കോട്ടയം: റബര്‍ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കുന്നതിന് റബര്‍ബോര്‍ഡ് ഫീസ് ചുമത്തും. ബോര്‍ഡിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഓരോ ബാച്ച് ഇറക്കുമതിച്ചരക്കിനും 5000 രൂപ വീതം ഈടാക്കുന്നതിനാണ് ബോര്‍ഡിന്റെ നിര്‍ദേശം.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന, ഗുണമേന്മ കുറഞ്ഞ പ്രകൃതിദത്ത റബറിന്റെ വിവിധ വകഭേദങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് എന്‍ഒസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിന് ഫീസ് ചുമത്തുന്നതടക്കമുള്ള പുതിയ നടപടിക്രമങ്ങള്‍ വരുന്നതോടെ ഇറക്കുമതി റബറിന്റെ ഗുണമേന്മാപാലനം കൂടുതല്‍ കാര്യക്ഷമമാകും. ആഭ്യന്തര വിപണി മെച്ചപ്പെടുന്നതിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
2021ല്‍ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്കുള്ള അളവ് നിയന്ത്രണം പിന്‍വലിച്ചിരുന്നു. പകരം ഇറക്കുമതി റബറിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരമുള്ള ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിന് സാമ്പിളുകള്‍ പരിശോധിച്ച് എന്‍ഒസി നല്കാന് തീരുമാനിച്ചു. അത്തരത്തില്‍ നല്കുന്ന എന്‍ഒസിക്ക് ഫീസ് ചുമത്തുന്നതിനാണ് ഇപ്പോള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
രാജ്യത്ത് മറ്റ് പല സ്ഥാപനങ്ങളും റബറിതര വസ്തുക്കളുടെ ഇറക്കുമതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഫീസ് ഈടാക്കിയാണ്. 2023-24ല്‍ രാജ്യത്ത് 492682 മെട്രിക് ടണ്‍ റബറിന്റെ ഇറക്കുമതി നടന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം സപ്തംബര്‍ വരെ 310413 മെടിക് ടണ്‍ ഇറക്കുമതി ചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇറക്കുമതി ചെയ്തത് 254488 മെട്രിക് ടണ്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: