ന്യൂദല്‍ഹി: കര്‍ഷക സമരങ്ങളിലൂടെ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യങ്ങളൊരുക്കുകയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നല്കിയ ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് ഗുര്‍നാം സിങ് ചാരുണിയുടെ വെളിപ്പെടുത്തല്‍.
എന്നിട്ടും കോണ്‍ഗ്രസിന് അത് ഉപയോഗിച്ച് ജയിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ചാരുണി കര്‍ഷകസമരത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഹരിയാനയില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്തും പുറത്തും തര്‍ക്കം തുടരുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് നടത്തിയ കര്‍ഷക സമരങ്ങള്‍ കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷം ഒരുക്കി കൊടുക്കാനായിരുന്നു. എന്നാലത് പാര്‍ട്ടിക്ക് മുതലെടുക്കാനായില്ലെന്ന് സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ ചാരുണി പറയുന്നു.
കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം മുന്‍മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡയാണ്. ഹൂഡ ഒരു വിഡ്ഢിയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് കര്‍ഷകരാണ്. ഹൂഡ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതാണ് പരാജയത്തിന് കാരണമായത്.
ഹൂഡയെ പ്രതിപക്ഷ നേതാവാക്കരുതെന്നാണ് അഭിപ്രായമെന്നും ഗുര്‍നാം സിങ് ചാരുണി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പെഹോവ സീറ്റില്‍ നിന്ന് മത്സരിച്ച ചാരുണിക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല. 1,170 വോട്ടുകള്‍ മാത്രം ലഭിച്ച അദ്ദേഹം അഞ്ചാം സ്ഥാനത്താണ് എത്തിയത്.
കര്‍ഷകസമരം കോണ്‍ഗ്രസ് സൃഷ്ടിച്ചതാണെന്നും എന്നാല്‍ അത് മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും ചാരുണിയുടെ അഭിപ്രായങ്ങള്‍ തെളിയിക്കുന്നതായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം കോണ്‍ഗ്രസ് സ്പോണ്സര് ചെയ്തതാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റവും വലിയ കര്‍ഷക വിരുദ്ധ സര്‍ക്കാരുകളാണ്. കര്‍ണാടകയില്‍, അവരുടെ എംഎല്‍എയായ രാജു കഗെ തന്നെ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ഷക സമരത്തിലൂടെ ഉത്തര്‍പ്രദേശില്‍ എസ്പിക്കും കോണ്‍ഗ്രസിനും അനുകൂല അന്തരീക്ഷം ഒരുക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അത് മുതെലടുക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ എഎപി നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: