തൃശൂര്‍: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ പതിപക്ഷ പ്രതിഷേധം. റോഡ് ശോചനീയാവസ്ഥയില്‍ അടിയന്തര നടപടി വേണമെന്ന് ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ വിനോദ് പൊള്ളാഞ്ചേരി ആവശ്യപ്പെട്ടു.
ചെറുതും വലുതുമായ കുഴികള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടില്‍ മുങ്ങിയ റോഡുകള്‍ മഴയില്ലാത്തപ്പോള്‍ നന്നാക്കാന്‍ ഇടപെടല്‍ നടത്തിയില്ല. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വകയിരുത്തിയ 50 കോടി രൂപ പ്രകാരം ദ്രുതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കരോളിന് ജെറിഷ് മറുപടി നല്കി.
തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ ‘ദിശ’ മേളയുടെ മാലിന്യങ്ങള്‍ കാര്യാട്ടുകര ഡിവിഷനിലെ ആറിടങ്ങളില്‍ റോഡിനോടു ചേര്‍ന്നു നിക്ഷേപിച്ചതില്‍ ആരോഗ്യ വിഭാഗം അനങ്ങിയില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.
ആകാശപ്പാതയുടെ മേല്‍ക്കൂരയില്‍ ഷീറ്റ് വിരിക്കാന്‍ ഭരണാനുമതി ലഭിച്ച തുകയേക്കാള്‍ 16 ശതമാനം കുറവില്‍ കരാര്‍ നല്‍കിയത് ആസൂത്രിതമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ആകാശപ്പാതയുടെ നിര്‍മാണത്തുക 5 കോടിയില്‍നിന്ന് 11 കോടി രൂപയില്‍ എത്തിയത് എങ്ങനെയെന്നും ചോദ്യം ഉയര്‍ന്നു.
ആകാശപ്പാതയ്ക്ക് വേണ്ടി റോഡ് കെട്ടിയടച്ചതോടെ വ്യാപാരികളുടെ കച്ചവടം മുട്ടിയെന്നും വ്യാപാരികളുടെ ബുദ്ധിമുട്ടു പരിഗണിച്ച് നടപടികള്‍ വേണമെന്നും സ്ഥലം കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള ആവശ്യപ്പെട്ടു.ശക്തന് നഗര്‍ വികസനം വേഗത്തിലാക്കുമെന്ന് മേയര്‍പറഞ്ഞു.1987 മുതല്‍ പഴയ മുനിസിപ്പാലിറ്റിയും എനാര്‍ക് കണ്‍സ്ട്രക്ഷന്‍സും തമ്മിലുള്ള തര്‍ക്കം മൂലം തടസപ്പെട്ട ശക്തന് നഗര്‍ സമഗ്ര വികസനത്തിന് പരിഹാരമായെന്നും വികസന നടപടികള്‍ അതിവേഗത്തിലാക്കാന്‍ തീരുമാനച്ചാതായും മേയര്‍ എം.കെ.വര്‍ഗീസ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 10 കോടി രൂപയും പി.ബാലചന്ദ്രന് എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നുള്ള 10 കോടി രൂപയും ഉള്‍പ്പെടെ 20 കോടി രൂപയുടെ പ്രാരംഭ വികസന പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: