Kerala

ഗത്യന്തരമില്ലാതായതോടെ നടപടി, പി പി ദിവ്യ രാജിവച്ചു

Published by

കണ്ണൂര്‍ : എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ രാജിവച്ചു. കടുത്ത ജനരോഷത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതായതോടെ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് രാജി ആവശ്യപ്പെടുകയായിരുന്നു.

കെ കെ രത്‌നകുമാരിയാണ് പുതിയ ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ്.

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു. നിയമനടപടികളുമായി സഹകരിക്കും. നിരപരാധിത്വം തെളിയിക്കും. അഴിമതിക്കെതിരെ സദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തിയതെന്നും എന്നാല്‍ സംസാരിച്ചതിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമുളള പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി പി ദിവ്യക്കെതിരെ ജനരോഷം ഏറിയതോടെ തുടക്കത്തില്‍ ദിവ്യയെ സംരക്ഷിച്ച പാര്‍ട്ടിക്ക് നടപടി എടുക്കാതെ വയ്യെന്നായി. പ്രത്യേകിച്ചും സി പി എം കുടുംബമാണ് നവീന്‍ ബാബുവിന്റേത് എന്നതും പരിഗണിക്കേണ്ടിയിരുന്നു.

പ്രതിപക്ഷം മാത്രമല്ല സി പി എമ്മില്‍ നിന്ന് തന്നെ പി പി ദിവ്യക്കെതിരെ നടപടിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. എ ഡി എമ്മിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുക്കുക കൂടി ചെയ്ത സാഹചര്യവും ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക