കണ്ണൂര്‍: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ച ആരോപണം വിരല്‍ ചൂണ്ടുന്നത് സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളിലേക്ക്. പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം അനുവദിച്ചതു സംബന്ധിച്ചാണ് ദിവ്യ എഡിഎമ്മിനെതിരേ അഴിമതിയാരോപണമുന്നയിച്ചത്.
ശ്രീകണ്ഠപുരം നിടുവാളൂരിലെ കെആര്‍ ഹൗസില്‍ ടി.വി. പ്രശാന്തന്റെ പേരിലാണ് പെടോള് പമ്പിന്റെ അനുമതിക്കായി അപേക്ഷിച്ചിരുന്നതെങ്കിലും കോടികള്‍ ചെലവു വരുന്ന പമ്പ് ആരംഭിക്കാന്‍ ഇയാള്‍ക്കു സ്വന്തം നിലയ്ക്കു പണം കണ്ടെത്താന്‍ സാധിക്കില്ലെന്ന സംശയം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്ന് മുമ്പേ ആരോപണമുണ്ടായിരുന്നു. പിന്നാലെ ഉന്നത സിപിഎം നേതാക്കള്‍ക്കെതിരേ കൂടി വരുംദിവസങ്ങളില്‍ ആരോപണമുണ്ടാകുമെന്നാണ് സൂചന.
ഇടതു സഹയാത്രികനായിരുന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണം വിരല്‍ ചൂണ്ടുന്നത് ബിനാമി ഇടപാടില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്നാണ്. എഡിഎമ്മിന്റെ പേരില്‍ ആരോപണമുന്നയിച്ച പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി. ശശിയുടെ ബിനാമിയാണെന്ന അന്‍വറിന്റെ ആരോപണം സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശശിക്കു വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞിട്ടുണ്ട്. പി. ശശിയുടെ പേരെടുത്തു പരാമര്‍ശിച്ച് അന്‍വര്‍ ആരോപണമുന്നയിച്ചെങ്കിലും സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.
പെട്രോള്‍ പമ്പിന്റെ നിരാക്ഷേപ പത്രം ലഭിക്കുന്നതിന് എഡിഎമ്മിനു പണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞ പ്രശാന്ത് ബാബുവിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം കെട്ടിച്ചമച്ചതാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ജോലിയുള്ള പ്രശാന്തിന് പെട്രോള്‍ പമ്പ് ആരംഭിക്കാനുള്ള ഭീമമായ സമ്പത്ത് എങ്ങനെയുണ്ടായെന്ന ചോദ്യവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.
പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണ് അപേക്ഷകനായ ടി.വി. പ്രശാന്തനെന്ന് സംശയിക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം നല്കിയ പരാതിയില്‍ പെട്രോളിയം മന്ത്രാലയം ബിപിസിഎല്ലിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നവീന്‍ ബാബുവിനെതിരായി ദിവ്യ ഉയര്‍ത്തിയ ആരോപണം തങ്ങള്‍ക്കെതിരേ തന്നെ തിരിയുമെന്ന ആശങ്കയിലാണ് സിപിഎം. അതുകൊണ്ടുതന്നെയാണ് ദിവ്യയെ പൂ
ര്‍ണമായും തള്ളിപ്പറയാന്‍ സിപിഎം വിമുഖത കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: