ലഖ്നൗ: ബഹ്റൈച്ച് അക്രമത്തിൽ ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും കുറ്റവാളികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിൽ ബഹ്റൈച്ച് സംഭവത്തിൽ കൊല്ലപ്പെട്ട ഹിന്ദു സംഘടനയിലെ വ്യക്തിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈച്ച് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് അറിയിച്ച ഉപമുഖ്യമന്ത്രി സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. കൂടാതെ സർക്കാർ ഇരയുടെ കുടുംബത്തോടൊപ്പമാണെന്നും ബ്രജേഷ് പഥക് പറഞ്ഞു.
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ മഹാസി പ്രദേശത്ത് ഞായറാഴ്ച ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയാണ് മുസ്ലീം തീവ്രവാദികളുടെ ആക്രമണത്തിൽ ഇരുപത്തിരണ്ടുകാരനായ രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുസംഘടനാപ്രവര്‍ത്തകൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
അതേ സമയം പ്രതികളെന്ന് കരുതുന്ന അബ്ദുള്‍ ഹമീദ്, സര്‍ഫറാസ്, ഫഹീം, സാഹിര്‍ ഖാന് എന്നിവരടക്കം മുപ്പത് പേരെ ബഹ്റൈച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ബഹ്റൈച്ചിലെ സാഹചര്യങ്ങള്‍ മോശമാക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: