ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഭാരത ബാറ്റര്‍മാര്‍ വീണ്ടെടുപ്പിനായുള്ള പോരാട്ടത്തില്‍. രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി(134) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ സ്വന്തമാക്കിയത് 356 റണ്‍സിന്റെ ലീഡ്. ഇതിനെതിരെ ബാറ്റ് ചെയ്യുന്ന ഭാരതം മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന ശക്തമായ നിലയിലാണ്.
ആദ്യ ഇന്നിങ്‌സില്‍ വെറും 46 റണ്‍സില്‍ പുറത്തായ ഭാരതത്തിനെതിരെ ന്യൂസിലന്‍ഡ് നേടിയത് 402. ഇതിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ഭാരതം ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത് പരമാവധി സ്‌കോര്‍ ചെയ്യാനുള്ള ലക്ഷ്യത്തിലാണ്.
യശസ്വി ജയ്‌സ്വാള്‍(35), നായകന്‍ രോഹിത് ശര്‍മ(52), വിരാട് കോഹ്‌ലി(70) എന്നിവരെയാണ് ഭാരതത്തിന് നഷ്ടപ്പെട്ടിട്ടുള്ളത്. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തിലാണ് കോഹ്‌ലി പുറത്തായത്. പുറത്താകാതെ ക്രീസിലുള്ളത് സര്‍ഫറാസ് ഖാന്‍ ആണ്. 78 പന്തുകള്‍ നേരിട്ട സര്‍ഫറാസ് ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 70 റണ്‍സെടുത്താണ് തുടരുന്നത്.
തലേന്ന് ഭേദപ്പെട്ട നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച ന്യൂസിലന്‍ഡിനെ ഇന്നലെ മികച്ച ടോട്ടലിലേക്ക് നയിച്ചത് ഭാരത വംശജനായ രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി മികവാണ്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് സെഞ്ചുറിയാണിത്. നാല് സിക്‌സറുകലും 13 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രചിന്റെ ഇന്നിങ്‌സ്. കുല്‍ദീപ് യാദവിന്റെ പതില്‍ ധ്രുവ് ജുറെല്‍ പിടികൂടിയ രചിന്‍ രവീന്ദ്ര പത്താമനായാണ് പുറത്തായത്. താരത്തിനൊപ്പം ടിം സൗത്തി അര്‍ദ്ധ സെഞ്ചുറിയുമായി നിന്ന് പൊരുതിയത് കിവീസ് ഇന്നിങ്‌സിന് മുതല്‍കൂട്ടായി. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 137 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. വിലമതിക്കാനാവാത്ത ഈ കൂട്ടുകെട്ടാണ് കിവീസ് സ്‌കോറിനെ 400ലേക്കെത്തിച്ചത്. വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് വീശിയെ സൗത്തി 73 പന്തുകള്‍ നേരിട്ട സൗത്തി നാല് സിക്‌സറും അഞ്ച് ബൗണ്ടറികളും സഹിതം 65 റണ്‍സ് സംഭാവന ചെയ്തു. മുഹമ്മദ് സിറാജ് ആണ് സൗത്തിയെ പുറത്താക്കിയത്. 19 ഓവറുകളെറിഞ്ഞ ജസ്പ്രീത് ബുംറ ഏഴ് മെയ്ഡനുകളെറിഞ്ഞ് 41 റണ്‍സേ വഴങ്ങിയുള്ളൂ. പക്ഷെ ഒരു വിക്കറ്റാണ് താരത്തിന് നേടാനായത്. ആര്‍ ആശ്വിന്റെ സംഭാവനയും ഒരു വിക്കറ്റ് മാത്രമാണ്. സിറാജ് രണ്ട് വിക്കറ്റ് നേടി.
ഭാരത സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ച കിവീസിന് തടയിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ ഭാരതത്തിന്റെ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയതും സ്പിന്നര്‍മാരാണ്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഗ്ലെന്‍ ഫിലിപ്‌സ് കോഹ്‌ലിയെ പുറത്താക്കി.
ബെംഗളൂരുവിലെ കനത്ത മഴ കാരണം ആദ്യ ദിനം പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടാണ് ഭാരതം-ന്യീസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്‌ക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. രണ്ടാം ദിനം കളി പുനരാരംഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഭാരതത്തിന് ചിന്ന സ്വാമിയിലെ പിച്ച് ഞെട്ടിക്കുന്ന തിരിച്ചടിയാണ് നല്‍കിയത്. വെറും 46 റണ്‍സില്‍ ഓള്‍ഔട്ടായി. രാവിലത്തെ സെഷന്‍ കഴിയുമ്പോഴേക്കും ഇന്നിങ്‌സ് അവസാനിക്കുന്ന നിലയിലേക്ക് ഭാരതം കൂപ്പുകുത്തുകയായിരുന്നു. വിരാട് കോഹ്‌ലി ഉള്‍പ്പെടെ അഞ്ച് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായ അപൂര്‍വ്വതയ്‌ക്കും ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷിയായി.
പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് പേസര്‍മാരായ മാറ്റ് ഹെന്റിയും വില്ല്യം ഒറൂര്‍ക്കെയും ആണ് ഭാരതനിരയെ പിച്ചിചീന്തിയത്. ഹെന്റി അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചപ്പോള്‍ ഒറൂര്‍ക്കെ നാല് വിക്കറ്റെടുത്ത് പിന്തുണച്ചു. ഋഷഭ് പന്തും(20) ജയ്‌സ്വാളും(13) മാത്രമാണ് ഭാരത നിരയില്‍ രണ്ടക്കം കടന്നത്. അത്രത്തോളമെത്തിയ വമ്പന്‍ തകര്‍ച്ചയില്‍ നിന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഭാരതം വലിയൊരു വീണ്ടെടുപ്പിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: