പത്തനംതിട്ട: ജീവിതത്തിൽ ഇന്നുവരെ ആരുടെ കൈയ്യിൽ നിന്നും അഞ്ചു പൈസ കൈക്കൂലി വാങ്ങാത്തയാളാണ് നവീൻ ബാബുവെന്ന് കുടുംബം. വില്ലേജ് ഓഫീസറായി മുകളിലേക്ക് വന്നയാളാണ്. ഒരു സമ്മർദ്ദത്തിന് വഴങ്ങുന്നയാളല്ല. ചെയ്തു കൊടുക്കാൻ കഴിയുന്ന കാര്യമാമെങ്കിൽ കൃത്യമായി ചെയ്ത് കൊടുക്കും. ജീവിതത്തിൽ ഇതുവരെ അഴിമതി നടത്തിയിട്ടില്ല. ഇപ്പോൾ അഴിമതിക്കാരനായി ചിത്രീകരിക്കുന്നത് വേറെയെന്തൊ കാര്യത്തിനാണെന്നും നവീൻ ബാബുവിന്റെ അമ്മാവൻ പറഞ്ഞു.
പെട്രോൾ പമ്പിന്റെ പേപ്പറുകൾ കറക്ടല്ലായിരുന്നു എന്നാണ് അവൻ പറഞ്ഞത്, അത് ശരിയാക്കിയപ്പോൾ ഒപ്പിട്ടു കൊടുത്തുവെന്നും നവീൻ ബാബു പറഞ്ഞിരുന്നു. ഞങ്ങളുടേത് പാർട്ടി കുടുംബമാണ്. സിപിഎം അനുകൂല സംഘടനയായ കെജിഒഎയിലെ അംഗമാണ് അവൻ. ട്രാൻസ്ഫർ ചോദിച്ച് വാങ്ങിയതാണ്. ഞാനും കൂടി ഇടപെട്ടിട്ടാണ് നാട്ടിലേക്ക് ട്രാൻസഫർ റെഡിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന അമ്മാവൻ ഈ പാർട്ടി സമ്മേളനത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.
പ്രമൊഷന് പിന്നാലെ കാസർക്കോടാണ് പോസ്റ്റിംഗ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് കണ്ണൂരിൽ എത്തിയത്. ഇലക്ഷൻ കഴിഞ്ഞ് മറ്റെല്ലാവർക്കും ട്രാൻസ്ഫർ ലഭിച്ചിട്ടും അവനെ വിട്ടില്ല. നല്ലൊരു ആഫീസറാണെന്ന് പറഞ്ഞ് പാർട്ടിക്കാർ അവനെ അവിടെ നിർത്തിയിരിക്കുകയായിരുന്നു. രണ്ടരക്കൊല്ലമായി അവൻ അവിടെയായിരുന്നുവെന്നും അമ്മാവൻ പറഞ്ഞു. നല്ല ട്രാക്ക് റിക്കോർട്ട് ഉള്ള ഉദ്യോഗസ്ഥനായിരുന്നുവെന്ന് റെവന്യൂ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും പറയുന്നുണ്ട്. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: