തൊടുപുഴ: മണക്കാട് നെല്ലിക്കാവ് ക്ഷേത്രത്തിനു സമീപം ആട് കിണറ്റിൽ വീണു. രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയും കിണറ്റിൽ അകപ്പെട്ടു. ഒടുവിൽ ഇരുവരെയും തൊടുപുഴ ഫയർഫോഴ്സ് രക്ഷപെടുത്തി.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. മുനിസിപ്പൽ കൗൺസിലറായ ബിന്ദു പത്മകുമാറിന്റെ ആടാണ് സമീപവാസിയായ ഡോക്ടർ വിനോദിനിയുടെ കിണറ്റിൽ വീണത്. സംഭവം നാട്ടുകാരിയായ സലൂജ ഫയർസ്റ്റേഷനിൽ വിളിച്ചറിയിച്ചു.
സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തുമ്പോൾ ജാർഖണ്ഡ് സ്വദേശിയായ കിഷോർ മുർമു കിണറ്റിൽ ഇറങ്ങി ആടിനെ പിടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. സേനാംഗങ്ങൾ റെസ്ക്യു നെറ്റ് ഉപയോഗിച്ച് ആടിനേയും ആളിനേയും സുരക്ഷിതമായി കരയ്‌ക്ക് എത്തിക്കുകയും ചെയ്തു. ചുറ്റുമതിലുള്ള കിണറിന് 35 അടി താഴ്ചയും, 15 അടിയോളം വെള്ളവും ഉണ്ടായിരുന്നു.
സീനിയർ ഫയർ ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, സജീവ് പി ജി, ജെയിംസ് പുന്നൻ, ഹോം ഗാർഡുമാരായ ബെന്നി എം പി, മുസ്തഫ ടി കെ എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക