India

ദളിതരെപ്പറ്റി പ്രസംഗിക്കും; രാഹുലിനോ പ്രിയങ്കയ്‌ക്കോ യഥാര്‍ത്ഥ ദളിത് പ്രേമമില്ല ഹരിയാനയില്‍ ഏറ്റുവാങ്ങിയത് ദളിത് രോഷം

രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് എപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുകയും ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. പക്ഷെ ഹരിയാനയില്‍ ഇതേ കോണ്‍ഗ്രസ് ദളിതരെ ഓരത്തേക്ക് തള്ളിമാറ്റുകയും ദളിത് നേതാവിനെ അപമാനിക്കുകയും ചെയ്യുകയായിരുന്നു

Published by

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് നേതാവ് എപ്പോഴും ഭരണഘടന ഉയര്‍ത്തി സംസാരിക്കുകയും ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേതാവാണ്. പക്ഷെ ഹരിയാനയില്‍ ഇതേ കോണ്‍ഗ്രസ് ദളിതരെ ഓരത്തേക്ക് തള്ളിമാറ്റുകയും ദളിത് നേതാവിനെ അപമാനിക്കുകയും ചെയ്യുകയായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍. അതിന്റെ ഫലമായി ഹരിയാനയില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് വന്‍തോല്‍വിയാണ്.

അവിടെ ദളിതരുടെ നേതാവായ ഷെല്‍ജയെ നിശ്ശബ്ദയാക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.  പകരം രാഹുലും പ്രിയങ്കയും പിന്തുണച്ചത് ജാഠ് സമുദായ നേതാവായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയെ ആണ്. ആകെയുള്ള 90 സീറ്റുകളില്‍ 72 സീറ്റുകളും നല്‍കിയത് ഭൂപീന്ദര്‍ ഹൂഡയ്‌ക്കാണ്. ദളിത് നേതാവായ കുമാരി ഷെല്‍ജയ്‌ക്ക് അനുവദിച്ചത് 9 സീറ്റുകള്‍ മാത്രമാണ്.

-->

ജാഠ് സമുദായ നേതാക്കള്‍ ദളിത് നേതാവായ ഷെല്‍ ജയെ അപമാനിച്ചപ്പോള്‍ അതിനെതിരെ രാഹുലോ പ്രിയങ്കയോ ചെറുവിരല്‍ അനക്കിയില്ല. ഷെല്‍ജ 12 ദിവസം രാഷ്‌ട്രീയ പ്രചാരണവേദിയില്‍ നിന്നും മാറി നിന്നു. ഇതാണ് കോണ്‍ഗ്രസ് എന്ന ജാഠ് നേതാവിന്റെ പാര്‍ട്ടിയ്‌ക്കെതിരെ ദളിതര്‍ ഒന്നടങ്കം തിരിയാന്‍ കാരണമായത്. ജാഠ് നേതാക്കളായ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെയും മകന്‍ ദീപേന്ദര്‍ ഹുഡയുടെയും കയ്യിലാണ് ഹരിയാനയിലെ കോണ്‍ഗ്രസ്, ഒരു വേദിയില്‍ രാഹുല്‍ ഗാന്ധിക്ക് ജിലേബി നല്‍കിയത് ദീപേന്ദര്‍ ഹുഡയാണ്. അങ്ങിനെയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇന്ത്യയിലുടനീളം ജിലേബി ഫാക്ടറി ആരംഭിക്കണെന്ന് വരെ രാഹുല്‍ ഗാന്ധി തട്ടിവിട്ടത്. ജിലേബി ഫാക്ടറിയില്‍ ഉണ്ടാക്കാന്‍ കഴിയുന്ന പലഹാരമല്ലെന്ന് അറിയാത്ത നേതാവ്.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെ ശതകോടീശ്വരനാക്കിയ നേതാവാണ് ഭൂപീന്ദര്‍ ഹൂഡ. വന്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതയുള്ള ഹരിയാനയിലെ ഗുരുഗ്രാം ഉള്‍പ്പെടെയുള്ള പ്രദേശത്ത് ഏകദേശം 5000 ഏക്കര്‍ കര്‍ഷകഭൂമിയാണ് റോബര്‍ട്ട് വധേരയ്‌ക്ക് നല്‍കിയതെന്ന് സിബിഐ പറയുന്നു. പിന്നീട് തരംമാറ്റിക്കൊടുക്കുകയും ചെയ്തു. ഈ ഭൂമി വധേര ഡിഎല്‍എഫ് എന്ന വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയ്‌ക്ക് വിറ്റതായും പറയുന്നു. അങ്ങിനെയുള്ള ഭൂപീന്ദര്‍ ഹൂഡയ്‌ക്ക് മുന്നില്‍ രാഹുലും പ്രിയങ്കയും ദളിത് നേതാവ് ഷെല്‍ജയെ ബലികൊടുക്കുകയായിരുന്നു. കെ.സി.വേണുഗോപാലോ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ഷെല്‍ജ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് തന്നെ തീര്‍ക്കണമെന്ന പ്രസ്താവനയില്‍ അവര്‍ ഒതുങ്ങി. ഇതോടെ ഗ്രൂപ്പ് വഴക്ക് പാരമ്യത്തിലെത്തി. അതാണ് കോണ്‍ഗ്രസിനെ പതനത്തില്‍ എത്തിച്ചത്. അതില്‍ കോണ്‍ഗ്രസിനോടുള്ള ദളിത് രോഷത്തിന് നല്ലൊരു പങ്കുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക