തിരുവനന്തപുരം: സിപിഎം ജില്ലാ നേതൃത്വവും നഗരസഭാ നേതൃത്വവും ഇടപെട്ട് പൂജപ്പുരയിലെ അമ്യൂസ്മെന്റ് പാര്ക്കിന് പ്രവര്‍ത്തനാനുമതി ഒരാഴ്ചകൂടി നീട്ടി നല്‍കിയതായി ആരോപണം. നഗരസഭ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പോലും അറിയാതെയാണ് കരാറുകാരന് ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.
പൂജാ ഫെസ്റ്റിനോടനുബന്ധിച്ച് അനുവദിച്ച അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പ്രവര്‍ത്തനമാണ് ദീര്‍ഘിപ്പിച്ചു നല്‍കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അറിഞ്ഞില്ലെങ്കിലും ഉന്നതങ്ങളില്‍നിന്ന് കരാറുകാരന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വ്യാപാര മേളയും സൂപ്പര്‍ റിയാലിറ്റി ഷോയും അമ്യൂസ്മെന്റ് പാര്‍ക്കും ഞായറാഴ്ച വരെ നീട്ടിയിരിക്കുന്നുവെന്ന് കാണിച്ച് ഫഌക്സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. സംഘാടകര്‍ എന്ന പേരിലാണ് ഫഌക്സ് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭാ അധികൃതര്‍ അറിയാതെ കരാറുകാരന് എന്തായാലും ഇങ്ങനെയൊരു ഫഌക്സ് വയ്ക്കാന്‍ സാധ്യതയില്ല.
പൂജപ്പുര സരസ്വതി ക്ഷേത്ര ജനകീയ സമിതിയാണ് കഴിഞ്ഞ വര്‍ഷം വരെ പൂജാ ഫെസ്റ്റിന് മൈതാനം ലേലത്തില്‍ നല്‍കിയിരുന്നത്. തറ വാടകയായി 15 ലക്ഷം രൂപ കോര്പ്പറേഷന് നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ തികച്ചും സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വര്‍ഷം കോര്പ്പറേഷന് നേരിട്ട് മൈതാനം ലേലത്തില്‍ നല്‍കിയത്. പത്ത് ദിവസത്തേക്ക് ജിഎസ്ടി ഉള്‍പ്പെടെ 76,50,000 രൂപയ്ക്കാണ് അമ്യൂസ്മെന്റ് പാര്ക്കിന് നഗരസഭ കരാര്‍ നല്‍കിയത്.
കായിക പരിശീലനത്തിനായാണ് കോര്പ്പറേഷന് പൂജപ്പുര മൈതാനം നല്‍കിയിരിക്കുന്നത്. ദിവസവും നിരവധി പേര് പ്രഭാതനടത്തത്തിനും, അത്ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, ഹാന്‍ഡ്ബോള്‍, റോളര്‍ സ്കേറ്റിംഗ് പരീശീലനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റേഡിയമാണിത്. ഓണത്തിന് ഏഴു ദിവസവും നവരാത്രിക്ക് 10 ദിവസവും മാത്രമാണ് അമ്യൂസ്മെന്റ് പാര്‍ക്കിനും മറ്റ് പരിപാടികള്‍ക്കും സ്റ്റേഡിയം വിട്ടു നല്‍കാറുള്ളത്. ഇത് അട്ടിമറിച്ചാണ് പാര്ക്കിന് സമയം നീട്ടി നല്‍കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ദിവസം 35,000 രൂപ നിരക്കില്‍ തുക മുന്‍കൂറായി വാങ്ങി ഒന്നോ രണ്ടോ ദിവസം സമയം ദീര്‍ഘിപ്പിച്ചു നല്കാറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം കരാറുകാരനില്‍ നിന്ന് ഒരു രൂപ പോലും മുന്‍കൂറായി വാങ്ങാതെയാണ് ഒരാഴ്ച നീട്ടി നല്‍കിയത്. രണ്ടു ദിവസം മഴപെയ്തതിനെത്തുടര്‍ന്ന് കരാറുകാരന് നഷ്ടം സംഭവിച്ചു എന്ന കാരണം പറഞ്ഞാണ് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.
തൃശ്ശൂരുള്ള ഒരു സര്‍ക്കാര്‍ കോളജിലെ അധ്യാപകനാണ് ബിനാമി പേരില്‍ മൈതാനം ലേലത്തില്‍ പിടിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവാണ് ഇതിനുപിന്നില്‍ എന്നാണ് മറ്റൊരു ആരോപണം. ഈ നേതാവാണ് ഭക്തരുടെയും ഹിന്ദു സംഘടനകളുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് നവകേരള സദസ്സിന്റെ സ്വാഗതസംഘം ഓഫീസായി പൂജപ്പുര സരസ്വതി മണ്ഡപം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കരാറൊപ്പിടുന്ന സമയത്ത് തന്നെ പത്ത് ദിവസം കഴിഞ്ഞും ഒരാഴ്ച കൂടി നീട്ടി നല്‍കാമെന്ന് ഈ നേതാവ് കരാറുകാരന് ഉറപ്പ് നല്‍കിയിരുന്നതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: