ആസും : ഡെൻമാർക്കിലെ ഒരു ഗ്രാമത്തിൽ നിന്നും പുരാവസ്തു ഗവേഷകർ വൈക്കിംഗ് കാലഘട്ടത്തേക്ക് വെളിച്ചം വീശുന്ന ചില സുപ്രധാന തെളിവുകൾ കണ്ടെത്തി. ഡെൻമാർക്കിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡെൻസിന് വടക്കുകിഴക്കായി 5 കിലോമീറ്റർ അകലെ ആസും ഗ്രാമത്തിൽ നിന്നുമാണ് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട തരത്തിലുള്ള അൻപതോളം അസ്ഥികൂടങ്ങൾ അടങ്ങുന്ന ഒരു ശ്മശാനം കണ്ടെത്തിയത്.
ആറ് മാസത്തെ പ്രവർത്തനത്തിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ മൈക്കൽ ബോറെ ലുണ്ടോ പറഞ്ഞു. സാധാരണയായി ശവക്കുഴികളിൽ കുറച്ച് പല്ലുകൾ കണ്ടെത്താൻ മാത്രമാണ് തങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നത്. പക്ഷേ ഇവിടെ മുഴുവൻ അസ്ഥികൂടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ മണ്ണിന്റെ അനുകൂലമായ രസതന്ത്രം, പ്രത്യേകിച്ച് ചോക്ക്, ഉയർന്ന ജലനിരപ്പ് എന്നിവ മൂലമാണ് അസ്ഥികൂടങ്ങൾ സംരക്ഷിക്കപ്പെട്ടതെന്ന് മ്യൂസിയം ഒഡെൻസിലെ വിദഗ്ധർ പറഞ്ഞു. ആസും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള പവർ ലൈൻ നവീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ഒരു പതിവ് സർവേയ്‌ക്കിടെയാണ് കഴിഞ്ഞ വർഷം സൈറ്റ് കണ്ടെത്തിയത്.
ഡിഎൻഎ വിശകലനങ്ങൾ നടത്തുകയും വിശദമായ ജീവിത ചരിത്രങ്ങൾ പരിശോധിക്കയും ചെയ്തപ്പോളാണ് ഇവയ്‌ക്ക് വൈക്കിംഗ് യുഗവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. കൂടുതൽ വ്യക്തത വരുത്താൻ എല്ലാ അസ്ഥികൂടങ്ങളിലും ഒരു ഡിഎൻഎ വിശകലനം വീണ്ടും നടത്താനും അവ പരസ്പരം ബന്ധപ്പെട്ടതാണോയെന്നും അവ എവിടെ നിന്നാണ് വരുന്നതെന്നും പരിശോധിക്കാനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഗവേഷകർ വ്യക്തമാക്കി.
എ.ഡി 793 മുതൽ 1066 വരെയുള്ള യുഗത്തിൽ വൈക്കിംഗ്സ് എന്നറിയപ്പെടുന്ന നോർസ്മാൻമാർ വലിയ തോതിലുള്ള സഞ്ചാരങ്ങളാണ് ഈ പ്രദേശങ്ങളിലുടെ നടത്തിയത്. യൂറോപ്പിലുടനീളം കോളനിവൽക്കരിക്കുകയും പ്രദേശങ്ങൾ കീഴടക്കുകയും അവർ വ്യാപാരം ചെയ്യുകയും ചെയ്തു. ഇവർ വടക്കേ അമേരിക്കയിൽ പോലും എത്തിയെന്നാണ് ചരിത്രകാരൻമാർ പറയുന്നത്.
അതേ സമയം ഇവിടെ നിന്ന് കണ്ടെത്തിയ വൈക്കിംഗുകൾ ഒരുപക്ഷേ യോദ്ധാക്കൾ ആയിരുന്നില്ലെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ഈ സൈറ്റ് ഒരുപക്ഷേ ഒരു താത്കാലിക ഇടത്താവളമായിരിക്കാമെന്നാണ് ഗവേഷകൻ വിശ്വസിക്കുന്നത്. 2,000 ചതുരശ്ര മീറ്റർ ശ്മശാനഭൂമിയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു ശവക്കുഴിയിൽ ഒരു സ്ത്രീയെ ഒരു വണ്ടിയിൽ അടക്കം ചെയ്ത നിലയിലാണ്. കൂടാതെ ഇവിടെ നിന്നും ഇവർ ഉപയോഗിച്ച് വന്നിരുന്ന നെക്‌ലേസുകൾ, കത്തികൾ, ഗ്ലാസുകൾ എന്നിവയെല്ലാം ഗവേഷകർ ഖനനം ചെയ്തെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: