മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ കൂടാതെ അദ്ദേഹത്തിന്റെ മകനേയും അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘം. മകന് സീഷന്‍ സിദ്ദിഖി എംഎല്‍എ കൂടിയാണ്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റില്‍ അച്ഛനും മകനും ഉണ്ടായിരുന്നതായും ഇവരുടെ മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികള്‍ ഒരു മാസത്തോളം ആക്രമണത്തിന് തയ്യാറെടുത്ത് പ്രദേശത്ത് തങ്ങി വരികയായിരുന്നു. ശനിയാഴ്ച സിദ്ദിഖും മകനും ഒരു സ്ഥലത്ത് ഒരുമിച്ചെത്തുമെന്ന് അക്രമികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്താനാണ് പദ്ധതിയിട്ടത്. പ്ലാന്‍ ചെയ്തത് പ്രകാരം നടന്നില്ലെങ്കില്‍ ആദ്യം കാണുന്ന ആളെ കൊല്ലണമെന്നും ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അങ്ങിനെയാണ് സിദ്ദിഖിയെ മാത്രം കൊന്നത്.
കുറ്റവാളികളുടെ ലിസ്റ്റില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് കൊലപാതകത്തിന് പിന്നില്‍. സമൂഹമാധ്യമത്തിലൂടെ ഗുണ്ടാ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ശനിയാഴ്ച സീഷണിന്റെ ഓഫീസിന് പുറത്തുവച്ചാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. സിദ്ദിഖിക്ക് ഒപ്പമുണ്ടായിരുന്ന പേഴ്സണല്‍ സെക്യൂരിറ്റിയുടെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ പ്രവീണ്‍ ലോങ്കര്‍, ഹരിയാന സ്വദേശിയായ ഗുര്‍മൈല്‍ ബാല്‍ജിത് സിങ്, ഉത്തര്‍പ്രദേശ് സ്വദേശിയായ ധര്‍മ്മരാജ് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. പ്രവീണിന്റെ സഹോദരന് ശുഭം ലോങ്കറും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്.
കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അക്തര്‍ പട്യാല ജയിലില്‍വച്ച് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെ പരിചയപ്പെടുകയും ഇയാളാണ് കൊലപാതകത്തിനായി ഷൂട്ടര്‍മാരെ എത്തിച്ചു നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അക്തര്‍ ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി വ്യാപക തെരച്ചിലിലാണ്. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ കേസിലെ പ്രതിയായ ധര്‍മരാജ് കശ്യപ് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്ന് കോടതി പരിശോധിക്കാന്‍ നിര്‍ദേശിച്ചതോടെ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു.
ദാവൂദ് ഇബ്രാഹിമുമായും സല്മാന് ഖാനുമായും ബാബാ സിദ്ദിഖിക്ക് അടുത്ത ബന്ധമുണ്ട് എന്ന കാരണത്താലാണ് അദ്ദേഹത്തെ കൊന്നതെന്നാണ് ബിഷ്ണോയി സംഘം അറിയിച്ചത്. സല്മാന് ഖാനെ സഹായിക്കുന്നവര്‍ സൂക്ഷിക്കണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: