ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇവ രണ്ടും ഒന്നാണെന്നും അതേക്കുറിച്ചാണ് മുഖ്യമന്ത്രിയോടു ചോദിച്ചതെന്നും മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കു നല്കിയ കത്തിന് 27 ദിവസമായി പ്രതികരണമുണ്ടായിരുന്നില്ല. അതിനാലാണ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇപ്പോഴെങ്കിലും പ്രതികരിച്ചതില്‍ സന്തോഷം. എന്നാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം വ്യക്തമല്ല, ഗവര്‍ണര്‍ പറഞ്ഞു.
മൂന്നു വര്‍ഷമായി രാജ്യത്തിനെതിരായി കുറ്റകൃത്യങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അതിലാണ് നടപടിയാവശ്യപ്പെട്ടത്. എല്ലാം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കുമനുസൃതമായി നടക്കണം. അല്ലാത്തവ അനുവദിക്കില്ല. അതുകൊണ്ടാണ് ആളുകള്‍ക്കു എന്നോട് അസ്വസ്ഥത തോന്നുന്നത്. എനിക്കുനേരേ ആക്രമണം പോലുമുണ്ടായത്, ഗവര്‍ണര്‍ തുടര്‍ന്നു.
എന്റെ കാര്‍ ആക്രമിക്കപ്പെട്ടു. എങ്ങനെയാണ് ആക്രമണമുണ്ടായതെന്നല്ല മുഖ്യമന്ത്രി അന്വേഷിച്ചത്. ഞാന്‍ എന്തിനാണ് കാറില്‍ നിന്നു പുറത്തിറങ്ങിയതെന്നാണ് ചോദിച്ചത്. ഞാന്‍ കാറിനുള്ളില്‍ തന്നെ ഇരിക്കണമെന്നും ഗുണ്ടകളാല്‍ ആക്രമിക്കപ്പെടണമെന്നുമായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. ആക്രമണത്തില്‍ കാറിനു നാശമുണ്ടായി. എന്നോട് അതൃപ്തിയുണ്ടായതിനാലാണ് അന്ന് ആക്രമിക്കപ്പെട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന് ദല്‍ഹിയില്‍ വച്ച് ദ് ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തെക്കുറിച്ച് ഗവര്‍ണര്‍ വീണ്ടും നിലപാടു വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തില്‍ പിആര്‍ ഏജന്‍സി ഇടപെട്ടിട്ടുണ്ടെന്ന് ദ് ഹിന്ദു പത്രമാണ് പറഞ്ഞത്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഹിന്ദുവിനെതിരേ നടപടിയെടുക്കുന്നില്ല.
ഹിന്ദുവിനു നല്കിയ അഭിമുഖത്തില്‍ മാത്രമല്ല, പിന്നീടും മുഖ്യമന്ത്രി ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ഒരു സ്ഥലത്തെയോ വ്യക്തിയെയോ അദ്ദേഹം പരാമര്‍ശിച്ചില്ല. ഇതിലൂടെ മുഖ്യമന്ത്രി കേരളത്തെ മുഴുവനാണ് കുറ്റപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. പക്ഷേ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതാരെന്നു പറയണം. എവിടെയാണ് നടക്കുന്നതെന്നു പറയണം, ഗവര്‍ണര്‍ പ്രതികരിച്ചു.
വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ഗവര്‍ണര്‍ മറുപടി പറഞ്ഞു. മുഖ്യമന്ത്രിക്കു സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം പറയുന്നതിലുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്, ഗവര്‍ണര്‍ തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: