തിരുവനന്തപുരം: ആടുകളെ മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ ആടു വസന്തയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്‌പ്പ് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പദ്ധതി സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്.
നവംബര്‍ 5 വരെ നടക്കുന്ന യജ്ഞത്തിലൂടെ 4 മാസത്തിനു മുകളില്‍ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം ആടുകള്‍ക്കും, 1500 ഓളം ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും കര്‍ഷകരുടെ വീടുകളില്‍ എത്തി തികച്ചും സൗജന്യമായി പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കുകയും കുത്തിവയ്‌പ്പിന്റെ വിവരങ്ങള്‍ ദേശീയതലത്തിലുളള ”ഭാരത് പശുധന്‍” പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രതിരോധ കുത്തിവെയ്‌പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കന്നുകാലികളിലെ അതിമാരകമായിരുന്ന കാലിവസന്ത രോഗം 2006 ഓടെ രാജ്യത്തു നിന്നും തുടച്ച് നീക്കിയതുപോലെ ആടുകളിലെ ആടുവസന്ത രോഗവും 2030 ഓടു കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് ഈ പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: