യത്തില്‍ തികഞ്ഞ അഭിമാനിയായിരുന്നു മാഷ്. അത് അന്ധമായിരുന്നില്ല. ലോകത്തെ ഗ്രസിച്ചിരിക്കുന്ന അനേകം സമസ്യകളുടെ കൃത്യമായ ഉത്തരമായി ഭാരതീയ ദര്‍ശനങ്ങളെ അറിഞ്ഞുള്‍ക്കൊണ്ട ഒരാളുടെ ബോധ്യമായിരുന്നു. ഭാരതീയതയോടു ചേര്‍ന്നുനില്‍ക്കുന്ന എല്ലാ തത്വശാസ്ത്രങ്ങളോടും പ്രസ്ഥാനങ്ങളോടും അനുഭാവം കാട്ടാന്‍ ഒരു സങ്കോചവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ദേശീയപ്രസ്ഥാനങ്ങളോട് സഹകരിക്കുമ്പോളുണ്ടാകുന്ന വ്യക്തിപരമായ നഷ്ടങ്ങളേക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നെങ്കിലും അതൊന്നും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതിശയകരമാംവിധം തന്റെ വിശ്വാസപ്രമാണങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതായി അദ്ദേഹം കണ്ടെത്തുകയായിരുന്നു. സംഘശാഖയുടെ പരിശീലനപ്രക്രിയയിലൂടെ കടന്നുവരാതെ സ്വയംസേവകത്വം നേടിയ അദ്ദേഹത്തെ ഗുരുസ്ഥാനത്തുതന്നെയാണ് സംഘപ്രവര്‍ത്തകരും കണ്ടത്. പരമമായ സത്യം ഒന്നേയുള്ളു, ഏതു വഴിയിലൂടെ സഞ്ചരിച്ചാലും സത്യാന്വേഷികള്‍ അവിടെയെത്തുന്നു. സംഘപരിപാടികളില്‍ ഗണവേഷം ധരിച്ച് സധൈര്യം അദ്ദേഹം പങ്കെടുത്തു.
പിന്നീട് വിശ്വംഭരന്‍ മാഷ് തപസ്യയുടെ സംസ്ഥാന അധ്യക്ഷനായി. ജീവിതാവസാനംവരെ രക്ഷാധികാരിയായി തുടര്‍ന്നു. ഭാരതീയ കലകളുടെയും സംസ്‌കാരത്തിന്റെയും പ്രോത്സാഹനത്തിനായി പ്രവര്‍ത്തിക്കുന്ന അഖിലഭാരതീയ പ്രസ്ഥാനമായ സംസ്‌കാര്‍ ഭാരതിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തപസ്യ തീരുമാനിക്കുകയുണ്ടായി. 1990ല്‍ തപസ്യ കന്യാകുമാരിമുതല്‍ കാസര്‍കോടുവരെ നടത്തിയ പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് മഹാകവി അക്കിത്തത്തോടൊപ്പം അദ്ദേഹം നേതൃത്വം നല്‍കി.
ബാലഗോകുലത്തിന്റെ സാംസ്‌കാരിക പരീക്ഷാ പദ്ധതിയായ അമൃതഭാരതിയെ നയിച്ചു. വിശ്വസംവാദ കേന്ദ്രം കേരള ഘടകത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. രാഷ്‌ട്രീയചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമായിരുന്നെങ്കിലും രാഷ്‌ട്രീയം അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നില്ല. എന്നിട്ടും തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മടിച്ചില്ല. എന്‍ഡിഎക്ക് റെക്കോര്‍ഡ് വോട്ടുകള്‍ ലഭിച്ചെങ്കിലും മാഷ് വിജയിച്ചില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുമ്പോള്‍ ജയപരാജയങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. നിഷ്‌കാമകര്‍മിയുടെ മനോഭാവമായിരുന്നു അദ്ദേഹത്തിന്.
നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നത് മാഷിന് അചിന്ത്യമായിരുന്നു. നിലപാടുകളുടെ അടിത്തറ സത്യവും ധര്‍മവുമായിരിക്കണമെന്നതിലും വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് എളേരിത്തട്ടിലെ കോളജിലേക്ക് മാഷിനെ നാടുകടത്തിയത് നിലപാടിലുള്ള ദൃഢത തന്നെയായിരുന്നു.
ധര്‍മത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കാവല്‍ഭടനായിരുന്നു മാഷ്. അക്കാര്യത്തില്‍ ഭീഷ്മപക്ഷപാതികളോട് മാഷിന് ഒരു സന്ധിയുമില്ലായിരുന്നു. കുട്ടികൃഷ്ണ മാരാരുടെ ഭാരതപര്യടനഭാഷ്യം വ്യാസവിവക്ഷയ്‌ക്ക് വിരുദ്ധമാണെന്ന് മാഷ് വിളിച്ചുപറഞ്ഞു. ‘രാമനേക്കാള്‍ മഹത്വപൂര്‍ണത ഭീഷ്മര്‍ക്കാണെങ്കില്‍ എന്തുകൊണ്ടാണ് ആദര്‍ശരാജ്യത്തെ സംബന്ധിച്ച് ഭീഷ്മരാജ്യം എന്ന സങ്കല്‍പം രൂപപ്പെട്ടുവരാതെ രാമരാജ്യമെന്ന സങ്കല്പം രൂപപ്പെട്ടുവന്നത്?’ എന്ന പ്രസക്തമായ ചോദ്യവും മാഷ് ഉന്നയിക്കുന്നുണ്ട്. ‘രാമന്‍ എന്ന അനാസക്തന്റെ രാജ്യഭരണമാണ് വാല്മീകിയുടെ ഇതിഹാസലക്ഷ്യം. ഭരണദര്‍ശനത്തിന്റെ ഈ ഇതിഹാസവ്യക്തത നോക്കിക്കാണാനുള്ള നിരൂപകദൃഷ്ടി മാരാര്‍ക്ക് നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ സ്വേച്ഛാപ്രമത്തത കൊണ്ടാണ് എന്ന് തുറന്നെതിര്‍ത്തു.
‘ഭീഷ്മര്‍ ചെയ്ത പ്രവൃത്തി രാജ്യത്യാഗവും ദാമ്പത്യജീവിതനിരാസവുമായിരുന്നു. ത്യജിച്ച രാജ്യത്തില്‍ത്തന്നെ അദ്ദേഹം തുടര്‍ന്നു വസിച്ചു. അതേ കൊട്ടാരത്തില്‍ത്തന്നെ അദ്ദേഹം താമസിച്ചു. ദാമ്പത്യജീവിതം നിരസിച്ചെങ്കിലും ലൈംഗികജീവിതമൊഴിച്ചുള്ള എല്ലാ കുടുംബസുഖങ്ങളും അദ്ദേഹം അനുഭവിച്ചു. ദുര്യോധനന്റെ കാലം വരെ രാജ്യഭരണവും അദ്ദേഹം തന്നെ തുടര്‍ന്നു. ചെയ്ത പ്രവൃത്തിയുടെ ഫലം പ്രാവര്‍ത്തികമാക്കാഞ്ഞതുകൊണ്ട് ഈ ത്യാഗം മഹത്തോ ഉത്തമമോ അല്ല,’
കൗരവസഭയില്‍, നിങ്ങള്‍ പറയൂ, ഞാന്‍ ദാസിയോ, സ്വതന്ത്രയോ? എന്ന ദ്രൗപദിയുടെ ചോദ്യത്തിന് ഭീഷ്മന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്: ‘പുത്രീ, ധര്‍മത്തിന്റെ ഗതിയറിയാന്‍ ലോകത്തില്‍ വിജ്ഞന്മാര്‍ക്കുപോലും സാധ്യമല്ല. കാലവൈപരീത്യത്തില്‍, ബലവാന്‍ ചെയ്യുന്നതൊക്കെ ധര്‍മവും ദുര്‍ബലന്‍ ചെയ്യുന്നതൊക്കെ അധര്‍മവുമായാണ് കണ്ടുവരുന്നത്. നിന്റെ ചോദ്യം സൂക്ഷ്മവും ഗഹനവുമാണ്. അതു പരിഹരിക്കാന്‍ ഞാനശക്തനാണ്. ഈ കൗരവന്മാരെല്ലാം ലോഭത്തിലും മോഹത്തിലുംപെട്ട് ഉഴലുന്നവരാണ്. നിന്റെ ഭര്‍ത്താക്കന്മാര്‍ നീ വേദനിച്ചു നീറുന്നതു കണ്ടിട്ടും ധര്‍മത്തില്‍നിന്ന് വ്യതിചലിക്കാന്‍ കൂട്ടാക്കുന്നില്ല. നീ ദാസിയോ സ്വതന്ത്രയോ എന്നു തീരുമാനിക്കേണ്ടവന്‍ ധര്‍മപുത്രനാണ്.’
വിശ്വംഭരന്‍ മാഷ് പറയുന്നു, ‘ധര്‍മാധര്‍മവിനിശ്ചയത്തില്‍ ഭീഷ്മര്‍ക്കുപോലും പിഴപറ്റാമെന്നിരിക്കെ, സാധാരണക്കാരന്‍ എത്ര ജാഗ്രതയോടെ വേണം തന്റെ ജീവിതപ്രശ്‌നങ്ങളെ സമ്മുഖീകരിക്കേണ്ടത് എന്നത്രേ വ്യാസന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത്.”
മഹാഭാരതം ഒരു ദാര്‍ശനികേതിഹാസമായിരിക്കുന്നതോടൊപ്പം പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ഇതിഹാസവുമാണ്. കാരണം, അത് രാഷ്‌ട്ര നേതാക്കളുടെയും ഭരണകര്‍ത്താക്കളുടെയും മഹാകഥയാണ്. രാഷ്‌ട്രീയമായ പ്രശ്നങ്ങളുടെ ആശാവഹമായ പരിഹാരങ്ങള്‍ക്ക് ഇന്നും അവലംബിക്കാവുന സംശോധനീയമായ ഗ്രന്ഥമാണത്. ഇന്നത്തെ ഭാരതരാഷ്‌ട്രീയത്തില്‍, സ്വന്തം കൈപ്പിടിയില്‍നിന്ന് അധികാരം വഴുതിപ്പോകാതിരിക്കാന്‍ പരസ്പരം കൊലവിളി നടത്തുന്ന ഭരണനേതാക്കന്മാര്‍ക്കിടയില്‍ ദുര്യോധനനും ദുശ്ശാസനനും വികര്‍ണനുമല്ലാതെ, ഒരു ധര്‍മപുത്രരില്ലെന്നതാണ് ചരിത്രത്തിന്റെ വന്ധ്യത. ധര്‍മത്തെ പ്രസവിക്കാത്ത വന്ധ്യമായ ചരിത്രത്തിന്റെ അന്ധസന്തതികളെ നിങ്ങളുടെ വ്യര്‍ത്ഥമായ ജീവിതത്തിന്റെ ചരമക്കുറിപ്പുകള്‍ കാലത്തിന്റെ സ്മൃതികാവ്യത്തില്‍ കരിമഷികൊണ്ട് എഴുതപ്പെടും.”
”പാണ്ഡവരെ ദേവസന്തതികളായി വ്യാസന്‍ സങ്കല്പിച്ചത് അവരുടെ പ്രവൃത്തികളിലൂടെ പ്രകടമാകുന്ന സദ്ഗുണങ്ങളെ ആസ്പദമാക്കിയാണ്. കലിയുടെ അംശാവതാരമാണ് ദുര്യോധനനെന്ന് സങ്കല്പ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രവൃത്തികളിലൂടെ വ്യക്തമാകുന്ന ദുര്‍ഗുണങ്ങള്‍ ധ്വനിപ്പിക്കാനാണ്. പാണ്ഡവരുടെ ജീവിതത്തിനുള്ള ആധാരം ദൈവികഗുണങ്ങളും കൗരവരുടെ ജീവിതപ്രമാണങ്ങള്‍ ആസുരഗുണങ്ങളുമായിരുന്നു.”
അതേ, വേദ ഉപനിഷദ്കാലം മുതല്‍ ഭാരതം ആര്‍ജിച്ച ധര്‍മാധര്‍മപ്പൊരുളാണ് മഹാഭാരതത്തിലൂടെ വ്യാസന്‍ വിവരിച്ചത്. അതിന്റെ മര്‍മം ഗ്രഹിക്കുകയും അര്‍ഥഭ്രംശമില്ലാതെ പകര്‍ന്നുനല്‍കുകയും ചെയ്ത ആധുനിക വൈശമ്പായനായിരുന്നു വിശ്വംഭരന്‍ മാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: