റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ട് ബിജെപി. ചമ്പയ് സോറന്, ബാബുലാല്‍ മറാണ്ടി, സീത സോറന് എന്നീ തലയെടുപ്പുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായി ബിജെപിയുടെ പട്ടികയില്‍ ഉണ്ട്.
ഇപ്പോള്‍ ജാര്‍ഖണ്ഡ് ഭരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നും ബിജെപിയില്‍ എത്തിയവരാണ് ചമ്പയ് സോറനും സീത സോറനും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ വലംകൈയായിരുന്നു ചമ്പയ് സോറന്. ഹേമന്ത് സോറന് ജയിലില്‍ കഴിഞ്ഞിരുന്നപ്പോള്‍ 153 ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത് ചമ്പയ് സോറനാണ്. പിന്നീട് ഹേമന്ത് സോറന് ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അപമാനിതനായി ഇറങ്ങിപ്പോകേണ്ടിവന്നു എന്നതാണ് ചമ്പയ് സോറന്റെ ദുഖം. പിന്നീട് അദ്ദേഹം 2024 ആഗസ്തില്‍ ബിജെപിയിലേക്ക് മാറി.
മുഖ്യമന്ത്രി ഹേമന്ത് സോറന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. ഇതില്‍ മൂത്ത സഹോദരനാണ് ദുര്‍ഗ സോറന്. 2009ല്‍ ദുര്‍ഗ സോറന് മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയാണ് സീത സോറന്. മൂന്ന് തവണ എംഎല്‍എ ആയിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തി എന്ന കുറ്റം ആരോപിച്ചാണ് സീതാ സോറനെ പുറത്താക്കിയത്. ഇതോടെ ഹേമന്ത് സോറന്റെ കുടുംബത്തിനുള്ളില്‍ തന്നെ വലിയ വിള്ളലാണ് ഉണ്ടായത്.
ബാബുലാല്‍ മറാണ്ടി മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. 66 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടതാണ് ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക.
ധന്‍വാര്‍ സീറ്റില്‍ നിന്നാണ് ബാബുലാല്‍ മറാണ്ടി മത്സരിക്കുക. സറായ്കേലയിലാണ് ചമ്പയ് സോറന് മത്സരിക്കുന്നത്. ജംതാരയില്‍ നിന്നാണ് സീത സോറന് മത്സരിക്കുക.
81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നവമ്പര്‍ 13നും 20നും ആയി രണ്ടുഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നവമ്പര്‍ 23നാണ് വോട്ടെണ്ണല്‍. ഓള് ജാര്‍ഖSet featured imageണ്ഡ് സ്റ്റുഡന്‍സ് യൂണിയന് (എജെഎസ് യു), ജെഡി(യു), ലോക ജനശക്തി പാര്‍ട്ടി എന്നിവയുമായി സഖ്യത്തോടെയാണ് ബിജെപി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്. 2019ല്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള സഖ്യമുന്നണി 81ല്‍ 47 സീറ്റുകള്‍ നേടി. 30 സീറ്റുകള്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേടിയപ്പോള്‍ 17 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. ബിജെപി 25 സീറ്റുകളില്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: