ന്യൂദല്‍ഹി: കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ വാക്കുകളെയും പ്രവര്‍ത്തികളെയും കാനഡയില്‍ നിയന്ത്രിക്കുന്നത് കടുത്ത ഖലിസ്ഥാന്‍വാദിയും ഖലിസ്ഥാന്‍ സംഘടനകളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്യുന്ന ജഗ്മീത് സിങ്ങ് എന്ന അവിടുത്തെ എന്‍ഡിപി പാര്‍ട്ടിയുടെ എംപി ആണ് . ഒരു ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ഇന്ത്യാ സര്‍ക്കാരിനെ കാനഡയിലെ പാര്‍ലമെന്റില്‍ പരസ്യമായി കുറ്റപ്പെടുത്താന്‍ ട്രൂഡോയെ പ്രേരിപ്പിച്ചത് ജഗ്മീത് സിങ്ങില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ്.
മാധ്യമപ്രവര്‍ത്തകരുമായി ഉടക്കി ഇറങ്ങിപ്പോക്ക് നടത്തി ജഗ്മീത് സിങ്ങ്
ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ബുധനാഴ്ച രംഗത്തെത്തിയിരിക്കുകയാണ് ജഗ്മീത് സിങ്ങ്. ആര്‍എസ്എസിനും ഇന്ത്യന്‍ നയതന്ത്രോദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്നുവരെ വാര്‍ത്താസമ്മേളനത്തില്‍ ആഞ്ഞടിക്കുകയായിരുന്നു ജഗ്മീത് സിങ്ങ്. ഇന്ത്യയും കാനഡയും തമ്മില്‍ ഒരു നയതന്ത്രവഴക്ക് മൂര്ച്ഛിച്ചുനില്ക്കുമ്പോഴാണ് അതിലേക്ക് തീപകരുന്ന അടുത്ത ആവശ്യം ജഗ്മീത് സിങ്ങ് ഉയര്‍ത്തിയത്. ഇതാണ് മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ജഗ്മീത് സിങ്ങിന്റെ ആവശ്യങ്ങളെ പുച്ഛിച്ചുതള്ളുകയായിരുന്നു. ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉപരോധിക്കണമെന്ന് ആവശ്യപ്പെട്ട ജഗ്മീത് സിങ്ങിനോട് മാധ്യമപ്രവര്‍ത്തകര്‍ പല വിധ ചോദ്യങ്ങള്‍ ചോദിച്ച് പ്രതിരോധത്തിലാക്കുകയായിരുന്നു. അദ്ദേഹം മോദിയെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തു. “ഇങ്ങിനെ ഇത് ശരിയാവില്ല” എന്ന് ഒരു മാധ്യമപ്രവര്‍ത്തക ജഗ്മീത് സിങ്ങിന് നേരെ പ്രതികരിച്ചപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഉറക്കെപ്പൊട്ടിച്ചിരിച്ചു. ഇത് അദ്ദേഹത്തെ കൂടുതല്‍ കോപാകുലനാക്കി. വൈകാതെ ജഗ്മീത് സിങ്ങ് വാര്‍ത്താസമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ലോറന്‍സ് ബിഷ്ണോയി എന്ന അധോലോക ഗുണ്ടയെ ഉപയോഗിച്ച് കാനഡയിലെ ഖലിസ്ഥാന്‍ നേതാക്കളെ ഇന്ത്യാ സര്‍ക്കാര്‍ വധിക്കുകയാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് ജഗ്മീത് സിങ്ങും കൂട്ടരും ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. അത്തരമൊരു റിപ്പോര്‍ട്ട് കാനഡ പൊലീസ് നല്കി എന്ന് പ്രചരിപ്പിച്ചാണ് ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഉപരോധിക്കണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തുന്നത്. ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനും രാഷ്ട്രീയ പിന്തുണ വീണ്ടും ഉറപ്പിക്കാനുമാണ് ജസ്റ്റിന് ട്രൂഡോ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ജഗ്മീത് സിങ്ങ് ആവശ്യപ്പെടുന്നത് അതേ പടി ആവര്‍ത്തിക്കുന്നത്. കാനഡ വിദേശകാര്യമന്ത്രി മെലനി ജോളിയും കാനഡ സര്‍ക്കാര്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഉപരോധിച്ചേക്കുമെന്ന ചില സൂചനകള്‍ നല്‍കിയിരുന്നു. അതിനര്‍ത്ഥം ട്രൂഡോ ഖലിസ്ഥാന്‍ വാദികള്‍ക്ക് കീഴടങ്ങും എന്ന് തന്നെയാണ്.
ജസ്റ്റിന് ട്രൂഡോയുടെ ജഗ്മീത് സിങ്ങിനോടുള്ള അടിമത്തത്തിന് കാരണം?
കാരണം 2025 വരെ കാനഡ ഭരിയ്ക്കണമെങ്കില്‍ ജഗ്മീത് സിങ്ങ് പറഞ്ഞത് അക്ഷരം പ്രതി ജസ്റ്റിന് ട്രൂഡോയ്ക്ക് അനുസരിച്ചേ മതിയാവൂ. 2021ലെ കാനഡ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറും 152 സീറ്റുകള്‍ മാത്രമാണ് ജസ്റ്റിന് ട്രൂഡോയുടെ പാര്‍ട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം കിട്ടാന്‍ 170 എംപിമാര്‍ വേണം. വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജസ്റ്റിന് ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എന്‍ഡിപി എന്ന പാര്‍ട്ടിയാണ്. എന്‍ഡിപിയുടെ 25 എംപിമാരും ട്രൂഡോയെ പിന്തുണച്ചു. അതുകൊണ്ട് ജഗ് മീത് സിങ്ങ് പറഞ്ഞതെന്തും ട്രൂഡോ അനുസരിച്ചേ മതിയാവൂ. ആകെ 4 കോടി ജനസംഖ്യയുള്ള കാനഡയില്‍ സിഖുകാര്‍ മാത്രം 7.7 ലക്ഷമുണ്ട്. ഇത് കാനഡയിലെ ആകെ ജനസംഖയുടെ രണ്ട് ശതമാനം വരും. ഈ സിഖ് ജനത മുഴുവന്‍ പിന്തുണയ്ക്കുന്നത് ജസ് മീത് സിങ്ങിന്റെ എന്‍ഡിപിയെയാണ്. അങ്ങിനെയാണ് ജസ്മീത് സിങ്ങ് കാനഡയില്‍ കരുത്തനായത്.
സെപ്തംബറില്‍ ജസ്റ്റിന് ട്രൂഡോയ്ക്കുള്ള പിന്തുണ ജഗ്മീത് സിങ്ങ് പിന്‍വലിച്ചിരുന്നു
ഇക്കഴിഞ്ഞ സെപ്തംബറില്‍ പക്ഷെ ജഗ്മീത് സിങ്ങിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ട്രൂഡോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ ട്രൂഡോ 2025 വരെ ഭരിയ്ക്കുമോ എന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. സിഖുകാര്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് പിന്തുണ പിന്‍വലിച്ചത്. ഇതോടെ വീണ്ടും ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയാണ് ജസ്റ്റിന് ട്രൂഡോ. ഇന്ത്യയില്‍ സിഖുകാര്‍ക്ക് സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്ട്രം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഖലിസ്ഥാന്‍ പാര്‍ട്ടികളുടെ റാലിയില്‍ സ്ഥിരം പങ്കെടുക്കുന്ന നേതാവാണ് ജഗ്മീത് സിങ്ങ്.
ഇന്ത്യാ സര്‍ക്കാര്‍ സിഖുകാര്‍ക്കെതിരെ ക്രൂരതകള്‍ ചെയ്തുവെന്ന് വിശ്വസിക്കുന്ന നേതാവാണ് ജഗ് മീത് സിങ്ങ്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ദിരാഗാന്ധിയാണ് സ്വന്തം ചില ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഖലിസ്ഥാന്‍ നേതാവ് ഭിന്ദ്രന്‍വാലയെ വളര്‍ത്തിയത്. പിന്നീട് ഭിന്ദ്രന്‍ വാല കൈയില്‍ ഒതുങ്ങില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിനെ വധിക്കാന്‍ സൈന്യത്തെ അയച്ചു. ഭിന്ദ്രന്‍ വാലയെ വെടിവെച്ച് കൊന്നു. പക്ഷെ സിഖ് അംഗരക്ഷകരാല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു.തൊട്ടുപിന്നാലെ ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തിയ സിഖ് വിരുദ്ധ കലാപം അരങ്ങേറിയതും കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ്.
ഖലിസ്ഥാന്‍ ഭീകരരെ കാനഡയില്‍ വളര്‍ത്തുന്ന ജഗ്മീത് സിങ്ങ്
ജഗ്മീത് സിങ്ങിന്റെ തണലിലാണ് സിഖ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ് സ് തുടങ്ങിയ ഖലിസ്ഥാന്‍ തീവ്രവാദ പാര്‍ട്ടികള്‍ തഴച്ചു വളരുന്നത്. ട്രൂഡോ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നു നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ വധഭീഷണി വരെ മുഴക്കിയിരുന്നു. ജി20യില്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ മോദി സംസാരിച്ചപ്പോള്‍ എല്ലാവര്ക്കും ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിന് ട്രൂഡോയെക്കൊണ്ട് പറയിച്ചതും ജഗ്മീത് സിങ്ങ് ആണ്. 2015ല്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഖലിസ്ഥാന്‍ റാലിയില്‍ പങ്കെടുത്ത് സ്റ്റേജില്‍ പ്രസംഗിച്ച വ്യക്തിയാണ് ജഗ്മീത് സിങ്ങ്. അന്ന് സ്റ്റേജില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ട ഭിന്ദ്രന്‍ വാലയുടെ ചിത്രവും ഉണ്ടായിരുന്നു. ഇന്ത്യാ സര്‍ക്കാര്‍ ബ്ലു സ്റ്റാര്‍ ഓപ്പറേഷന് വഴി സിഖുകാരെ വംശഹത്യ ചെയ്തുവെന്നായിരുന്നു ജഗ് മിത് സിങ്ങ് അന്ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍പ്രീത് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ ഭീകരന്റെ തലയ്ക്ക് ഇന്ത്യ വിലയിട്ടത് 10 ലക്ഷം രൂപയാണ്. ഇന്ത്യ വേട്ടയാടിക്കൊണ്ടിരുന്ന ഈ ഭീകരന് അഭയം നല്‍കിയത് ജഗ്മീത് സിങ്ങും കാനഡയും തന്നെ. കാനഡയിലെ സറിയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിലെ മാനേജ് മെന്റിന് ഉള്ളിലുണ്ടായ ഗ്രൂപ്പ് തര്‍ക്കമാണ് ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇന്ത്യയിലുള്ള എല്ലാവരും വിശ്വസിക്കുന്നത്. ആ കൊലപാതകമാണ് ഇന്ത്യാ സര്‍ക്കാരിന് മേല്‍ കെട്ടിവെയ്ക്കാന്‍ ജസ്റ്റിന് ട്രൂഡോ ശ്രമിക്കുന്നത്. അത് തെളിയിക്കാനുള്ള ഒരു തെളിവും കയ്യിലില്ലാതിരിക്കെയാണ് കാനഡയിലെ പാര്‍ലമെന്റില്‍ ജസ്റ്റിന് ട്രൂഡോ ഇന്ത്യ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. രഹസ്യമായി സംസാരിച്ച് തീര്‍ക്കേണ്ടതിന് പകരം പരസ്യവേദിയില്‍ ഇത്തരമൊരു ഗുരുതരമായ ആരോപണം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരിയ്ക്കലും ഉന്നയിക്കാന്‍ പാടുള്ളതല്ല. എന്തായാലും അതിന് പിന്നില്‍ ജഗ് മീത് സിങ്ങിന്റെ സമ്മര്‍ദ്ദം തന്നെയാണെന്നാണ് വിശ്വസിക്കേണ്ടത്.
ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ അംഗമായ ഹര്‍ജിത് സിങ്ങ് സജ്ജനാണ് 2021 വരെ കാനഡയുടെ പ്രതിരോധമന്ത്രിയായിരുന്നത്. ഇദ്ദേഹം ജഗ് മീത് സിങ്ങിന്റെ അടുത്ത കൂട്ടുകാരനും ഖലിസ്ഥാന്‍ വാദികളെ പിന്തുണയ്ക്കുന്നയാളുമാണ്. ഹര്‍പ്രീത് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ തീവ്രവാദി ഭരിച്ച ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ നിന്നുള്ള എംപി കൂടിയാണ് ഹര്‍ജിത് സിങ്ങ് സജ്ജന്‍. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഏറെക്കാലം ജോലി ചെയ്തിരുന്ന വ്യക്തികൂടിയാണ് ഹര്‍ജിത് സിങ്ങ് സജ്ജന്‍. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായി നടന്ന കര്‍ഷകസമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആള് കൂടിയാണ് ഹര്‍ജിത് സിങ്ങ് സജ്ജന്‍. ഇവരെല്ലാം ട്രൂഡോയ്ക്ക് മേല്‍ ഇന്ത്യയ്ക്കെതിരായി പ്രസംഗിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുമെന്ന് കരുതുന്നു.
നരേന്ദ്രമോദിയെ തീവ്രവാദിയായ ഹര്‍പ്രീത് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിന് ഉത്തരവാദിയാക്കുമെന്നും കഴിഞ്ഞ ദിവസം ജഗ് മീത് സിങ്ങ് പ്രസംഗിച്ചിരുന്നു. ഇതിനര്‍ത്ഥം വ്യക്തമാണ്. ഒരു തീവ്രവാദിയുടെ കൊലപാതകത്തിന് ഇന്ത്യാ സര്‍ക്കാരിനെ മറ്റൊരു രാഷ്ട്രത്തലവനക്കൊണ്ട് കുറ്റപ്പെടുത്തി മോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: