ന്യൂദൽഹി: ബിജെപിയുടെ ‘സക്രിയ സദസ്യത അഭിയാൻ’ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ബിജെപിയുടെ സജീവ അംഗമായി എൻറോൾ ചെയ്യുന്ന ആദ്യ വ്യക്തിയായി മാറി. ബിജെപി പ്രസിഡൻ്റ് ജെ. പി നദ്ദയുടെയും ദേശീയ അംഗത്വ കാമ്പയിനിന്റെ കൺവീനറായ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം തന്റെ ‘സക്രിയ സദസ്യത’ (സജീവ അംഗത്വം) സ്വീകരിച്ചത്.
വികസിത് ഭാരത് നിർമ്മിക്കാനുള്ള തങ്ങളുടെ ശ്രമത്തിന് ഈ പരിപാടി ആക്കം കൂട്ടുന്നതായി അദ്ദേഹം എക്സിൽ പറഞ്ഞു. ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ ആദ്യത്തെ സക്രിയ സദസ്യയാകാനും ഇന്ന് സക്രിയ സദസ്യത അഭിയാൻ ആരംഭിക്കാനും കഴിഞ്ഞതിൽ അഭിമാനിക്കുന്നു.
നമ്മുടെ പാർട്ടിയെ താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുകയും ദേശീയ പുരോഗതിക്കായി പാർട്ടി പ്രവർത്തകരുടെ ഫലപ്രദമായ സംഭാവന ഉറപ്പാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ സജീവ അംഗങ്ങൾക്ക് മണ്ഡലം കമ്മിറ്റിക്കും അതിനു മുകളിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. അതേസമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് നിരവധി അവസരങ്ങൾ വരും കാലങ്ങളിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ ഒരു സജീവ അംഗം കുറഞ്ഞത് 50 പേരെ പാർട്ടി അംഗങ്ങളായി ചേർക്കണം. മെമ്പർഷിപ്പ് കാമ്പയിൻ അവസാനിച്ചതിന് ശേഷം ആരംഭിക്കുന്ന പാർട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പിൽ സജീവ അംഗങ്ങൾ മാത്രമേ പങ്കെടുക്കു.
ഓരോ ആറ് വർഷത്തിലും ബിജെപി പുതിയ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിക്കുന്നു. നിലവിലുള്ള ഓരോ ബിജെപി അംഗവും സ്വയം പുതുതായി എൻറോൾ ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: