ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഐക്യരാഷ്‌ട്ര സഭയില്‍ ഭാരതം അപലപിച്ചു. പാകിസ്ഥാനില്‍ മത ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് ഭാരത കൗണ്‍സിലര്‍ എല്‍ദോസ് മാത്യു പുന്നൂസ് ഐക്യരാഷ്‌ട്രസഭയില്‍ വ്യക്തമാക്കി.
അയല്‍രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് പകരം ആദ്യം സ്വന്തം രാജ്യത്തേക്ക് നോക്കാനും ശരിയായി ക്രമീകരിക്കാനും ഭാരതം പാകിസ്ഥാനെ ഉപദേശിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങള്‍ സംബന്ധിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്നത്. ജമ്മു കശ്മീരും ലഡാക്കും ഭാരതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ഭാരതം വ്യക്തമാക്കി.
ജനാധിപത്യ മൂല്യങ്ങളുടെ സ്തംഭത്തിലാണ് ഭാരതത്തിന്റെ അടിത്തറ പണിതിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടത്തുന്നതും പ്രതിപക്ഷ നേതാക്കളെ തടവിലാക്കലും രാഷ്‌ട്രീയ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തലും പാകിസ്ഥാന് കൂടുതല്‍ പരിചിതമായിരിക്കുമെന്ന് എല്‍ദോസ് മാത്യു പറഞ്ഞു. യഥാര്‍ത്ഥ ജനാധിപത്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കണ്ട് പാകിസ്ഥാന്‍ നിരാശപ്പെടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഭീകരതയ്‌ക്കും രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കും ലോകമെമ്പാടും കുപ്രസിദ്ധമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുമേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിരോധാഭാസമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത അയല്‍ക്കാര്‍ക്കെതിരെ ആയുധമാക്കുന്നത് പാകിസ്ഥാന്റെ സ്ഥിരം ഭരണകൂട നയമാണെന്നും ഭാരതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: