ജന്മനാ വലം കൈയില്ലാത്ത മനു എന്ന ചിത്രകാരന്‍ ഇടംകൈയാല്‍ തീര്‍ക്കുന്നത് ജീവന്‍ തുടിക്കുന്ന ദേവ ചിത്രങ്ങള്‍. കൊല്ലം പത്തനാപുരം പിടാവൂര്‍ പുത്തന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്‍മതിലിലാണ് മുപ്പതു നാളുകളായി മനു ഇടംകൈയാല്‍ ചാലിച്ചു ചാര്‍ത്തുന്ന വരവര്‍ണങ്ങള്‍ ദശാവതാരച്ചാര്‍ത്ത് തീര്‍ക്കുന്നത്.
ക്ഷേത്രഭാരവാഹികള്‍ ദശാവതാര ചിത്രങ്ങള്‍ വരയ്‌ക്കാന്‍ സമീപിച്ചപ്പോള്‍ ആദ്യം മനു വിസമ്മതിക്കുകയായിരുന്നു. ‘വലംകൈയാലല്ലേ ദേവചിത്രങ്ങള്‍ വരയ്‌ക്കേണ്ടത്’ എന്ന സന്ദേഹം കൊണ്ടായിരുന്നു ഈ വിസമ്മതം. ഇത് ഭഗവദ് നിശ്ചയമാണെന്നും ഇടംകൈകൊണ്ട് മനുതന്നെ വരയ്‌ക്കണമെന്നും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കിള്ളു ഉണ്ണി ആത്മവിശ്വാസമേകിയപ്പോള്‍ പകുതിസമ്മതമായി. ഒടുവില്‍ ആദ്യചിത്രം വരച്ചു തീര്‍ന്നപ്പോള്‍ ഭക്തരെല്ലാം ചിത്രത്തില്‍ ദേവചൈതന്യം തുടിക്കുന്നു എന്ന് അഭിനന്ദിച്ചപ്പോള്‍ മനു ആനന്ദാതിരേകത്താല്‍ പൊട്ടിക്കരഞ്ഞുപോയി.
കിള്ളു ഉണ്ണിക്ക്(കിള്ളു എന്നത് ഉണ്ണിയുടെ ആദ്യവാഹനത്തിന്റെ പേരായിരുന്നു ഇപ്പോള്‍ സ്വന്തം പേരിനൊപ്പം അതും പതിഞ്ഞുപോയി) കുട്ടിക്കാലം മുതലേ മനുവിനെ അറിയാം. മനുവിന്റെ ചിത്രകലാ പാടവവും അറിയാം. മരവ്യാപാരിയും ഡ്രൈവറുമായ ഉണ്ണിയുടെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് എഴുതിയിരുന്നതും അതില്‍ ചിത്രങ്ങള്‍ വരച്ചിരുന്നതും മനുവായിരുന്നു.
ക്ഷേത്രമതിലില്‍ ദശാവതാരച്ചാര്‍ത്ത് വരയ്‌ക്കണമെന്ന നിര്‍ദേശം ക്ഷേത്ര സമിതി മുന്നോട്ടു വച്ചപ്പോള്‍ വന്ന ചിത്രകാരന്മാരെല്ലാം വലിയ തുകയാണ് ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ഉണ്ണി യാദൃച്ഛികമായി മനുവിനെ കാണുന്നതും ദശാവതാരച്ചാര്‍ത്തിനു ചായമിടുക എന്ന നിയോഗത്തിലേക്ക് ഈ യുവാവ് എത്തുന്നതും.
ദശാവതാരങ്ങളെപ്പറ്റി വലിയ നിശ്ചയമില്ലാത്ത മനുവിനെ ദശാവതാരത്തിന്റെ പല ചിത്രങ്ങള്‍ കാട്ടി അവയുടെ വിശദാംശങ്ങളെല്ലാം ഉണ്ണി പറഞ്ഞുകൊടുത്തു. ഒടുവില്‍ നാലാഴ്ച മുമ്പ് ഒരു വ്യാഴാഴ്ച വൈകിട്ട് വരച്ചു തുടങ്ങി. വരച്ചതില്‍ ചില ചിത്രങ്ങള്‍ അരുണ്‍ എന്ന യുവാവ് പുത്തന്‍കാവിലപ്പന്‍ ഏന്ന ക്ഷേത്ര ഫെയ്‌സ്ബുക്ക് പേജിലിട്ടു. ചിത്രങ്ങള്‍ വൈറലായി. അതോടെ മനുവിന് ഭക്തരുടെ ആശംസാ പ്രവാഹവും.
ഭാര്യ രഞ്ജു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകള്‍ നിഷി, അച്ഛന്‍ തങ്കപ്പന്‍, അമ്മ തങ്കമ്മ എന്നിവരടങ്ങുന്നതാണ് പത്തനാപുരം മഞ്ജു നിവാസില്‍ മനുവിന്റെ കുടുംബം. ചേച്ചി മഞ്ജു വിവാഹിതയായി വേറെ താമസിക്കുന്നു. ജന്മനാ തന്നെ വലംകൈയില്ലാത്ത മനുവിന് ഇടംകാലിന് അല്‍പം നീളക്കുറവും സ്വാധീനക്കുറവുമുണ്ട്.
ചിത്രകലയുടെ എല്ലാ സാങ്കേതിക രചനാരീതികളും സ്വായത്തമാക്കിയിട്ടുള്ള മനു ഛായാചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം ചിത്രങ്ങളും വരയ്‌ക്കാറുണ്ട്. ചിത്രരചന ഇല്ലാത്തപ്പോള്‍ ഇടംകൈയില്‍ ടാപ്പിങ് കത്തിയുമായി റബര്‍ വെട്ടാനും പോകും. മനുവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏകാശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: