പന്തീരാങ്കാവ്: കോഴിക്കോട്ട് മാങ്കാവ് തൃശാല ഭഗവതിയുടെ തിരുനടയില്‍ നിന്നാണ് പന്തീരാങ്കാവ് കൈമ്പാലം തിരുമംഗലം വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തേക്ക് പോകുന്നത്. ഒക്ടോബറിലാണ് മാങ്കാവ് ഭഗവതിയുടെ മേല്‍ശാന്തിയായത്.
2012 മുതല്‍ ശബരിമലയിലേക്ക് അപേക്ഷ നല്‍കുന്നുണ്ട്. പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തില്‍ 15 വര്‍ഷവും തറവാട്ടു ക്ഷേത്രമായ പാലകുറുംബ ഭഗവതി ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷവും ശാന്തി ചെയ്ത അനുഭവമുള്ള വാസുദേവന്‍ നമ്പൂതിരി പാരമ്പര്യമായി താന്ത്രിക കര്‍മങ്ങളും ചെയ്തുവരുന്നു.
2012 മുതല്‍ അപേക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും അവസാന ലിസ്റ്റില്‍ എത്തുന്നത് ആദ്യമാണെന്നും നിയോഗത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പോറല്‍ പോലും ഏല്ക്കാതെ ഭക്തര്‍ക്കെല്ലാം ശബരിമല ദര്‍ശനം നടത്താന്‍ കഴിയട്ടെ എന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം തുടര്‍ന്നു.
മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്ത വാര്‍ത്ത എത്തിയതോടെ തിരുമംഗലം വീട്ടില്‍ ആശംസകളുമായി ആളുകളുടെ തിരക്കാണ്. പരേതരായ നാരായണന് നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂത്ത മകനാണ് വാസുദേവന്‍ നമ്പൂതിരി.
ശ്രീവിദ്യയാണ് ഭാര്യ. ജയദേവ്, ദേവാനന്ദ് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: