പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച (ഒക്ടോബർ 16) വാരണാസിയിൽ ഗംഗാ നദിക്ക് കുറുകെയുള്ള പുതിയ റെയിൽ-റോഡ് പാലത്തിന് അംഗീകാരം നൽകി. ഗതാഗത ശേഷിയുടെ കാര്യത്തിൽ പാലം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എടുത്തുപറഞ്ഞു. ഇതു സംബന്ധിച്ച നിർദ്ദേശത്തിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
137 വർഷം പഴക്കമുള്ള മാളവ്യ പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിക്കുന്നത്. താഴത്തെ ഡെക്കിൽ നാല് റെയിൽവേ ലൈനുകളും മുകളിലത്തെ ഡെക്കിൽ ആറ് വരി ഹൈവേയും ഉൾപ്പെടുന്ന പുതിയ പാലം ഗതാഗത ശേഷിയിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലമാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 2,642 കോടി രൂപ ചെലവിലാകും പാലം നിർമിക്കുക. ഉത്തർപ്രദേശിലെ വാരണാസി, ചന്ദൗലി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തിരക്കേറിയ റെയിൽസ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി കേന്ദ്രം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.പ്രധാനമന്ത്രിയുടെ നവ ഭാരതമെന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. പിഎം-ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി നിർമ്മാണ ഘട്ടത്തിൽ ഏകദേശം 10 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അശ്വനി വൈഷ്ണവ് പറഞ്ഞു.
‘നിർദിഷ്ട പ്രോജക്റ്റ് ബന്ധിപ്പിക്കാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഗതാഗത ശൃംഖലകൾ മെച്ചപ്പെടുത്തുന്നതിലൂടെ ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തും, അതിന്റെ ഫലമായി വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും,’ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഘടനാപരമായ സങ്കീർണ്ണത കാരണം, പദ്ധതി പൂർത്തിയാകാൻ ഏകദേശം നാല് വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈഷ്ണ അഭിപ്രായപ്പെട്ടു. കൂടാതെ, പുതിയ പാലം പ്രതിവർഷം 8 കോടി ലിറ്റർ ഡീസൽ ഇറക്കുമതി ലാഭിക്കുമെന്നും പ്രതിവർഷം ഏകദേശം 638 കോടി രൂപ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: