തിരുവനന്തപുരം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയില്‍ സിഐടിയുവിന്റെ കൊള്ള. വാഹനത്തില്‍ നിന്ന് പുസ്തകം ഇറക്കി സ്റ്റാളുകളില്‍ എത്തിക്കാന്‍ സിഐടിയുക്കാര്‍ പബ്ലിഷര്‍മാരില്‍ നിന്ന് വാങ്ങിയത് കെട്ടൊന്നിന് 40 മുതല്‍ 60 രൂപ വരെ.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച പുസ്തകമേളയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച വൈകിട്ടോടെ എത്തിയ പബ്ലിഷര്‍മാര്‍ പതിവില്ലാത്തവിധം സിഐടിയുവിന്റെ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് കൊടുക്കേണ്ടിവന്നത് വന്‍തുകയാണ്. 10 മുതല്‍ 25 വരെ പുസ്തകങ്ങള്‍ അടങ്ങുന്ന പാക്കറ്റുകള്‍ വാഹനത്തില്‍ നിന്നിറക്കി വയ്‌ക്കാനാണ് തൊഴിലാളികള്‍ വലിയ തുക ഈടാക്കിയത്. കേരളത്തിലെവിടെയും ഒരു പുസ്തകമേളയിലും ഇത്തരത്തില്‍ ലോഡിംഗ് തൊഴിലാളികളുടെ ഭീഷണി ഉണ്ടായിട്ടില്ലെന്ന് പബ്ലിഷര്‍മാര്‍ പറയുന്നു.
ചെറുകിട പബ്ലിഷര്‍മാരില്‍ ചിലര്‍ സ്വന്തമായി പുസ്തകം ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ തടയുകയും തൊഴില്‍ വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നശേഷം ഇറക്കിയാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, മേള കഴിയുമ്പോള്‍ പുസ്തകകെട്ടുകള്‍ തിരികെ വാഹനത്തില്‍ കയറ്റുന്നതും തങ്ങള്‍ തന്നെ ആയിരിക്കുമെന്ന് ഇവര്‍ പറയുകയും ചെയ്തിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ പുസ്തകമേളയുടെ സ്റ്റാളിന് ഒരു പബ്ലിഷര്‍ 10,000 രൂപയാണ് വാടക നല്‍കേണ്ടത്. പുസ്തകം കയറ്റിറക്ക് കൂലിയായി ചെറുകിട പബ്ലിഷര്‍ പോലും ശരാശരി 2,500 രൂപ നല്‍കേണ്ടിവരും.
ഇത്തവണ ഓരോ ലൈബ്രറിക്കും അനുവദിച്ചിട്ടുള്ള ഗ്രാന്റില്‍ നിന്ന് 25 ശതമാനം തുക വയനാട് പുനരധിവാസ ഫണ്ടിലേക്ക് നല്‍കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. എ ഗ്രേഡ് ലൈബ്രറിക്ക് 30,000 രൂപ അനുവദിക്കുമ്പോള്‍, അവര്‍ക്ക് പര്‍ച്ചേസ് ചെയ്യാനാകുന്നത് 22,500 രൂപയ്‌ക്ക് മാത്രമാണ്.
കൂടാതെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, പൊതുവിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വായനാമത്സരത്തിലേക്ക് നിശ്ചയിക്കപ്പെട്ട പുസ്തകം എല്ലാ ലൈബ്രറികളും നിര്‍ബന്ധമായും വാങ്ങേണ്ടതുമുണ്ട്. ഇങ്ങനെ വരുമ്പോള്‍ എ ഗ്രേഡ് ലൈബ്രറികള്‍ക്കു പോലും ചെറിയൊരു തുകയുടെ പര്‍ച്ചേസ് മാത്രമാണ് ബാക്കിയാകുന്നത്. ഈ സാഹചര്യത്തില്‍ ചെറുകിട പബ്ലിഷര്‍മാര്‍ വെറുംകയ്യോടെ മടങ്ങേണ്ടിവരുമെന്നുറപ്പ്. 14 ജില്ലകളിലെയും പുസ്തകമേളകളില്‍ പങ്കെടുക്കുന്ന ഒരു പബ്ലിഷര്‍ 1,40,000 രൂപ സ്റ്റാള്‍ വാടകയായി മാത്രം ലൈബ്രറി കൗണ്‍സിലിന് നല്‍കണം.
ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് പുസ്തകമേളകളിലും സിഐടിയു ഇടപെടല്‍ ഉണ്ടാകുന്നത്. വന്‍കിട പബ്ലിഷര്‍മാര്‍ ഗുഡ്‌സ് വാഹനങ്ങളില്‍ എത്തിക്കുന്ന പുസ്തകങ്ങള്‍ തൊഴിലാളികള്‍ തന്നെയാണ് എല്ലായിടത്തും കയറ്റിറക്ക് നടത്തുന്നത്. എന്നാല്‍ അഞ്ഞൂറും ആയിരവും പുസ്തകങ്ങളുമായി വരുന്ന ചെറുകിട പബ്ലിഷര്‍മാരുടെ വയറ്റത്തടിക്കുന്ന ട്രേഡ് യൂണിയന്‍ നടപടിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 2022ലെയും 23ലെയും നിയമസഭാ പുസ്തകമേളയില്‍ എംഎല്‍എമാര്‍ നടത്തിയ പര്‍ച്ചേസിന്റെ പണം പോലും പബ്ലിഷര്‍മാര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇത് ഈ ഒക്‌ടോബറില്‍ തന്നെ പൂര്‍ണമായും നല്‍കാമെന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന പബ്ലിഷര്‍മാരുടെ യോഗത്തില്‍ നിയമസഭാ സ്പീക്കറും നിയമസഭാ സെക്രട്ടറിയും ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ചെറുകിട പബ്ലിഷര്‍മാരുടെ ആശങ്ക ബാക്കിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: