ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ നിയോഗിച്ച് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നല്‍കും. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകാതെ പരമാവധിപേരെ രക്ഷിക്കാൻ ഞാനും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബ്രാണ്ട് അംബാസഡര്‍ പദവി ഏറ്റെടുക്കുന്നത്. നമുക്കും നമ്മുടെ ഭാവി തലമുറയ്‌ക്കും വേണ്ടി സൈബര്‍ ഇടം സുരക്ഷിതമാക്കുന്നതിനുവേണ്ടി ഒന്നിക്കാം. സൈബര്‍ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് താൻ ഈ പദവി ഏറ്റെടുക്കുന്നതെന്നും താരം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം നേരിട്ട ഒരാളെന്ന നിലയിൽ, നമ്മുടെ ഓൺലൈൻ ലോകത്തെ സംരക്ഷിക്കാൻ കർശനമായ നടപടികൾക്കുള്ള സമയമാണിതെന്നും താരം കൂട്ടിച്ചേർത്തു. 1930 എന്ന നമ്പറിൽ വിളിച്ചോ cybercrime.gov.in എന്ന സൈറ്റിലൂടെയോ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും രശ്മിക കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക