ഭാരതത്തിന്റെ ദേശീയ വര്‍ഷമായ ശകവര്‍ഷത്തിലെ ആശ്വിനിമാസ പൗര്‍ണമി വാത്മീകി ജയന്തിയായി ഭാരതം ആചരിക്കുന്നു. കാലപ്രവാഹത്തില്‍ ചലിച്ചുകൊണ്ടേയിരിക്കുന്ന ലോകത്തില്‍ ഈശ്വരസമസൃഷ്ടി എന്ന് സ്വയം അഭിമാനിക്കുന്ന മനുഷ്യന്റെ ഹൃദയ ആവിഷ്കാരമാണ് കാവ്യങ്ങള്‍. അത് മനുഷ്യപ്രതിഭയുടെ ഉള്ളില്‍ ഉറവയെടുത്ത് മേലോട്ടൊഴുകി സര്‍ഗസസൃഷ്ടിയുടെ ഗിരിശൃംഗങ്ങളുടെ തുഞ്ചത്ത് തന്നെ നിലകൊള്ളുകയാണ്. അഗാധ ധിഷണയും ക്രാന്തദര്‍ശിത്വവും ഭാവാത്മകതയും അലയടിച്ചിരുന്ന ഋഷിഹൃദയത്തില്‍, കാമമോഹിതരായിരുന്ന ക്രൗഞ്ചപ്പക്ഷിയിണയിലൊന്ന് വേടന്റെ അമ്പേറ്റ് വീണ പിടച്ചിലും, സാക്ഷിയായ ഇണയുടെ വിരഹതാപവും കൊണ്ട്, ഇറ്റുവീണ ശോകകണം, സൃഷ്ടിച്ച തപ്തതരംഗം ചടുലമായി ബഹിര്‍ഗമിച്ചത് ശ്ലോക രൂപേണ ആയിരുന്നു.
”മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമശ്ശാശ്വതീഃ സമഃ
യത് ക്രൗഞ്ചമിഥുനാദേക-
മവധീ കാമമോഹിതം.”
(അല്ലയോ കാട്ടാള, കാമമോഹിതരായ ക്രൗഞ്ചപ്പക്ഷിയിണയിലൊന്നിനെ അമ്പെയ്തു വധിച്ച നീ അല്പ്പായുസ്സായിപ്പോകട്ടെ)
നാല് പാദങ്ങള്‍, ഓരോന്നിലും എട്ടക്ഷരങ്ങള്‍ വീതമുള്ള അനുഷ്ഠുപ്പ് വൃത്തത്തില്‍ ഒഴുകിവന്ന ആ വാങ്മയമായിരുന്നു ലോകത്തിലെ ആദ്യകവിത. ആപിറവിയ്ക്കായി തുടിച്ച ഋഷിഹൃദയം വാത്മീകിയുടേതാണെന്ന് ലോകമറിഞ്ഞു. താനും സാക്ഷിയായ ശോകനിര്‍ഭയരമായ ആ സംഭവം ഹൃദയത്തെ മഥിച്ചുണ്ടായ സര്‍ഗപ്രവാഹ ബീജത്തെ തന്റെ സമകാലീനനായ ധര്‍മമൂര്‍ത്തിയായ ഒരു രാജാവിന്റെയും, രാജാവിന്റെ പത്നിയുടെയും ആദര്‍ശ രാഷ്ട്രത്തിന്റെയും അതിലുമുപരി മനുഷ്യമനസ്സിന്റെ സമസ്ത ഭാവങ്ങളുടെയും കഥ ഒരു കാവ്യ ശില്പമായി ആവിഷ്കരിച്ചപ്പോള്‍ അത് രാമന്റെ ജീവചരിത്രമായ രാമായണം എന്ന ആദികാവ്യമായി, വാത്മീകി ആദി കവിയും.
വാത്മീകി വരുണന്റെ പത്താമത്തെ പുത്രനായിരുന്നുവെന്നും ബാല്യകാല നാമം രത്നാകരന് എന്നയിരുന്നുവെന്നും പറയപ്പെടുന്നു. പക്ഷേ, ചെറുപ്പത്തില്‍ തന്നെ ദുര്‍വൃത്തന്മാരുടെ സങ്കേതങ്ങളില്‍പെട്ട് രത്നാകരന് ഒരുകൊള്ളക്കാരനായിത്തീര്‍ന്നു. ഗൃഹസ്ഥനും പിതാവുമായിക്കഴിഞ്ഞിരുന്ന അയാള്‍ കുടുംബസന്ധാരണത്തിനു വേണ്ടി വനത്തിലെ വഴിയാത്രക്കാരുടെ ധനധാന്യങ്ങള് പിടിച്ചുപറിച്ച് കാലം കഴിച്ചു പോന്നു. ഒരിക്കല്‍ യാത്രക്കാരായി എത്തിയ സപ്തര്‍ഷികളും രാത്നാകരന്റെ പരാക്രമത്തിന് പാത്രമായി.
”നീ ഈ പാപകര്‍മ്മം ചെയ്യുന്നത് എന്തിനാണ്”, എന്ന ഋഷിമാരുടെ ചോദ്യത്തിന് ”ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍”, എന്ന് മറുപടി. ”നിന്റെ ഈ കര്‍മ്മത്തിന്റെ ഫലമനുഭവിക്കുന്ന അവര്‍ അതിന്മേല് നിന്നിലെത്തുന്ന പാപവും പങ്കിടുമോ?” എന്ന ഋഷിയുടെ ചോദ്യത്തിന് മുന്നില്‍ അയാള്‍ ഒന്ന് കുഴങ്ങി. എന്നാല്‍ ”നീ പോയി ഇത് അവരോട് ചോദിച്ചു വരൂ, മടങ്ങിയെത്തുവോളം ഞങ്ങള്‍ ഇവിടെത്തന്നെ നിന്നുകൊള്ളാം”,എന്ന സപ്തര്‍ഷികളുടെ വാക്കുകള്‍ കേട്ട് വീട്ടിലെത്തി ഭാര്യയോടും മക്കളോടും അയാള്‍ ചോദ്യമാവര്‍ത്തിച്ചു.
”കുടുംബം പുലര്‍ത്തേണ്ടത് ഗൃഹനാഥന്റെ. ധര്‍മ്മവും കടമയുമാണ്, അതിനായി നിങ്ങള്‍ ചെയ്യുന്ന പാപഫലങ്ങള്‍ ഞങ്ങള്‍ ഭാഗിക്കുകയോ, ഞങ്ങളെ ബാധിക്കുകയോ ചെയ്യില്ല”, എന്ന ഭാര്യയുടെ കൃത്യമായ മറുപടി അയാളെ പശ്ചാത്താപവിവശനാക്കി, തിരികെയെത്തി ഋഷിമാര്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ മുട്ടുകുത്തി. അവര്‍ അയാളെ ആശ്വസിപ്പിച്ചു, അടുത്തു നിന്ന മരങ്ങള്‍ ചൂണ്ടിക്കാട്ടി ചുവട്ടിലിരുന്ന് ‘മരാ-മരാ’ എന്ന് അനവരതം ജപിക്കാനുപദേശിച്ചു. ഭാര്യയുടെ വാക്കുകള്‍ തൊടുത്തുവിട്ട സത്യം ഉള്ളുലച്ച കാട്ടാളന് ഋഷിമാരുടെ ഉപദേശം അമൃതമായി. ആഹാര നിദ്രാദികള്‍ ത്യജിച്ച് ആ വനമദ്ധ്യത്തില്‍ നിശ്ചലനായി ‘മരാമരേതി’ ഉരുവിട്ട് അയാള്‍ തന്നില്‍ ലയിച്ചിരുന്നു. കാലഗതിയില്‍ മാസങ്ങളും വര്‍ഷങ്ങളും ഒഴുകിപ്പോയി, രത്നാകരന് ചിതല്‍പ്പുറ്റുകൊണ്ട് മൂടപ്പെട്ടു. അപ്പോഴേക്കും ചുണ്ടിലെ ജപം ഉച്ചത്തില്‍ ”രാമ-രാമ” എന്ന താരക മന്ത്രമായി അയാളറിയാതെ മാറി. വര്‍ഷപങ്ങള്‍ക്കു ശേഷം അതു വഴി വന്ന സപ്തര്‍ഷികള്‍, ചിതല്പുറ്റില് നിന്നുയരുന്ന രാമമന്ത്രം കേട്ട് അത് പൊട്ടിച്ചു. പുറത്തുവന്ന രത്നാകരനോട് ”വല്മീകത്തില് നിന്നും പുറത്തുവന്ന നീ ഇന്ന് മുതല്‍ വാത്മീകി എന്ന പേരില്‍ പ്രശസ്തി നേടും, പോയി ലോക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക”, എന്നനുഗ്രഹിച്ചു. അങ്ങനെ രത്നാകരന് രണ്ടാം ജന്മമെടുത്ത് വാത്മീകിയായി, പിന്നീട് രാമന്റെഅയന ചരിത്രം രചിച്ച് ഇതിഹാസകാരനുമായി.
എന്നാല്‍ കുറച്ചു വ്യത്യസ്തമായ ആഖ്യാനങ്ങളാണ് സ്കന്ദപുരാണത്തില്‍. വാത്മീകി ബ്രാഹ്മണനായി ജനിച്ചുവെന്നും, ലോഹജംഘന്‍ എന്ന പേരില്‍ ജീവിച്ചിരുന്നുവെന്നും സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്ത് പരസ്പര ഐക്യത്തോടെയും വര്‍ദ്ധിച്ച സ്നേഹത്തോടെയും ജീവിച്ചുപോന്നുവെന്നും അക്കാലത്ത് ആ പ്രദേശത്ത് തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷത്തോളം മഴപെയ്യാതെ കടുത്ത വരള്‍ച്ചുയും ക്ഷാമവും വറുതിയും കാരണം നിത്യഭോജനത്തിനുള്ള വക പോലും ലഭിക്കാതായപ്പോള്‍ ഗത്യന്തരമില്ലാതെ ലോഹജംഘന്‍ വഴിയാത്രക്കാരുടെ സാമഗ്രികള്‍ പിടിച്ചുപറിച്ചു കുടുംബം പുലര്‍ത്തിയെന്നും അതുവഴി വന്ന ഋഷിമാര്‍ ഉപദേശിച്ച് പരിവര്‍ത്തനപ്പെടുത്തിയെന്നുമാണ് ഇതില്‍.
ഭൃഗു വംശത്തിലെ, സുമാലി എന്നും അപരനാമമുള്ള, പ്രചേതനന്‍ എന്ന ബഹ്മണന്റെ പുത്രനായ അഗ്നിശര്മ്മന് ആയിരുന്നു വാത്മീകിയെന്നും സ്വധര്‍മ്മ-കര്‍മ്മ ഭ്രംശത്തില്‍പെട്ട അഗ്നിശര്‍മ്മനെ നാരദമഹര്‍ഷി ഉപദേശിച്ച്, ”മരാ-മരാ” ജപിപ്പിച്ച് ”രാമ-രാമ’ ജപത്തിലേക്കെത്തിച്ച് വാത്മീകിയായി രൂപാന്തരപ്പെടുത്തിയെന്ന മറ്റൊരു വിശ്വാസവുമുണ്ടണ്ട്. ആദികവ്യമായ രാമായണവും വസിഷ്ഠ മഹര്‍ഷി ശ്രീരാമനുപദേശിച്ച ഉപദേശ സമാഹാരമായ യോഗവാസിഷ്ഠവും വാത്മീകി സംഹിതയുമാണ് വാത്മീകിയുടെ പവിത്രസൃഷ്ടികള്‍.
വസിഷ്ഠ രാമായണം അഥവാ ജ്ഞാനവാസിഷ്ഠം വസിഷ്ടോത്തര രാമായണം, സീതാവിജയം, അത്ഭുതരാമായണം, അത്ഭുതോത്തര രാമായണം എന്നിങ്ങനെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളവയും വാത്മീകി രചിച്ചവ തന്നെയാണ് എന്ന് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ വിശ്വസിക്കുന്നു.” ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമായണം മൂലകൃതിയ്ക്ക് മൂന്ന് മൂല രൂപങ്ങള്‍ കാണുന്നുണ്ട്. ഓരോന്നിലും മൂന്നിലൊന്നില്‍ കുറയാതെ പരസ്പര വ്യത്യസ്തതയുമുണ്ട്. അവയില്‍ ബോംബെ പാഠത്തിനാണ് ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഏറെ പ്രചാരമുള്ളത്. രണ്ടാമത്തെ ബംഗാള്‍ പാഠവും മൂന്നാമത്തെ കശ്മീര്‍ പാഠവും ഭാരതത്തിന്റെന കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിലവിലിരിക്കുന്നു.
വാത്മീകിയുടെ രാമായണം ഉത്തരകാണ്ഡം ഉള്‍പ്പെടെ എഴു കാണ്ഡങ്ങളും അറുനൂറ്റിനാല്പ്പത്തിനാല് സര്‍ഗങ്ങളും, അനുഷ്ഠുപ്പ് വൃത്തത്തിലുള്ള ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ അടങ്ങിയതുമാണ്. ഇത് വലുപ്പം കൊണ്ട് ഭാരതത്തിന്റെ മറ്റൊരു ഇതിഹാസമായ മഹാഭാരതത്തിന്റെ, അഞ്ചിലൊന്നും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെ നാല് മടങ്ങും വരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: