സൂറത്ത്: ആക്രമണത്തിന്റെ രീതി ഭാരതത്തിന്റതല്ലെന്നും ആക്രമണം സഹിക്കുന്നത് സ്വഭാവുമല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മള് ആരെയും ആക്രമിച്ച ചരിത്രമില്ല. എന്നാല്‍ നമുക്ക് നേരെയുള്ള ആക്രമണം സഹിച്ച ചരിത്രവുമില്ല. ഗുജറാത്തിലെ സൂറത്തില്‍ ഭഗവാന് മഹാവീര്‍ സര്‍വകലാശാലയില്‍ ജൈന സമാജം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈന ആചാര്യന് ആചാര്യ മഹാശ്രമവും പരിപാടിയില്‍ പങ്കെടുത്തു.
പൂര്‍വികര്‍ മുന്നോട്ടുവച്ച സംയമനത്തിന്റെ ദര്‍ശനം നമുക്കെതിരെ യുദ്ധം ചെയ്തവരെയും സഹായിക്കുന്നതാണ്. അത് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണ്. ലോകത്ത് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് ഭാരതം പിന്തുണ നല്‍കുന്നത് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഭാരതത്തിന്റേത് വിശാലമായ മനസ്ഥിതിയാണ്. പൂര്‍വികര്‍ പകര്‍ന്നുതന്ന ആദര്‍ശങ്ങളോട് നമുക്ക് പ്രതിബദ്ധതയുണ്ട്. നമ്മുടെ പ്രശ്നങ്ങള്‍ മറ്റാര്‍ക്കും ഹാനികരമല്ലാത്ത രീതിയില്‍ പരിഹരിക്കേണ്ടതുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.
1999ല്‍ കാര്‍ഗിലില്‍ പാകിസ്ഥാന് നടത്തിയ നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അതേനാണയത്തില്‍ പ്രതികരിക്കാന്‍ ഭാരതത്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തരുതെന്ന് അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്കി. നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറിയവരെ മാത്രമാണ് സൈന്യം ലക്ഷ്യം വച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള അതിര്‍ത്തികടന്ന വ്യോമാക്രമണങ്ങള്‍ അക്രമികള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. അത് അക്രമികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരതം ഉറപ്പാക്കിയിട്ടുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
പാകിസ്ഥാന് നമ്മളെ ആക്രമിച്ചപ്പോള്‍ അവരുടെ മുഴുവന്‍ രാജ്യവും ഭാരതം ലക്ഷ്യം വച്ചില്ല. പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ മാത്രമാണ് ഭാരതം ലക്ഷ്യമിട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ പലരും ആശങ്കാകുലരാണ്. ഭാവിയെക്കുറിച്ച് ഭയപ്പാടോടെ നോക്കുന്നു. പക്ഷേ അതിന്റെ ആവശ്യമില്ല. നാമെല്ലാവരും ചേര്‍ന്ന് ഈ പ്രശ്നങ്ങളെ പരിഹരിക്കും, നമ്മില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ലോകവും പ്രശ്നങ്ങളില്‍ നിന്ന് മുക്തമാവും, അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ അടിസ്ഥാനം ആത്മീയമാണ്. മുഴുവന്‍ മനുഷ്യരാശിയുടെയാകെ ആത്മാവ് ഒന്നാണ്, എല്ലാ ജീവജാലങ്ങളെയും സന്തോഷത്തോടെ ജീവിക്കാന്‍ അനുവദിക്കുക. ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ നന്മ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കണം, ലോകം നമ്മെ പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: