ബ്യൂണസ് അയേഴ്സ്: ലയണല്‍ മെസ്സി ഹാട്രിക്ക് നേടിയ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് 6-0ന്റെ ജയം. മത്സരത്തിന്റെ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗത്താറോ മാര്‍ട്ടിമെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി.
മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു മെസിപ്പട പുറത്തെടുത്തത്. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം എതിരാളികളെ കാഴ്ചക്കാരാക്കിയായിരുന്നു ലോകചാമ്പ്യന്മാരുടെ പ്രകടനം. വന്‍ വിജയത്തിന് ഇന്ധനമായത് ലയണല്‍ മെസിയുടെ ബൂട്ടുകള്‍ തന്നെയായിരുന്നു. അര്‍ജന്റീന നേടിയ ആറ് ഗോളുകളില്‍ അഞ്ചിലും മെസിയുടെ ഇടപെടലുണ്ടായി. മൂന്ന് ഗോള്‍ നേടിയപ്പോള്‍ രണ്ട് അസിസ്റ്റുകളും മെസി നല്കി.
19-ാം മിനുറ്റില്‍ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ നിന്ന് മെസി തന്നെയായിരുന്നു ഗോളടിക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാര്‍ട്ടിനസിനെക്കൊണ്ടും ആല്‍വാരസിനെക്കൊണ്ടും ഗോളടിപ്പിച്ച് മെസി അര്‍ജന്റീനയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 69-ാം മിനുറ്റില്‍ മൊളിനയുടെ അസിസ്റ്റില്‍ നിന്നായിരുന്നു അല്‍മാദ അര്‍ജന്റീനയുടെ നാലാം ഗോള്‍ ഉറപ്പാക്കിയത്. 84, 86 മിനുറ്റുകളിലായിരുന്നു മെസിയുടെ മറ്റ് രണ്ട് ഗോളുകള്‍ ബൊളീവിയയുടെ വലയില്‍ പതിച്ചത്. 2023 മാര്‍ച്ചിന് ശേഷം മെസി അര്‍ജന്റീനയ്ക്കായി നേടുന്ന ആദ്യ ഹാട്രിക്ക് കൂടിയാണിത്.
ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 10 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണുള്ളത്. നവംബര്‍ 15ന് പരാഗ്വായുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: