Kerala

സ്വയംഭരണ പദവിയും അംഗീകാരവുമില്ല; മഹാരാജാസില്‍ ബിരുദധാരികള്‍ക്ക് നല്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ്

Published by

കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജ് എറണാകുളം മഹാരാജാസിന്റെ സ്വയംഭരണ പദവിയും അഫിലിയേഷനും നഷ്ടമായതു മറച്ചുവച്ച് ബിരുദധാരികള്‍ക്കു നല്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ്. അടുത്തിടെ പുറത്തുവന്ന യുജിസി വിവരാവകാശ രേഖയിലാണ് ഇക്കാര്യം. 2020 മാര്‍ച്ച് വരെയായിരുന്നു അംഗീകാരമെന്നും സ്വയംഭരണ പദവി തുടരാന്‍ കോളജ് അപേക്ഷിച്ചിട്ടില്ലെന്നും യുജിസി പറയുന്നു.

യുജിസി നിയമം നിഷ്‌കര്‍ഷിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ കോളജ് വീഴ്ച വരുത്തിയതോടെയാണ് സ്വയംഭരണാധികാരം നഷ്ടമായത്. അപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ പുതുക്കണമായിരുന്നു. അല്ലെങ്കില്‍ സ്വയംഭരണാധികാരം തുടരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമായിരുന്നു. ഇവ രണ്ടും ചെയ്യാതെ കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നു. നിരവധി മഹാരഥന്മാരെ വാര്‍ത്തെടുത്ത, ഏറെ പേരുകേട്ട കോളജിന്റെ ഇക്കാര്യം ഗുരുതര കൃത്യവിലോപമാണ്.

സ്വയംഭരണാധികാരം നഷ്ടമായത് തന്ത്രപൂര്‍വം മറച്ചുവയ്‌ക്കുകയായിരുന്നു. സ്വന്തം പരീക്ഷാ കണ്‍ട്രോളര്‍, സ്വന്തമായ പരീക്ഷാക്രമം, സ്വയം നിശ്ചയിക്കുന്ന പാഠ്യപദ്ധതി എന്നിവയെല്ലാം ഇപ്പോഴുമുള്ളതിനാല്‍ സ്വയംഭരണാധികാരം നഷ്ടപ്പെട്ടത് മറച്ചുവയ്‌ക്കാനായി.

എസ്എഫ്‌ഐ നേതാവ് പി.എം. ആര്‍ഷോ ബിഎ ജയിക്കാതെ എംഎയ്‌ക്ക് ഇവിടെ പഠിക്കുന്നത് വലിയ വിവാദമായിരുന്നു. ആര്‍ഷോ ഇപ്പോള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായി തുടരുകയാണ്. ഇടതുമുന്നണി പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് കോളജ് ഭരണസമിതി. എസ്എഫ്‌ഐയാണ് കോളജ് യൂണിയന്‍ ഭരിക്കുന്നത്. വിഷയത്തില്‍ എസ്എഫ്‌ഐ മൗനംപാലിക്കുകയാണ്.

ഏതാനും മാസം മുമ്പ് മഹാരാജാസിന്റെ സ്വയംഭരണപദവി ചോദ്യം ചെയ്ത് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും താത്കാലിക താമസമാണെന്നുമായിരുന്നു കോളജ് അധികൃതര്‍ അന്ന് പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക