സ്വാമി സത്സ്വരൂപാനന്ദ സരസ്വതി,
ജന. സെക്രട്ടറി, മാര്‍ഗദര്‍ശകമണ്ഡലം
ശബരിമല സന്നിധാനത്തെത്തി ഭഗവാനെ ദര്‍ശിക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമെത്തുന്ന അയ്യപ്പഭക്തര്‍ വലിയ ദുരിതങ്ങളാണനുഭവിക്കുന്നത്. വിദേശങ്ങളില്‍ നിന്നു പോലും ഇപ്പോള്‍ അയ്യപ്പഭക്തരെത്തുന്നുണ്ട്. ഭരണകൂടത്തിനും നാട്ടിലെ കച്ചവടക്കാര്‍ക്കും വലിയ വരുമാനമാണ് ഇതുവഴി തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങളൊന്നും സന്നിധാനത്തോ, കാനനപാതയിലോ പമ്പയിലോ നിലയ്ക്കലോ ഒരുക്കപ്പെട്ടിട്ടില്ല. ആവശ്യത്തിന് കുടിവെള്ളമോ വിശ്രമസ്ഥലങ്ങളോ ഒരുക്കുന്നതിനു പോലും അധികാരികള്‍ താത്പര്യം കാട്ടുന്നില്ല. സന്നിധാനത്തു മാത്രമല്ല പതിനെട്ടാംപടിക്ക് താഴെപ്പോലും ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് ഭക്തര്‍.
രാവിലെ വഴിപാടുകള്‍ക്കായി കാത്തുനില്ക്കുന്ന ഭക്തരെ പ്രത്യേക സംവിധാനത്തിലൂടെ ക്രമപ്പെടുത്തി തിരക്കു നിയന്ത്രിക്കുന്നതിനുള്ള സംവിധാനം പോലുമൊരുക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പലരും കുടിവെള്ളം കിട്ടാതെയും യാത്രാക്ഷീണം കൊണ്ടും കുഴഞ്ഞുവീഴുന്ന സാഹചര്യവുമുണ്ടാകുന്നു. ശരിയായ വൈദ്യസഹായത്തിനുള്ള സംവിധാനവും അപര്യാപ്തമാണ്. എരുമേലി മുതലുള്ള നടപ്പാതകളില്‍ തോന്നിയ വിലയാണ് ഭക്ഷണത്തിനും മറ്റുമായി ഭക്തരില്‍ നിന്ന് ഈടാക്കുന്നത്. വഴിയില്‍ എവിടെയെങ്കിലുമൊക്കെ മിതമായ നിരക്കിലോ സൗജന്യമായോ അന്നദാനം നടത്തുന്നതിനുള്ള സംവിധാനം അധികാരികള്‍ ഒരുക്കിയിട്ടുമില്ല. ഇതൊക്കെ സഹിച്ച് നിലയ്ക്കലെത്തിയാല്‍ ഭാരിച്ച ടിക്കറ്റ് ചാര്‍ജ് നല്കി വേണം പമ്പയിലെത്താന്‍.
വന്‍കിട ഹോട്ടലുകളിലേക്ക് ടൂറിസ്റ്റുകള്‍ മുറികള്‍ ബുക്കു ചെയ്യുന്നതു പോലെ മൂന്‍കൂറായി ബുക്ക് ചെയ്താലേ ഒരു ഭക്തന് അയ്യപ്പദര്‍ശനം സാധ്യമാവൂ എന്ന സ്ഥിതി വരുന്നത് പരിതാപകരമാണ്. ഇങ്ങനെ അവര്‍ ചെല്ലുമ്പോള്‍ യാതൊരു സൗകര്യങ്ങളും അവര്‍ക്കായി ഒരുക്കുന്നുമില്ല.! വഴിപാട് തുകയും പ്രസാദ വിലയുമൊക്കെ ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നുമുണ്ട്. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ തിരക്കിട്ടു നിര്‍മിക്കുന്ന കെട്ടിടങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെയുള്ളത്.
രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഇടിച്ചു കളഞ്ഞിട്ടില്ലാത്ത എത്ര കെട്ടിടങ്ങളാണ് ശബരിമലയിലുള്ളത്? പണിയുക, ഇടിച്ചുനിരത്തുക, പണിയുക എന്ന പാഴ്വേലയാണ് എരുമേലി മുതല്‍ നടക്കുന്നത്. കമ്മീഷന് പറ്റലും കയ്യിട്ടുവാരലും നടക്കണമെങ്കില്‍ നിര്‍മാണങ്ങള്‍ നടത്തിയാലല്ലേ പറ്റൂ എന്ന കാര്യം സാധാരണക്കാരന് പോലും മനസിലാക്കുന്നുണ്ട്. ഭക്തര്‍ക്ക് വിശ്രമിക്കുവാന്‍ എന്ന പേരില്‍ നിര്‍മിച്ചിട്ട് കച്ചവടക്കാര്‍ക്ക് ലേലം നല്കുന്ന പ്രവണതയും വ്യാപകമാണ്. എന്തു കാര്യത്തിനും കരാറുകാര്‍ക്കാണ് ദേവസ്വം ബോര്‍ഡ് പ്രഥമ പരിഗണന നല്‍കുന്നത്.
ഭക്തനെ വെറും കറവപ്പശു മാത്രമായാണ് അധികാരികള്‍ കാണുന്നത്. പോലീസുകാര്‍ പോലും അപമാനകരമായിട്ടാണ് അയ്യപ്പന്മാരോട് ഇടപെടുന്നത്. ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും കേന്ദ്രമെന്ന നിലയിലേക്ക് ശബരിമലയെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ചോദ്യം ചെയ്യുന്ന ഹിന്ദു സംഘടനകളേയും അവരുടെ സേവനങ്ങളേയും പരമാവധി അകറ്റിനിര്‍ത്തുന്നതിനുള്ള ശ്രമമാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്.
നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്താമെന്നും സന്നിധാനത്ത് സൗജന്യ ഭക്ഷണം നല്കാമെന്നുമുള്ള ഹൈന്ദവ സന്നദ്ധ സംഘടനകളുടെ വാഗ്ദാനം അധികാരികള്‍ നിഷേധിച്ചതില്‍ നിന്ന് അത് വ്യക്തമാകുന്നുണ്ട്. എരുമേലി മുതലുള്ള തീര്‍ത്ഥാടനവഴികളില്‍ മത്സ്യ-മാംസക്കടകള്‍ കര്‍ട്ടനിട്ടു മറച്ചുവെച്ച് വ്യാപാരം നടത്തുന്നതിനുള്ള നിര്‍ദേശം പോലും ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. വ്രതധാരികളായ അയ്യപ്പന്മാരെ ചൂഷണം ചെയ്യുകയും നിന്ദിക്കുകയും മാത്രമാണ് ഏവര്‍ക്കും പ്രിയം. ഈവിധമുള്ള സാഹചര്യങ്ങള്‍ മാറ്റി പുണ്യാനുഭവത്തോടെ യാത്ര ചെയ്ത് അയ്യപ്പദര്‍ശനം നടത്തി ശുദ്ധമായ പ്രസാദവും സ്വീകരിച്ച് മടങ്ങുവാനുള്ള സാഹചര്യം ദേവസ്വം ബോര്‍ഡൊരുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: