പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ പി പി ദിവ്യക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു. പിപി ദിവ്യക്കെതിരെ നടപടി വേണം. ശവസംസ്കാരം നടന്ന വ്യാഴാഴ്ച തന്നെ പൊലീസ് എത്തി നവീന്‍ ബാബുവിന്റെ ഭാര്യയുടെ മൊഴി എടുത്തത് ശരിയായില്ലെന്നും പ്രവീണ്‍ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പ്രതിചേര്‍ത്തു. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റം ചുമത്തിയാണ് പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുന്നതടമുളള കാര്യങ്ങളില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല.
നവീന്‍ ബാബുവിന്ന്റെ മരണത്തിന് പിന്നാലെ അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്ന പൊലീസ് ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. നിലവില്‍ ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുളളത്. എന്നാല്‍ കൂടുതല്‍ പേര് പ്രതികളാകാനും സാധ്യതയുമുണ്ട്. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്കിയ പ്രശാന്തിനുമെതിരെ നവീന്റെ കുടുംബം പരാതിയും നല്‍കിയിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തില്‍ ദിവ്യയുടെ അറസ്റ്റ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: