ബെംഗളൂരു: ഭാരത ക്രിക്കറ്റ് ടീമിന് പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന് പരിക്ക് ബാധിക്കുന്ന പ്രശ്‌നത്തിന് ഒരു കരുതല്‍ സംവിധാനം ആവശ്യമാണെന്ന് ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരുവര്‍ഷമായി ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന മുഹമ്മദ് ഷമി എപ്പോള്‍ തിരികെയെത്തുമെന്ന് പറയാന്‍ സാധിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പ്രതികരിച്ചത്.
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്നലെ വൈകീട്ട് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഭാരത ടീമിന്റെ പ്രധാന ആവശ്യത്തെ കുറിച്ച് പറഞ്ഞത്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഇന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയില്ല. ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ പരിക്ക് കാരണം പുറത്തിരുന്നാല്‍ പോലും അതിനെ മറികടക്കാവുന്ന പിന്‍ബലം നമുക്കുണ്ട്. അത്രമാത്രം സജ്ജമാണ് നമ്മുടെ ബാറ്റിങ് ലൈനപ്പ്. ആ രീതിയില്‍ അത് പാകപ്പെട്ടുകഴിഞ്ഞു. അത്തരത്തില്‍ ബൗളിങ്ങിനെയും ഒരുക്കിക്കൊണ്ടുവരേണ്ടതുണ്ട്, പ്രത്യേകിച്ച് പേസര്‍മാരെ.
ലോകോത്തര പേസ് നിരയാണ് നമുക്കുള്ളത്. ഷമിയുടെ അഭാവത്തിലും ജസ്പ്രീത് ബുംറയ്‌ക്ക് കീഴില്‍ ഭാരത ടീം സുസജ്ജമാണ്. പക്ഷെ അവരില്‍ ഒരാള്‍ക്ക് കളിക്കാനാവാത്ത സ്ഥിതി വന്നാല്‍ ടീം മാനേജ്‌മെന്റ് വല്ലാതെ ബുദ്ധിമുട്ടാകുന്ന സ്ഥിതിയാണുള്ളത്. ഈ ആശങ്ക മറികടക്കാവുന്ന തരത്തില്‍ ബൗളര്‍മാരെ ഒരുക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്-രോഹിത് പറഞ്ഞു.
സമീപകാലത്ത് ദുലീപ് ട്രോഫിയിലും ഇറാനി കപ്പ് ക്രിക്കറ്റിലും മികവ് കാട്ടിയ താരങ്ങളെ സജ്ജമാക്കിയെടുക്കുന്നതിനെ കുറിച്ച് രോഹിത് അഭിപ്രായപ്പെട്ടു. നിലവില്‍ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ എന്നിവരെ റിസര്‍വ് താരങ്ങളായി കൂടെ കൂട്ടിയിട്ടുള്ളത് മികച്ചൊരു ബാക്കപ്പ് ഫോഴ്‌സ് ഒരുക്കാനുള്ള ശ്രമമായി വേണം കരുതാനെന്നും രോഹിത് പറഞ്ഞു.
അടുത്തമാസം ഭാരത ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഷമി ഉണ്ടാവില്ലെന്ന് ഭാരത ക്യാപ്റ്റന്‍ തീര്‍ച്ചപ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരം പരിപൂര്‍ണമായി പരിക്ക് ഭേദമാകാനുള്ള തയ്യാറെടുപ്പിലാണ്. സമ്മര്‍ദ്ദം ചെലുത്തി തിടുക്കത്തില്‍ ടീമിലെത്തിക്കാനാവില്ല. ആവശ്യത്തിന് സമയം നല്‍കി ആഭ്യന്തര ക്രിക്കറ്റിലടക്കം പരീക്ഷിച്ച ശേഷമേ കൊണ്ടുവരാന്‍ സാധിക്കൂ. അത്രത്തോളം സമയം ഷമി ആവശ്യപ്പെടുന്നുണ്ടെന്ന് രോഹിത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: