- മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ന്യായീകരണമില്ല
- കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല
- പെട്രോള്‍ പമ്പ് ബിനാമി ഇടപാട്
- മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ദുരൂഹതകള്‍ ഏറെ. ദിവ്യ, എഡിഎമ്മിനെ അഴിമതിക്കാരനെന്ന് ആരോപിച്ച വിഷയത്തിലെ പെട്രോള്‍ പമ്പ് ആരുടേതെന്ന കാര്യത്തിലാണ് വലിയ വിവാദം.
നവീന്‍ ആത്മഹത്യ ചെയ്തതോ കൊലപാതകമോ എന്ന ചര്‍ച്ചകളുമുണ്ട്. ദിവ്യയാണ് മരണത്തിന് കാരണക്കാരിയെന്ന് വന്നപ്പോള്‍ പമ്പ് അനുമതിക്ക് അപേക്ഷിച്ചയാള്‍ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി എന്ന പേരില്‍ പ്രചരിപ്പിച്ച കത്ത് വ്യാജമാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. പരാതി സംബന്ധിച്ച് ഒരു ഔദ്യോഗിക രേഖയും പരാതിക്കാരന്‍ പ്രശാന്തന്റെ പക്കലില്ല. സിപിഎം നേതാക്കളും അണികളും എഡിഎമ്മിനെ അഴിമതിക്കാരനാക്കാന്‍ പ്രചരിപ്പിച്ച പരാതിക്കത്ത് സംബന്ധിച്ച വിശദീകരണങ്ങളില്‍ മുഴുവന്‍ അവ്യക്തതകളാണ്. മുഖ്യമന്ത്രിക്ക് വാട്‌സ്ആപ്പില്‍ പരാതി നല്കിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് ദിവ്യയെ രക്ഷിക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ ഉണ്ടാക്കിയ വ്യാജരേഖയാണെന്നാണ് വ്യക്തമാകുന്നത്.
പി.പി. ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്ത് പരിയാരം മെഡിക്കല്‍ കോളജില്‍ ഓഫീസ് അസിസ്റ്റന്റാണ്. പമ്പ് തുടങ്ങാന്‍ എന്‍ഒസിക്ക് അപേക്ഷിച്ച ശ്രീകണ്ഠാപുരം നിടുവാലൂര്‍ കെ.ആര്‍. ഹൗസില്‍ ടി.വി. പ്രശാന്തന്‍ അതേ മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനാണ്. രണ്ടുപേരും സിപിഎമ്മിന്റെ യൂണിയന്‍ അംഗങ്ങളും.
പെട്രോള്‍ പമ്പ് സംരംഭത്തില്‍ ഒരുഘട്ടത്തിലും ജില്ലാ പഞ്ചായത്ത് ഇടപെടേണ്ടതില്ല. പിന്നെ പ്രസിഡന്റ് ദിവ്യക്ക് പമ്പിടപാടില്‍ എന്താണ് പങ്ക് എന്ന ചോദ്യം സിപിഎം പ്രവര്‍ത്തകരില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും എകെജി സെന്റര്‍ ഓഫിസ് സെക്രട്ടറിയുമായ ബിജു കണ്ടക്കൈയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥിന്റെ അമ്മാവന്റെ മകനുമാണ് പ്രശാന്തന്‍.
പമ്പിന്റെ അനുമതിക്കാര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ പോലീസ് റിപ്പോര്‍ട്ടും എതിരായിരുന്നു. വന്‍ തുക മുതല്‍മുടക്കേണ്ട സംരംഭത്തിന് മറ്റു സാമ്പത്തിക സ്രോതസുകള്‍ ഇല്ലാത്ത പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
എഡിഎമ്മിന് 98,500 രൂപ കൈക്കൂലി നല്കിയെന്നത് വിശ്വസിക്കാന്‍ സിപിഎം നേതാക്കളും അത് പ്രചരിപ്പിക്കുന്നവരും മാത്രമേയുള്ളു. കൈക്കൂലി നല്കിയെന്ന് സ്വയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തനെതിരെ കേസെടുക്കാത്തതും ദുരൂഹതയാണ്. കൈക്കൂലി കൊടുത്തതും വാങ്ങിയതും അറിയാമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവരം അധികൃതരെ അറിയിക്കാത്തതും സംശയകരമാണ്. അവര്‍ക്കെതിരേ കേസെടുത്തിട്ടുമില്ല. പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്നും പ്രശാന്തന്‍ ബിനാമിയാണെന്നും ആരോപണങ്ങളുണ്ട്. ചില സിപിഎം നേതാക്കളുടെ പങ്കും പറയപ്പെടുന്നു.
നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ ക്ഷണിക്കാതെയാണ് ചെന്നത്. അതിനു മുന്‍പ് ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയിരുന്നു. ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് അയാള്‍ പോയി. ഈ വീഡിയോയാണ് ചേനലുകള്‍ക്ക് ലഭ്യമാക്കിയതും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. ആസൂത്രിതമായിരുന്നു നടപടികളെല്ലാം.
എഡിഎമ്മിന്റെ കാര്യത്തില്‍, ”രണ്ട് ദിവസത്തിലറിയാം” എന്നു പറഞ്ഞാണ് പി.പി. ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്. ഇതും നവീന്‍ ബാബുവിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആരോപണമുയരുന്നത്. ആത്മഹത്യയെങ്കില്‍ ആത്മഹത്യക്കുറിപ്പുണ്ടാവില്ലേ എന്നും അതല്ല, കൊലപാതകമായിരിക്കുമോ എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. പെട്രോള്‍ പമ്പ് നേടിയത് ഓയില്‍ കമ്പനിക്ക് പണം നല്കിയാണെന്ന പ്രശാന്തന്റെ വെളിപ്പെടുത്തല്‍ ഏറെ അന്വേഷണം ആവശ്യപ്പെടുന്നതാണ്. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക് ഇതുസംബന്ധിച്ച് പരാതികളും ആവശ്യങ്ങളും പലരും എത്തിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: